ADVERTISEMENT

ദുബായ്∙ ചിരിയോടൊപ്പം ചിന്തയ്ക്കും വഴിയൊരുക്കിയാണ് ദുബായിലെ തളത്തിൽ ദിനേശനും സുലോചനയും നമ്മുടെ മുന്നിലെത്തുന്നത്. ചിന്താവിഷ്ടനായ ദിനേശനും കുശുമ്പുകാരിയായ സുലോചനയും. യു ട്യൂബ്, ഫെയ്സ് ബുക്ക് എന്നിവയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ 'മലബാറി കഫെ'യിലൂടെ ചിരിയും ചിന്തയും പകരുന്നു, ദുബായിൽ പ്രവാസി ദമ്പതികളായ കണ്ണൂർ അഴീക്കോട് സ്വദേശി വിജിൽ ശിവനും ഭാര്യ അംബികയും.

vigil-ambika-4

സമകാലിക വിഷയങ്ങൾ നർമത്തിന്റെ മേമ്പൊടി ചാർത്തി അവതരിപ്പിക്കുന്ന ഇരുവരും നുറുങ്ങു ചിത്രങ്ങളിഷ്ടപ്പെടുന്ന പ്രേക്ഷകരുടെ ഹൃദയങ്ങളിൽ സ്ഥാനം നേടിക്കഴിഞ്ഞു.ഇല്ലാത്തപ്പോൾ മഴയെ സ്നേഹിക്കുകയും വന്നുകഴിഞ്ഞാൽ ശല്യമായി കരുതുകയും ചെയ്യുന്ന മലയാളി മനസിനെ കുടയുന്ന മഴ | ഓന്ത്‌ റിട്ടേൺ,  സ്ഥലകാല ബോധമില്ലാതെ പെരുമാറുന്ന ആളുകളെ കളിയാക്കുന്ന വകതിരിവ്, ഫെമിനിസ പൊങ്ങച്ചത്തിൻ്റെ മണ്ടയ്ക്ക് മുട്ടനടി നൽകുന്ന ‘ഒരു മുട്ടൻ ഫെമിനിസ്റ്റ്, വാലന്റൈൻസ് ദിവസം മറന്നു പോകുന്ന ഭർത്താക്കന്മാരെ രസകരമായി അതോർമപ്പെടുത്തുന്ന ‘ഒരു സെറ്റപ് വാലന്റൈൻസ് ഡേ‘ തുടങ്ങിയ ചിത്രങ്ങൾ ഏറെ ശ്രദ്ധേയമാണ്. 

vigil-ambika-2

തീർത്തും മലബാർ ഭാഗത്തെ, പ്രത്യേകിച്ച് കണ്ണൂർ ശൈലിയിലുള്ള സംസാരമാണ് മലബാറി കഫെയെ ഇത്രമാത്രം ജനപ്രിയമാക്കിയതെന്ന് വിജിലും അംബികയും ഒരുമിച്ച് പറയുന്നു. ഈ വിജയത്തിന് പിന്നിൽ മലബാർ ഭാഷയ്ക്കു പങ്കുണ്ടെന്നു പറഞ്ഞാൽ ‘ഇങ്ങള് ‘ സമ്മതിച്ചേ തീരൂ എന്നാണ് ദിനേശൻ–സുലു ദമ്പതികളുടെ ഭാഷയിൽ ഇരുവരുടെയും വാക്കുകൾ.

vigil-ambika-3

തലശ്ശേരിക്കാരനായ ശ്രീനിവാസന്റെ വടക്കു നോക്കിയന്ത്രത്തിലെ തളത്തിൽ ദിനേശനിൽ നിന്ന് ദിനേശനെയും മിഥുനത്തിലെ കുശുമ്പുകാരി സുലോചനയിൽ നിന്ന് സുലുവിനെയും ഞങ്ങൾ കോച്ചിയാണ് മലബാറി കഫെയിലേയ്ക്ക് കൊണ്ടുവന്നത്. ദിനേശനോട് പ്രേക്ഷകർക്ക് ഇഷ്ടം കൂടാൻ ഇതു കാരണമാകുമെന്ന ചിന്ത ഫലിച്ചു.‌ ഉൗർവശിയുടെ സുലോചനയെ സ്വീകരിക്കാത്ത ഒരു വീടും കേരളത്തിലുണ്ടാവില്ല. 

vigil-friends

സമകാലിക സംഭവ വികാസങ്ങൾ എന്നും ശ്രദ്ധിച്ചുവരാറുണ്ടായിരുന്ന ഞങ്ങൾക്ക് എന്തു കൊണ്ട് നമ്മുടെ മനസ്സിൽ അപ്പോൾ തോന്നുന്ന കാര്യങ്ങള്‍ രസകരമായി അവതരിപ്പിച്ചുകൂടാ എന്ന ചിന്തയിൽ നിന്നാണ് മലബാറി കഫെയുടെ ജനനം. വിജിലിൻ്റെ എല്ലാ കാര്യങ്ങള്‍ക്കും അംബിക നൽകുന്ന പിന്തുണയാണ് കാര്യങ്ങൾ പെട്ടെന്ന് യാഥാർഥ്യമാകാൻ കാരണം. സുലു എന്ന കഥാപാത്രത്തെ നീ തന്നെ അവതരിപ്പിക്കണമെന്ന് വിജിൽ അംബികയോട് പറഞ്ഞപ്പോൾ ആദ്യം ഒന്നു അമ്പരന്നെങ്കിലും ഒരു കൈ നോക്കാൻ തന്നെ തീരുമാനിക്കുകയായിരുന്നു. 2017 നവംബറിലായിരുന്നു ആദ്യ ചിത്രം അപ് ലോഡ് ചെയ്തത്. 10 മാസത്തിനകം ഇരുപതോളം കുഞ്ഞു ചിത്രങ്ങൾ പ്രേക്ഷകർ  യു ട്യൂബിൽ കണ്ടുകഴിഞ്ഞു. നിലവിൽ മലബാറി കഫെയ്ക്ക് 57,000 വരിക്കാറുണ്ട്. 

vigil-ambika-5

മിക്ക എപിസോഡുകൾക്ക് ഒരു ലക്ഷത്തോളം കാഴ്ചക്കാരും. വിഡിയോ കണ്ടു തങ്ങളെ ഇഷ്ടപ്പെട്ടു സന്ദേശം അയക്കുകയും പിന്തുണക്കുകയും ചെയ്യുന്നവരോടുള്ള സ്നേഹവും കടപ്പാടും ഇരുവരും തുറന്നു പ്രകടിപ്പിക്കുന്നു. വിദ്യാർഥിയായിരുന്നപ്പോൾ കലാരംഗത്ത് സജീവമായിരുന്ന വിജിലിന്റെയുള്ളിൽ സിനിമാ അഭിനയ മോഹവുമുണ്ടായിരുന്നു. പിന്നീട് ജോലി തേടി യുഎഇയിലെത്തി. കലാപ്രേമികളായ സമാന ചിന്താഗതിക്കാരുമായി എന്നും ഒത്തുകൂടുമായിരുന്നു. അങ്ങനെയൊരു ഹ്രസ്വചിത്രമെടുത്തെങ്കിലും പച്ച കണ്ടില്ല. ഇപ്പോൾ, മറ്റു കഥാപാത്രങ്ങളെ കൂടി ഉൾപ്പെടുത്തി ചിരിയും ചിന്തയും പകരുന്ന ട്രൂപ്പ്, അൽ പ്രവാസി എന്നീ കഥാ പരമ്പരകളും തുടങ്ങി. ദുബായ് കാര്‍ഗോ വില്ലേജിലാണ് ജോലി. എൻജിനീയറിങ് ബിരുദധാരിയാണ് അംബിക. ഇരുവരുടെയും തകർപ്പൻ പ്രകടനം സിനിമയിലേയ്ക്ക് ക്ഷണം ലഭിക്കുന്നതിലേയ്ക്ക് വരെ എത്തിയിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com