എല്ലാം പ്രളയം തകർത്തു; പെണ്‍കുട്ടിയുടെ മംഗല്യസ്വപ്‌നം പൂവണിയിക്കാന്‍ കമ്പനി ജീവനക്കാർ ഒന്നിക്കുന്നു

Aries
SHARE

ദുബായ്/എറണാകുളം ∙ സമാനതകളില്ലാത്ത രണ്ടു മഹാപ്രളയങ്ങള്‍ക്കാണ് കേരളം ചുരുങ്ങിയ കാലത്തിനിടെ സാക്ഷ്യം വഹിച്ചത്. ഒരായുഷ്‌കാലം കൊണ്ട് സമ്പാദിച്ചതൊക്കെയും ക്ഷണമാത്രകൊണ്ട് നഷ്ടപ്പെട്ടവര്‍, ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവര്‍, അങ്ങിനെ നീളുന്നു പ്രളയം ബാക്കിവെച്ചവരുടെ നീണ്ട നിര. ഒരു മഹാപ്രളയം തല്ലിക്കെടുത്തിയ സ്വപ്‌നങ്ങളെ തിരിച്ചുപിടിക്കാനുള്ള ഇവരുടെ പരിശ്രമങ്ങള്‍ക്കുമേല്‍ ഇടിത്തീയെന്നവണ്ണം വീണ്ടും പേമാരി പെയ്തിറങ്ങിയപ്പോള്‍ അതിന്റെ ആഘാതം ഇരട്ടിയായി. അത്തരത്തില്‍ പ്രളയം തകര്‍ത്ത തങ്ങളുടെ സഹപ്രവര്‍ത്തകന്റെ സ്വപ്‌നങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്നതിനായി ഒരു കമ്പനിയിലെ ജീവനക്കാരൊന്നാകെ ഒരുമിക്കുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ ചര്‍ച്ചയാകുന്നത്. ഏതു പ്രതിസന്ധിവന്നാലും മലയാളി ഒറ്റക്കെട്ടാണെന്ന സന്ദേശവും പകര്‍ന്നു നല്‍കുകയാണ് ജീവനക്കാരുടെ ഈ കൂട്ടായ്മ.

ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസിലെ ജീവനക്കാരന്റെ സഹോദരിയുടെ മാഗല്യസ്വപ്‌നങ്ങള്‍ പൂവണിയിക്കാനാണ് ഈ ഉദ്യമം. രണ്ടു പ്രളയത്തെയും അതിജീവിക്കാനായെങ്കിലും, വിവാഹ ചിലവുകള്‍ക്കായി സ്വരുക്കൂട്ടിയതെല്ലാം പ്രളയം കൊണ്ടുപോയതോടെയാണ് ജീവനക്കാരന്റെ കുടുംബം പ്രതിസന്ധിയിലായത്. ജീവനക്കാരന്റെ ജീവിതസാഹചര്യം മനസിലാക്കിയ കമ്പനിയുടെ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇക്കാര്യങ്ങള്‍ തന്റെ സിഇഒയെ അറിയിക്കുകയായിരുന്നു.

ഇതോടെ കമ്പനി മേധാവിയും, സംവിധായകനുമായ സോഹന്‍ റോയി വിവാഹചിലവുകള്‍ വഹിക്കാന്‍ സന്നദ്ധതയറിയിച്ച് രംഗത്തെത്തുകയായിരുന്നു. സഹപ്രവര്‍ത്തകന്റെ ബുദ്ധിമുട്ടു മനസ്സിലാക്കിയ മറ്റു ജീവനക്കാരും ഇതിനു പിന്തുണയുമായെത്തി. ജീവനക്കാരിലൊരാള്‍ സമൂഹമാധ്യമത്തിൽ ഇക്കാര്യം പങ്കുവെച്ചതോടെ നവമാധ്യമങ്ങളിലും പോസ്റ്റ് വൈറലായി. നിരവധിയാളുകളാണ് ഈ ഉദ്യമത്തെ പ്രശംസിച്ചും, പിന്തുണയറിയിച്ചും രംഗത്തെത്തിയത്. ഒത്തൊരുമയും പരസ്പരം കരുതലുമെന്ന പുതിയ സംസ്‌കാരം മലയാളിയെ പഠിപ്പിച്ച പ്രളയത്തിന്റെ നല്ല പാഠങ്ങളിലൊന്നായി മാറുകയാണ് ഈ ഉദ്യമം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FROM ONMANORAMA