ADVERTISEMENT
ദുബായ് ∙ മരുഭൂമിയെ മലയാളക്കരയാക്കി ഐശ്വര്യ സമൃദ്ധിയോടെ പൊന്നോണമെത്തി. ഉത്രാടരാത്രി പൊടിപൂരമാക്കി പുലർച്ചെ മാവേലിയെ വരവേറ്റ് മലയാളികൾ ഓണാഘോഷത്തിനു തുടക്കം കുറിച്ചു. ബർദുബായ് ക്ഷേത്രത്തിൽ ദർശനം നടത്തി ആഘോഷത്തിേലക്കു കടക്കുന്നതാണ് പലരുടെയും ശീലം. ഓണം പ്രമാണിച്ച് ക്ഷേത്രത്തിൽ പ്രത്യേക പൂജ ഉണ്ടായിരുന്നു. വിവിധ എമിറേറ്റുകളിൽ നിന്നുള്ളവർ എത്തിയതോടെ വൻതിരക്ക് അനുഭവപ്പെട്ടു.

കൈകൊടുക്കും, മാവേലിയും ക്രിസ്മസ് അപ്പൂപ്പനും

തിരുവോണ ദിവസം പപ്പടവട്ടത്തിലെങ്കിലും പൂക്കളമൊരുക്കാത്തവരില്ല. പുലർച്ചെ വിളക്കുകൊളുത്തി മാവേലിയെ വരവേൽക്കുന്ന ശീലം ചിലരെങ്കിലും തുടരുന്നു. റോഡുകളിലും സൂപ്പർമാർക്കറ്റുകളിലും ഇന്നലെ ഉത്സവത്തിരക്കായിരുന്നു. ബർദുബായിലെയും കരാമയിലെയും പാർക്കുകളിലും വഴിയോരങ്ങളിലും സെറ്റും സാരിയും ധരിച്ച മലയാളി മങ്കമാരും പട്ടുപാവാടയിട്ട പെൺകുട്ടികളും ധാരാണമുണ്ടായിരുന്നു. നിറയെ സാധനങ്ങളുമായാണ് എല്ലാവരും വീടുകളിലേക്കു മടങ്ങിയത്. ക്രിസ്മസ് വരെ നീളുന്നതാണ് ഗൾഫിലെ ഓണം. മാവേലിയും ക്രിസ്മസ് അപ്പൂപ്പനും കൈകൊടുത്തു പിരിയുന്ന കാഴ്ചകളും മലയാളി സംഘടനകളുടെ ആഘോഷങ്ങളിൽ കാണാം കാണാം.

മരുഭൂമിയുടെയും ഉത്സവം, അർബാബിന്റെയും

ഉത്രാടത്തിനും ഓണത്തിനും ഓഫിസുകളിൽ വൈകിയെത്തിയാലും നേരത്തെയിറങ്ങിയാലും 'അർബാബുമാർ' മുഖം വീർപ്പിക്കാറില്ല. ഗൾഫിൽ മറുനാട്ടുകാരുടെയും ഉത്സവമായിക്കഴിഞ്ഞു പൊന്നോണം. മുണ്ടുടുത്തും സാരിയുടുത്തും വരാൻ അനുവദിക്കുന്ന ഓഫിസുകളുമുണ്ട്.

എമിറേറ്റ്  കടന്നെത്തും, പാചകക്കാർ

പ്രവൃത്തിദിവസം ആയതുകൊണ്ട് ആഘോഷത്തിന്റെ പൊലിമ ഒട്ടും കുറയരുതെന്നു നിർബന്ധമുള്ളവരാണു മലയാളികൾ. സദ്യയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ല. ഉത്രാടരാത്രി പൂർണമായും പാചകത്തിനായി മാറ്റിവച്ചവരേറെ. സദ്യയുണ്ടാക്കാൻ കൈപ്പുണ്യമുള്ള സുഹൃത്തുക്കളെ സമീപ എമിറേറ്റുകളിൽ നിന്നു വരുത്തുന്നവരുമുണ്ട്. വടക്കൻ എമിറേറ്റുകളിൽ സുലഭമായ മുരിങ്ങക്കായയുടെ കെട്ടുമായാണ് ഇവരുടെ വരവ്.

നാട്ടുകാരെ ഞെട്ടിച്ച്, വിഡിയോ ചാറ്റിങ്

ഉത്രാടരാത്രിയിലും തിരുവോണദിവസവും വീട്ടിലേക്കുള്ള ഫോൺവിളി എല്ലാവർക്കും നിർബന്ധമാണ്. വീട്ടിലെ മാത്രമല്ല, അയലത്തെയും വിശേഷങ്ങൾ അറിയണം. വിഡിയോ ചാറ്റിങ് ഉള്ളതിനാൽ എല്ലാവരും അരികിലുണ്ടെന്ന തോന്നൽ. ഗൾഫുകാരുടെ ഓണാഘോഷം തത്സമയും കണ്ട് ഇത്ര ആഘോഷം നാട്ടിലില്ലെന്നു പരിഭവിക്കുന്നു നാട്ടുകാർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com