ADVERTISEMENT

അബുദാബി ∙ ഉടമകൾ മുങ്ങിയതിനെ തുടർന്ന് മാസങ്ങളായി ശമ്പളം ലഭിക്കാതെ ദുരിതത്തിലായ അൽ വസീത കാറ്ററിങ് കമ്പനിയിലെ മലയാളികളടക്കമുള്ള 183 ഇന്ത്യക്കാരുടെ പ്രശ്നം എത്രയും വേഗം പരിഹരിക്കുമെന്ന് ഇന്ത്യൻ എംബസിയിലെ ഡപ്യൂട്ടി ചീഫ് ഓഫ് മിഷൻ സ്മിത പന്ഥ് മനോരമയോടു പറഞ്ഞു. പാക്കിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക, ഫിലിപ്പീൻസ്, ഈജിപ്ത് എന്നിവിടങ്ങളിലെ മുന്നൂറോളം പേരാണ് ക്യാംപിൽ അവശേഷിക്കുന്നത്. ഇന്നലെ ലേബർ ക്യാംപിലെത്തിയ തൊഴിൽ മന്ത്രാലയ അധികൃതർ തൊഴിലാളികളുമായി നടത്തിയ ചർച്ചയാണ് പ്രശ്നപരിഹാരത്തിലേക്ക് വഴി തെളിച്ചത്.

15 മാസത്തോളം ദുരിതക്കയത്തിൽ കഴിഞ്ഞ തൊഴിലാളികൾ കുടിശികയുടെ പകുതി ലഭിച്ചാൽ തിരിച്ചുപോകാൻ തയാറാണെന്ന് എഴുതിക്കൊടുത്തു.  ഇതനുസരിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കി ഒരാഴ്ചയ്ക്കകം എക്സ്ചേഞ്ച് വഴി കുടിശിക വിതരണം ചെയ്തു തുടങ്ങുമെന്നാണു സൂചന. തൊഴിലാളികളിൽ ഭൂരിഭാഗം പേരുടെയും വീസ, എമിറേറ്റ്സ് ഐഡി, ആരോഗ്യ ഇൻഷൂറൻസ് എന്നിവയുടെ കാലാവധി കഴിഞ്ഞിരിക്കുകയാണ്.അതിനാൽ നിയമപ്രശ്നവും പിഴയുമില്ലാതെ വീസയും എമിറേറ്റ്സ് ഐഡിയും റദ്ദാക്കാനുള്ള നടപടികൾ തൊഴിൽ മന്ത്രാലയം നടത്തിവരികയാണ്.

നടപടികൾ തീരുന്ന മുറയ്ക്ക് അടുത്ത ആഴ്ച നാട്ടിലേക്ക് പോകാൻ സാധിക്കുമെന്നാണു പ്രതീക്ഷയെന്ന് നെടുമുടി സ്വദേശി ജയനാരായണൻ പറഞ്ഞു. 7 മാസമായി ശമ്പളവും ഭക്ഷണവുമില്ലാതെ ആയിരത്തോളം തൊഴിലാളികൾ ക്യാംപിൽ ദുരിതത്തിലായ വിവരം ജനുവരി 7ന് മനോരമയാണ് പുറത്തുകൊണ്ടുവന്നത്. ഇതേ തുടർന്ന് മാനവ ശേഷി സ്വദേശിവൽക്കരണ മന്ത്രാലയവും കോടതിയും ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ എംബസികളും ഇടപെട്ടതോടെ 50 ശതമാനം തുക നൽകാൻ കമ്പനി തയാറായി.

അറുന്നൂറിലേറെ പേർ നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. എന്നാൽ കമ്പനിക്കെതിരെ കേസ് കൊടുത്തവരുടെയും കുടിശിക മുഴുവൻ ആവശ്യപ്പെട്ടവരുടെയും ദീർഘകാല അവധിക്ക് നാട്ടിൽ പോയി തിരിച്ചെത്തിയവരുടെയും പ്രശ്നം വീണ്ടും നീണ്ടു. ഇവരിൽ നൂറോളം പേർ നാട്ടിലേക്ക് മടങ്ങുകയോ വേറെ ജോലിയിലേക്ക് മാറുകയോ ചെയ്തിരുന്നു. അവശേഷിക്കുന്നവരുടെ പ്രശ്നത്തിനാണ് ഇപ്പോൾ പരിഹാരമാകുന്നത്. മാനവശേഷി മന്ത്രാലയവും ഇന്ത്യൻ പീപ്പിൾസ് ഫോറം, മാർത്തോമ്മാ ചർച്ച് ഉൾപ്പെടെയുള്ളവയുമാണ് ഇവർക്ക് ഭക്ഷണം എത്തിക്കുന്നത്.

തുലാമാസത്തിൽ കല്യാണം

jadeesh
ജദീഷ്

തൊഴിൽ പ്രശ്നത്തിൽ കുടുങ്ങിയതുമൂലം നാട്ടിലേക്കു പോകാനാകാതെ 4 തവണ വിവാഹം മാറ്റിവയ്ക്കേണ്ടിവന്ന കോട്ടയം കുറുപ്പന്തറ മാൻവട്ടം പൂവത്തുവേലിൽ ജദീഷ് ഷാജിയും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. കഴിഞ്ഞ ഉത്രാടത്തിൽ വിവാഹം നടത്താനായിരുന്നു ഏറ്റവും ഒടുവിൽ തീരുമാനിച്ചിരുന്നത്. അതു നടക്കാതായതോടെ മകൻ വന്നിട്ട് ഇനി ദിവസം തീരുമാനിച്ചാൽ മതിയെന്ന തീരുമാനത്തിലാണു വീട്ടുകാർ. എങ്കിലും‌, തുലാമാസത്തിൽ കല്യാണം നടക്കുമെന്ന് മനസ്സുകൊണ്ട് ഉറപ്പിച്ചിരിക്കുകയാണ് ജദീഷ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com