ADVERTISEMENT
ദുബായ്∙ ഇന്ന് അബുദാബിയിൽ റുപേ കാർഡിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളിൽ പുതിയ അധ്യായവും തുറക്കപ്പെടും. യുഎഇയും ഇന്ത്യയും തമ്മിൽ നേരിട്ടുള്ള ഡിജിറ്റൽ പണമിടപാട് സംവിധാനമാണ് പ്രാബല്യത്തിലാകുക. റുപേ കാർഡ് ഏർപ്പെടുത്തുന്ന ആദ്യ അറബ് രാഷ്ട്രമാണ് യുഎഇ. കാർഡിന്റെ ഇന്ത്യയിലെ ഇടപാടുകൾ നടക്കുന്നത് നാഷനൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ വഴിയും യുഎഇയിലേത് മെർക്കുറി പേയ്മെന്റ് സർവീസ് വഴിയുമാണ്.

പണം നാട്ടിൽ കിടന്നാലും ഇവിടെ ആയായാലും ഒരു പോലെ

കാർഡ് നിലവിൽ വരുന്നതോടെ പണം  ഇന്ത്യയിലും യുഎഇയിലും കിടക്കുന്നത് ഒരു പോലെയാകുമെന്ന് ഐബിഎംസി സിഇഒയും എംഡിയുമായ സജിത് കുമാർ ചൂണ്ടിക്കാട്ടി.മികച്ച വിനിമയ മൂല്യം ലഭ്യമാകുമ്പോൾ പണം നാട്ടിലേക്ക് അയച്ചിട്ട് ഇവിടെ കാർഡ് ഉപയോഗിക്കാം. മുൻപ് നാട്ടിലേക്ക് പണം അയച്ചു കഴിഞ്ഞ് ഇവിടെ പലരും ഏറെ ബുദ്ധിമുട്ടിലാകുമായിരുന്നു. സപ്ലിമെന്ററി കാർഡിലൂടെ നാട്ടിലെ ബന്ധുക്കൾക്കും ഇവിടെയും ഒരുപോലെ ഉപയോഗിക്കാവുന്ന രീതിയിലേക്ക് കാർഡ് മാറുമെന്ന പ്രതീക്ഷയിലാണ് പ്രവാസികളെന്നും അദ്ദേഹം പറഞ്ഞു.

പണം കൈമാറ്റം ഇന്ത്യയിലേക്ക്; സമ്പദ്ഘടനയ്ക്ക് ഗുണകരം

ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ സേവനദാതാവിന് പണം ലഭിക്കുന്നതു പോലെ റുപേ കാർഡ് ഉപയോഗിക്കുമ്പോൾ സർക്കാരിന് പണം ലഭിക്കുമെന്നതിനാൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്കും ഗുണകരമാണ് ഈ കാർഡ് എന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ ദുബായ് ചാപ്റ്റർ ചെയർമാൻ മഹമ്മുദ് ബങ്കര ചൂണ്ടിക്കാട്ടി. ഏറെ സാധ്യതകളുള്ള മികച്ച കാൽവയ്പാണിത്. കേന്ദ്ര സർക്കാർ തന്നെ പ്രചരിപ്പിക്കുന്നതിനാൽ ചാർജുകൾ കുറച്ചാവും ഈടാക്കുക. മറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോഴുള്ള ചാർജുകൾ പലപേരുകളിലാണെങ്കിലും ആത്യന്തികമായി ഉപയോക്താവിന്റെ കീശയിൽ നിന്നു തന്നെയാണ് പോകുക. ഇവിടെ സർക്കാർ തന്നെ അതു ചെയ്യുന്നതു കൊണ്ട് അധിക ചാർജ് ഈടാക്കില്ല. രാജ്യാന്തര തലത്തിൽ ഉപയോഗിക്കുമ്പോൾ തുടക്കത്തിൽ ചില സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടാകാമെങ്കിലും ക്രമേണ മികച്ച ഉപയോഗത്തിലേക്കും നേട്ടത്തിലും റുപേ കാർഡ് മാറുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

നേട്ടങ്ങൾ

∙ രൂപയ്ക്ക് ഏറ്റവും മികച്ച വിനിമയ മൂല്യം ലഭിക്കും.

∙ ദിർഹവും മറ്റും രൂപയിലേക്ക് മാറ്റിയെടുക്കുമ്പോൾ നൽകേണ്ട പ്രോസസിങ് ഫീസ് കുറവാണ്.

∙ വീസാ, മാസ്റ്റർ കാർഡുകൾ പോലെ റുപേ ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാമെന്നതിനാൽ  ഡ്യൂട്ടി ഫ്രീ ഷോപ്പിലും മറ്റു കടകളിലുമെല്ലാം നൽകാം.

∙ ഇന്ത്യയിൽ നിന്നെത്തുന്ന വിനോദ സഞ്ചാരികൾക്ക് സഹായകരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com