ADVERTISEMENT

ദുബായ് ∙ കൊടുംചൂടിൽ കുളിർമയുള്ള ആശ്വാസമായി തണ്ണിമത്തൻ. ജ്യൂസിലും ഐസ്ക്രീമിലും പുഡ്ഡിങ്ങിലുമെല്ലാം തണ്ണിമത്തൻ തരംഗമാണിപ്പോൾ. രുചിയിൽ ഇന്ത്യനേക്കാൾ ലേശം മുന്നിലാണ് ഇറാനിൽ നിന്നുള്ള തണ്ണിമത്തൻ. കിലോയ്ക്ക് 2 ദിർഹമാണ് ഇന്നലത്തെ ഏകദേശ വില. 8 മുതൽ 10 കിലോവരെയുള്ള ഒരെണ്ണത്തിനു 15 ദിർഹം. ലോഡുകണക്കിനു തണ്ണിമത്തനാണ് ദിവസവും എത്തുന്നതെന്നു വാട്ടർ ഫ്രണ്ട് മാർക്കറ്റിലെ വ്യാപാരികൾ പറയുന്നു. എല്ലാ നാട്ടുകാർക്കും പ്രിയപ്പെട്ടതായതിനാൽ ബാക്കിയാകുന്ന പ്രശ്നമില്ല.

കഫ്റ്റീരിയകളിലും  മത്തൻ മയം. കുറഞ്ഞ നിരക്കിൽ വിശപ്പും ദാഹവും മാറ്റുന്നതാണ് തണ്ണിമത്തനെ വ്യത്യസ്തമാക്കുന്നത്. കുരുവില്ലാത്തത്, ചുവപ്പുനിറം കൂടിയത് എന്നിങ്ങനെ വൈവിധ്യങ്ങളേറെയാണെങ്കിലും സാധാണ ഇനത്തിനാണു രുചികൂടുതലെന്നു കച്ചവടക്കാർ പറയുന്നു. വടക്കൻ എമിറേറ്റുകളിലും അൽഐനിലും  തണ്ണിമത്തൻ കൃഷിചെയ്യുന്നുണ്ട്. ഇന്ത്യ, സലാല, ഇറാൻ എന്നിവിടങ്ങളിൽ നിന്നും ധാരാളമായി എത്തുന്നു. മാർച്ച് ആകുന്നതോടെ വഴിേയാര കച്ചവടം സജീവമാകും. പുറം ജോലി ചെയ്യുന്ന തൊഴിലാളികൾക്കു പ്രിയപ്പെട്ടതാണിത്.

വൈദ്യൻ മത്തൻ

രക്തസമ്മർദ്ദത്തിനും ദഹനക്കേടിനും ഉത്തമമായ തണ്ണിമത്തൻ ഏറ്റവും നല്ല ദാഹശമിനിയാണെന്ന് ആയുർവേദ വൈദ്യൻമാർ പറയുന്നു. ഹൃദയം, തലച്ചോർ എന്നിവയുടെ ആരോഗ്യത്തിനും ഗുണം ചെയും. തണ്ണിമത്തനിലെ ഫൈബർ ദഹനപ്രശ്നങ്ങൾ പരിഹരിക്കും. ധാരാളം ആന്റി ഓക്സിഡന്റുകൾ ഉണ്ടെന്നതാണു മറ്റൊരു പ്രത്യേകത.

അവിലും കൂട്ടി അടിക്കാം

തണ്ണിമത്തൻ ജ്യൂസിന്റെ ഉസ്താദുമാരാണ് ഫിലിപ്പീൻസ്, പാക്കിസ്ഥാൻ, തുർക്കി സ്വദേശികൾ. സാദാ തണ്ണിമത്തൻ ജ്യൂസിനു മുകളിൽ ശർക്കരയിൽ വരട്ടിയ ലേശം അവിൽ വിതറിയാൽ ഞെട്ടിക്കുമെന്നാണ് ദുബായ് വാട്ടർ ഫ്രണ്ട് മാർക്കറ്റിലെ വ്യാപാരിയായ സൽമാന്റെ അഭിപ്രായം. നുറുക്കിയ ഞാലിപ്പൂവൻ പഴം, ഏത്തപ്പഴം എന്നിവയും പരീക്ഷിക്കാം. കഷണങ്ങളാക്കിയ തണ്ണിമത്തൻ, ചെറിയ കഷണം ഇഞ്ചി, ഒരു ടേബിൾ സ്പൂൺ തേൻ, 5 പുതിനയില എന്നിവ മിക്സിയിൽ അടിച്ചു തണുപ്പിച്ചു കഴിച്ചാൽ ഏതു ചൂടും പമ്പകടക്കുമെന്നു കച്ചവടക്കാർ പറയുന്നു. മഞ്ഞ മെലനും പാലും ഒരുനുള്ളു കുങ്കുമപ്പൂവും ചേർത്ത് ഉപയോഗിക്കുന്നത് സൗന്ദര്യസംരക്ഷണത്തിന് നല്ലതാണത്രെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com