ADVERTISEMENT

അബുദാബി ∙ യുഎഇയുടെ പരമോന്നത ബഹുമതിയായ ഓർഡർ ഓഫ് സായിദ് പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സമ്മാനിച്ചു. പുരസ്കാരം 130 കോടി ഇന്ത്യക്കാർക്കു സമർപ്പിക്കുന്നതായി തുടർന്നു പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ വീക്ഷണങ്ങളും കാഴ്ചപ്പാടുകളും സമകാലിക പ്രസക്തിയുള്ളതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.ഈ ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. എമിറേറ്റ്സ് പാലസിൽ നടന്ന റുപേ കാർഡ് ഉദ്ഘാടനത്തിനുശേഷം പ്രസിഡൻഷ്യൽ കൊട്ടാരത്തിലെത്തിയ മോദിയെ രണ്ടാം വീട്ടിലേക്കു സ്വാഗതം എന്ന് പറഞ്ഞ് ആലിംഗനം ചെയ്താണ് ഷെയ്ഖ് മുഹമ്മദ് സ്വീകരിച്ചത്.

ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, നാഷനൽ സെക്യൂരിറ്റി ഡപ്യൂട്ടി അഡ്വൈസർ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, രാജ്യാന്തര സഹകരണ സഹ മന്ത്രി റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമി, പ്രതിരോധ സഹ മന്ത്രി മുഹമ്മദ് ബിൻ അഹ്മദ് അൽ ബൊവാഡി, അബുദാബി എക്സിക്യൂട്ടീവ് അഫയേഴ്സ് അതോറിറ്റി ചെയർമാൻ ഖൽദൂൻ ഖലീഫ അൽ മുബാറക്, സുപ്രീം നാഷനൽ സെക്യൂരിറ്റി കൗൺസിൽ ഡപ്യൂട്ടി സെക്രട്ടറി ജനറൽ അലി ബിൻ ഹമ്മാദ് അൽ ഷാമിസ്, അബുദാബി ക്രൗൺ പ്രിൻസ് കോർട്ട് അണ്ടർ സെക്രട്ടറി മുഹമ്മദ് മുബാറക് അൽ മസ്റൂഇ, ഇന്ത്യയിലെ യുഎഇ സ്ഥാനപതി ഡോ. അഹ്മദ് അബ്ദുൽറഹ്മാൻ അൽ ബന്ന, ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ, വിദേശകാര്യ സെക്രട്ടറി വിജയ് കേശവ് ഗോഖലെ, യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി നവ്ദീപ് സിങ് സൂരി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

ഷെയ്ഖ് സായിദ് രാഷ്ട്രശിൽപി

യുഎഇയുടെ ശിൽപിയും മാർഗദർശിയും വികസനക്കുതിപ്പിന്റെ നായകനുമാണു രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ. ചിതറിക്കിടന്ന 7 എമിറേറ്റുകളെ ഒരുമിച്ചു ചേർത്ത് 1971 ഡിസംബർ രണ്ടിന് യുണൈറ്റഡ് അറബ് എമിറേറ്റ് (യുഎഇ) രൂപീകരിച്ച രാജ്യശിൽപി; രാജ്യത്തിന്റെ ആദ്യ പ്രസിഡന്റ് (1971– 2004). മരുഭൂമിയെ സമൃദ്ധി‌യുടെ തട്ടകമാക്കിയത് ഷെയ്ഖ് സായിദിന്റെ ദീർഘദർശനത്തോടെയുള്ള പ്രവർത്തനങ്ങളാണ്. യുഎഇയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഷെയ്ഖ് സായിദ് മെഡൽ കഴിഞ്ഞ വർഷം ചൈനയുടെ പ്രസിഡന്റ് ഷി ജിൻപിങ് ഉൾപ്പെടെ 3 പേർക്കായിരുന്നു. വ്ലാഡിമിർ പുടിൻ, എലിസബത്ത് രാജ്‍ഞി തുടങ്ങിയ രാഷ്ട്രനേതാക്കൾക്കും നേരത്തെ പുരസ്കാരം സമർപ്പിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com