ADVERTISEMENT

അബുദാബി ∙ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി 4 വർഷത്തിനിടെ മൂന്നാം തവണ യുഎഇയിലെത്തുമ്പോൾ ബഹിരാകാശ മേഖലയിലടക്കം ഉഭയകക്ഷി ബന്ധം കൂടുതൽ ഉയരങ്ങളിലേക്ക്. ഊർജം, വ്യാപാരം, വിനോദസഞ്ചാരം തുടങ്ങി നിരവധി മേഖലകളിലെ ബന്ധം ശക്തിപ്പെടുത്താനും സഹകരണത്തിന്റെ പുതിയ ആകാശത്തേക്ക് യോജിച്ച് മുന്നേറാനും ഇതു വഴിയൊരുക്കുന്നു. യുഎഇയുടെ ഏറ്റവും വലിയ മൂന്നാമത്തെ വ്യാപാര പങ്കാളിയാണ് ഇന്ത്യ. ഇന്ത്യയിലേക്ക് കൂടുതൽ ക്രൂഡ് ഓയിൽ കയറ്റി അയയ്ക്കുന്ന നാലാമത്തെ രാജ്യം കൂടിയാണ് യുഎഇ.

അതുകൊണ്ടുതന്നെ മോദിയുടെ വരവോടെ  കൂടുതൽ സാധ്യതകൾക്ക് വഴിതെളിക്കുമെന്നാണു പ്രതീക്ഷ. പ്രതിരോധ, നാവിക രംഗത്തെ പുതിയ സഹകരണത്തിനു പ്രധാനമന്ത്രിയുടെ സന്ദർശനം തുടക്കമിടുമെന്ന് യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി നവ്ദീപ് സിങ് സൂരി പറഞ്ഞു. 34 വർഷത്തിനുശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി യുഎഇയിലെത്തിയത് 2015ലാണ്. ഇത്രയധികം ഇന്ത്യക്കാർ ജോലി ചെയ്യുന്ന ഒരു രാജ്യത്തേക്ക് 34 വർഷത്തിന് ശേഷമെത്തിയ പ്രധാനമന്ത്രിക്കു വൻ സ്വീകാര്യതയാണ് മേഖല നേടിക്കൊടുത്തത്. പിന്നീട് 2018ലും മോദി എത്തി. മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായിരുന്നു ഇതിന് മുൻപ് എത്തിയത്. 1960കളിൽ ഗൾഫിലേക്കുള്ള കുടിയേറ്റത്തിനു തുടക്കം കുറിച്ചിരുന്നെങ്കിലും ഇന്ത്യയും യുഎഇയും തമ്മിൽ നയതന്ത്ര ബന്ധം സ്ഥാപിക്കുന്നത് 1972ലാണ്. എന്നാൽ നൂറ്റാണ്ടുകൾക്കുമുൻപു തന്നെ അറബികൾ ഇന്ത്യയുമായി വ്യാപാര ബന്ധം സ്ഥാപിച്ചിരുന്നു.

മോദിയുടെ സന്ദർശനത്തെ തുടർന്ന് ഉഭയകക്ഷിബന്ധം കൂടുതൽ ശക്തമായി. ഊർജ രംഗത്ത് 10,000 കോടി ഡോളറിന്റെ വ്യാപാര ഇടപാടാണ് 2020ൽ ഇരുരാജ്യങ്ങളും പ്രതീക്ഷിക്കുന്നത്. യുഎഇയുടെ ദേശീയ എണ്ണക്കമ്പനിയായ അഡ്നോക് മഹാരാഷ്ട്രയിലെ രത്നഗിരിയിൽ 4400 കോടി ഡോളറിന്റെ എണ്ണ സംഭരണ പദ്ധതി ആരംഭിച്ചു. ഡിപി വേൾഡും ഈയിടെ ഇന്ത്യ-യുഎഇ ബ്രിജ് പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയും യുഎഇയും തമ്മിൽ പ്രതിവർഷം 6,000 കോടി ഡോളറിന്റെ വ്യാപാര ഇടപാടുകൾ നടക്കുന്നതായാണ് റിപ്പോർട്ട്. സഹകരണം ശക്തമാകുന്നതോടെ ഇതു 10,000 കോടി മറികടക്കുമെന്നു പ്രതീക്ഷിക്കുന്നു. തുറമുഖ വികസനം, പ്രത്യേക സാമ്പത്തിക മേഖല, കണ്ടെയ്നർ ടെർമിനലുകൾ, സംഭരണ കേന്ദ്രങ്ങൾ തുടങ്ങിയവയ്ക്കായി 300 കോടി ഡോളറിന്റെ സംയുക്ത നിക്ഷേപ നിധിക്കു കഴിഞ്ഞവർഷം രൂപം നൽകിയിരുന്നു.

യുഎഇയുടെ വികസനത്തിൽ ഇവിടത്തെ ഏറ്റവും വലിയ വിദേശി സമൂഹമായ ഇന്ത്യക്കാർക്ക് മികച്ച സംഭാവന അർപ്പിക്കാൻ സാധിച്ചതുപോലെതന്നെ കോടിക്കണക്കിന് വിദേശനാണ്യം ഇന്ത്യയിലേക്ക് എത്താനും സഹായകമായി. അതുകൊണ്ടുതന്നെ മോദിയുടെ സന്ദർശനം ഇന്ത്യക്കാരോടൊപ്പം ഇവിടെയുള്ള  33 ലക്ഷം വരുന്ന പ്രവാസി ഇന്ത്യക്കാരും ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ഇരുരാജ്യങ്ങളുടെയും നേതൃത്വങ്ങളുടെ മറ്റൊരു സമാഗമം പുതിയ ചരിത്രത്തിന് നിദാനമാകട്ടെയെന്നാണ് പ്രവാസി ഇന്ത്യക്കാരും ആശിക്കുന്നത്. ഇന്ത്യയും യുഎഇയും തമ്മിലുള്ള സുവർണ കാലഘട്ടം എന്നാണ് ഇതിനെ വ്യവസായ പ്രമുഖൻ എംഎ യൂസഫലി വിശേഷിപ്പിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com