sections
MORE

ഇനി ആഘോഷ സമൃദ്ധി

ajman
അജ്മാൻ ഭവൻസ് വൈസ് ഇന്ത്യൻ അക്കാദമി സ്കൂളിൽ നടന്ന ഓണാഘോഷത്തിൽനിന്ന്. ഭാരതീയ വിദ്യാഭവൻ മിഡിൽ ഈസ്റ്റ് വൈസ് ചെയർമാൻ സൂരജ് രാമചന്ദ്രൻ, പ്രിൻസിപ്പൽ ഇന്ദു പണിക്കർ, ഡയറക്‌ടർ ബിവേഷ് ബാബു, ഷനിൽ കോടത്തൂർ എന്നിവർ പ്രസംഗിച്ചു.
SHARE

ദുബായ് ∙ തിരവോണമാഘോഷിച്ച് മലയാളികൾ ആഘോഷ സമൃദ്ധിയിലേക്ക്. അവധി ദിവസമായ ഇന്നു വിവിധ സംഘടനകളുടെയടക്കം ഓണാഘോഷ പരിപാടികൾ നടക്കും. ബുധനാഴ്ച പ്രവൃത്തി ദിവസമായിരുന്നതിനാൽ ഏറെപ്പേർക്കും ആഘോഷം ഗംഭീരമാക്കാൻ കഴിഞ്ഞിരുന്നില്ല. ക്രിസ്മസ്‌ വരെ ഇനിയുള്ള അവധി ദിവസങ്ങളിലെല്ലാം ഗൾഫിൽ ഓണാഘോഷമുണ്ടാകും. ബാച്‌ലേഴ്സ് ഫ്ലാറ്റുകളിലടക്കം ഇന്നാണ് യഥാർഥ ആഘോഷം.

ഇന്നത്തെ സദ്യയ്ക്കുള്ള ഒരുക്കത്തിനൊപ്പം ഓണപ്പാട്ടുകളും കഥകളുമായി ഇന്നലെ രാത്രി തന്നെ തന്നെ പല ഫ്ലാറ്റുകളിലും ആഘോഷം തുടങ്ങിയിരുന്നു. ഇന്നുച്ചയ്ക്ക് വിഭവസമൃദ്ധമായ സദ്യയ്ക്കു ശേഷം ദുബായിലുള്ള പലരും വടക്കൻ എമിറേറ്റുകളിലേക്കു യാത്ര പോകും. ഉമ്മുൽഖുവൈൻ, ഫുജൈറ, റാസൽഖൈമ എന്നിവിടങ്ങളിലെ ഉൾനാടൻ ഗ്രാമങ്ങളിലെ വില്ലകളിലാണ്  ആഘോഷത്തിന്റെ അടുത്തഘട്ടം.

പലർക്കും നാളെയും അവധിയായതിനാൽ സാവകാശം മടങ്ങിയാൽ മതിയാകും. ഓണത്തിന് ഓഫിസിൽ പോകേണ്ടിവന്നെങ്കിലും ആരും ആഘോഷം കുറച്ചില്ല. ചില ഓഫിസുകളിൽ മലയാളികളുടെ വക ഓണസദ്യയുണ്ടായിരുന്നു. ഹോട്ടലുകാർ സദ്യ എത്തിച്ചു.

ദുബായിൽ ലുലു ഓണാഘോഷം ഇന്ന്

ദുബായ് ∙ ലുലു ഓണാഘോഷം ഇന്നു രാവിലെ 11ന് അൽ നാസർ ലീഷർ ലാൻഡിൽ നടക്കും. എൻഎംസി, യുഎഇ എക്സ്ചേഞ്ച്, പ്രവാസി ചിട്ടി എന്നിവയോടെ സഹകരണത്തോടെയാണു പരിപാടി. രാവിലെ 7ന് പൂക്കള മത്സരത്തോടെ തുടക്കമാകും. 11ന് 4,000 പേർക്ക് ഓണസദ്യ. വൈകിട്ടു ഘോഷയാത്രയിൽ ചെണ്ടമേളം, ശിങ്കാരിമേളം, താലപ്പൊലി, മുത്തുക്കുട, പുലിക്കളി, തെയ്യം എന്നിവ അണിനിരക്കും.

വൈകിട്ട് 7.30ന് സാംസ്കാരിക സമ്മേളനം കോൺസൽ നീരജ് അഗർവാൾ ഉദ്ഘാടനം ചെയ്യും. തുടർന്നു തിരുവാതിര, മോഹിനിയാട്ടം, കളരിപ്പയറ്റ്, സ്കിറ്റ് എന്നിവയ്ക്കു  ശേഷം സൂര്യ കൃഷ്ണമൂർത്തി സംവിധാനം ചെയ്തവതരിപ്പിക്കുന്ന ‘അഗ്നി’ സംഗീത-നൃത്തപരിപാടി. നജീബ് അർഷാദ്, ദുർഗ, മാളവിക എന്നിവരുടെ ഗാനമേളയും ഷംന കാസിം, ദീപ്തി വിധുപ്രതാപ്, രൂപ രവീന്ദ്രൻ എന്നിവരുടെ നൃത്തം എന്നിവയുണ്ടാകുമെന്ന് ആഘോഷ കമ്മിറ്റി കൺവീനർ സിആർജി നായർ അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN GULF
SHOW MORE
FROM ONMANORAMA