ADVERTISEMENT

മനാമ∙ ഇന്ത്യൻ സ്‌കൂൾ ഈസ ടൗൺ ക്യാംപസിലെ ഫുട്ബോൾ മൈതാനം കൂടുതൽ സൗകര്യങ്ങളോടെ  നവീകരിച്ചു. പുതുക്കിയ ഫുട്ബോൾ മൈതാനം ശനിയാഴ്ച ക്യാംപസിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ സ്കൂളിനായി സമർപ്പിച്ചു. പദ്ധതിയുടെ ആകെ ചെലവ് ഏകദേശം 26,000 ദിനാറാണെന്നു  കണക്കാക്കപ്പെടുന്നു. ബഹ്‌റൈനിലെ സാന്റി എക്‌സ്‌കവേഷൻസ് ആൻഡ് കൺസ്ട്രക്ഷൻ കമ്പനിയാണ് മൈതാന നവീകരണ പ്രവർത്തനത്തിന്റെ  ചുമതല ഏറ്റെടുത്തത്. അവരുടെ സാമൂഹ്യ പ്രതിബദ്ധതാ പ്രവർത്തനങ്ങളുടെ ഭാഗമായാണ് അത്രയും തുക ചെലവിട്ടു ഫുട്ബാൾ മൈതാനം സ്‌കൂളിനായി  നവീകരിച്ചു നൽകിയത്. 

വർഷങ്ങളായി ഫുട്ബോൾ മൈതാനം ഒരു പൊടിപടലമായി കിടക്കുകയായിരുന്നു. അതുകൊണ്ടു തന്നെ  കായിക വിനോദങ്ങളും  മറ്റു പരിപാടികളും ഗ്രൗണ്ടിൽ സുഗമമായി നടത്താൽ  തടസ്സങ്ങൾ നേരിട്ടിരുന്നു. മുൻകാലങ്ങളിൽ ഉപരിതലത്തെ കളിക്കാൻ യോഗ്യമായ മേഖലയാക്കാനുള്ള എല്ലാ പ്രവർത്തനങ്ങളും പരിമിതമായ വിജയം  മാത്രമാണ് നേടിയിരുന്നത് . എന്നാൽ ഇപ്പോൾ  സ്‌കൂൾ രക്ഷിതാക്കളുടെയും കമ്മ്യൂണിറ്റി അംഗങ്ങളുടെയും സഹായത്തോടെയും പിന്തുണയോടെയും  ഫുട്ബോൾ മൈതാനത്തിന്റെ നവീകരണം സാക്ഷാൽക്കരിക്കപ്പെടുകയായിരുന്നു.

ISB-renovated-football-ground

ഇസ ടൗൺ ക്യാംപസിൽ‌ നടന്ന ലളിതമായ നന്ദിപ്രകാശന ചടങ്ങിൽ‌ സാന്റി എക്‌സ്‌കവേഷൻ‌സ് ആൻഡ്  കൺ‌സ്‌ട്രക്ഷൻ കമ്പനി മാനേജിംഗ് ഡയറക്ടർ ആർ രമേശ് സ്പോൺ‌സർ‌ഷിപ്പ് രേഖ സ്കൂളിനു കൈമാറി. ആർ രമേശിൽ നിന്ന് ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ  രേഖ സ്വീകരിച്ചു. തദവസരത്തിൽ ഇന്ത്യൻ സ്‌കൂൾ  സെക്രട്ടറി സജി ആന്റണി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അഡ്വ. ബിനു മണ്ണിൽ വറുഗീസ് , രാജേഷ് എം‌എൻ, അജയകൃഷ്ണൻ.വി, സജി ജോർജ്, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ ദേവസി, കമ്മ്യൂണിറ്റി നേതാക്കളായ  മുഹമ്മദ് ഹുസൈൻ മാലിം, വിപിൻ പി‌എം, ബോബൻ ഇടിക്കുള,  വൈസ് പ്രിൻസിപ്പൽമാർ , ഹെഡ് ടീച്ചർമാർ,  പഠന വകുപ്പ് മേധാവികൾ,  കോഓർഡിനേറ്റർമാർ എന്നിവർ സന്നിഹിതരായിരുന്നു.

നവീകരിച്ച ഫുട്ബോൾ മൈതാനം ഇപ്പോൾ പ്രധാന ഡ്രെയിനേജ് സംവിധാനവുമായി ബന്ധിപ്പിച്ചിരിക്കുന്നു.ഇതു മഴക്കാലത്ത് ഗ്രൗണ്ടിൽ വെള്ളപ്പൊക്കം തടയുന്നു. സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായും ഒരു രക്ഷിതാവെന്ന നിലയിലും സ്‌കൂളിനെ പിന്തുണയ്‌ക്കാനുള്ള താൽപ്പര്യത്തിന്റെ  ഭാഗമായി സ്വമേധയാ മുന്നോട്ട് വന്നു ഫുട്‌ബോൾ മൈതാനം പുതുക്കിപ്പണിയാൻ ആർ രമേശ് തയ്യാറാവുകയായിരുന്നു. ഇക്കഴിഞ്ഞ വേനൽ അവധി ദിവസങ്ങളിൽ ഫുട്ബോൾ കോച്ച് ആർ ചിന്നസ്വാമിയും ഫിസിക്കൽ എജ്യുക്കേഷൻ മേധാവി  സൈകത്ത് സർക്കാറും പ്രവർത്തനങ്ങൾ  ഏകോപിപ്പിച്ചു.

നവീകരിച്ച ഫുട്ബോൾ മൈതാനം സാധ്യമാക്കിയ സാന്റി എക്‌സ്‌കവേഷൻസ് ആൻഡ് കൺസ്ട്രക്ഷൻ കമ്പനി മാനേജിംഗ് ഡയറക്ടർ ആർ രമേശിനു  ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ  നന്ദി അറിയിച്ചു.  സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള പിന്തുണയോടെ  സ്കൂൾ ഓഡിറ്റോറിയത്തിന്റെയും  മറ്റും നവീകരണ ജോലികളുമായി മുന്നോട്ടുപോകുകയാണെന്നു അദ്ദേഹം പറഞ്ഞു. ഫുട്ബോൾ മൈതാന നവീകരണം  സ്കൂൾ കായിക മേഖലയിൽ ഏറെ ഗുണപ്രദമാവുമെന്നു പ്രിൻസ് എസ് നടരാജൻ പറഞ്ഞു.  

 

ചടങ്ങിൽ സ്‌കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി  അംഗം (ഫിനാൻസ്) അഡ്വ. ബിനു മണ്ണിൽ വറുഗീസ് , എക്സിക്യൂട്ടീവ് കമ്മിറ്റി  അംഗം (കായികം) രാജേഷ് എം എൻ , പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, സാമൂഹ്യ പ്രവർത്തകൻ  മുഹമ്മദ് ഹുസൈൻ മാലിം എന്നിവർ  സ്കൂളിനെ പിന്തുണയ്ക്കാൻ മുന്നോട്ട് വന്ന രക്ഷാകർതൃ സമൂഹത്തിനു നന്ദി അറിയിച്ചു. ഇന്ത്യൻ സ്‌കൂൾ  അതിന്റെ അർത്ഥവത്തായ എഴുപതു വർഷങ്ങൾ വിപുലമായ പരിപാടികളോടെ ആഘോഷിക്കാൻ തയ്യാറെടുക്കുകയാണ്. ഈ വേളയിൽ പ്രധാന അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും അക്കാദമിക്, സാംസ്കാരിക പദ്ധതികൾ എന്നിവയുടെ സാക്ഷാത്കാരത്തിനും പദ്ധതിയിട്ടിട്ടുണ്ട്. ഇന്ത്യൻ സ്‌കൂൾ ഇസ ടൗൺ  ക്യാംപസിലെ ഫുട്ബോൾ മൈതാനത്തിന്റെ നവീകരണം ഇതിന്റെ പ്രധാന ചുവടുവയ്പാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com