ADVERTISEMENT
അബുദാബി ∙ പ്രവാസി മലയാളികളുടെ ഓണസദ്യ സമൃദ്ധമാക്കാൻ നാട്ടിൽനിന്നു പാചക വിദഗ്ധരെയെത്തിച്ച് ഹോട്ടലുകൾ. ഉഴവൂർ ഉണ്ണിക്കൃഷ്ണ മാരാർ, കോങ്ങോട് വിനോദ് അയ്യർ തുടങ്ങി പാചകപ്പെരുമയിലെ പ്രമുഖരെയാണു നാട്ടിൽനിന്നെത്തിച്ചാണ് പല ഹോട്ടലുകാരും ഓണവിരുന്നൊരുക്കുന്നത്. വിവിധ എമിറേറ്റുകളിൽ 6 ശാഖകളുള്ള ഹോട്ടൽ ശൃംഖലയ്ക്കു മാത്രം 12,500 ഓണ സദ്യ പാർസലായി നൽകാനുള്ള ഓർഡറാണു ലഭിച്ചിരിക്കുന്നത്. 300 മുതൽ 2000 വരെ ഓർഡർ ലഭിച്ച ചെറുകിട ഹോട്ടലുകളുമുണ്ട്. യുഎഇയിൽ ലക്ഷക്കണക്കിനു പാർസൽ ഓണസദ്യ ഇന്നു മാത്രം വിറ്റു പോകുമെന്ന് ഈ രംഗത്തുള്ളവർ പറയുന്നു.

വില 18 മുതൽ 37 ദിർഹം വരെ

25 മുതൽ 30 വിഭവങ്ങൾ വരെ നിരത്തുന്ന സദ്യയ്ക്കു കുറഞ്ഞത് 18 മുതൽ 37 ദിർഹം വരെയാണു വില. വാറ്റ് ഉൾപെടെയുള്ള നിരക്കാണിത്. എന്നാൽ, ചിലർ വാറ്റും വീട്ടിലെത്തിക്കുന്നതിനുള്ള പ്രത്യേക നിരക്കും ഈടാക്കുന്നു.

അവധിയില്ല; ഹോട്ടൽ ആശ്രയം

ഓണം പ്രവൃത്തി ദിവസമായതിനാലാണു റസ്റ്ററന്റ് സദ്യയ്ക്ക് ആവശ്യക്കാർ കൂടിയത്. ജോലിക്കാരായ ദമ്പതികളും ഒറ്റയ്ക്കു താമസിക്കുന്നവരുമെല്ലാം പാർസൽ സദ്യയെയാണ് ആശ്രയിക്കുന്നത്. ജോലി സ്ഥലത്തേക്ക് പാർസൽ എത്തിച്ച് സഹപ്രവർത്തകരോടൊപ്പം ഓണമുണ്ണാനാണ് ചിലരുടെ തീരുമാനം. വിവിധ രാജ്യക്കാരായ സഹപ്രവർത്തകർക്ക് ഓണസദ്യ വാങ്ങിനൽകുന്ന മലയാളി ജീവനക്കാരുമുണ്ട്. ഉച്ചയ്ക്കുശേഷം അവധിയെടുത്ത് വീട്ടിലെത്തി ഓണമുണ്ണാനും ചിലർ പദ്ധതിയിട്ടിരിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com