ADVERTISEMENT

റാസൽഖൈമ ∙ അൽ ഖാസിമി കോർണിഷിൽ നടന്ന പ്രഥമ നെഹ്റു ട്രോഫി വള്ളംകളി മത്സരത്തിൽ റാക് ഇന്ത്യൻ അസോസിയേഷന്റെ ചമ്പക്കുളം ചുണ്ടൻ ജേതാവായി. റാക് വൈഎംസിയുടെ കാരിച്ചാൽ ചുണ്ടൻ രണ്ടാം സ്ഥാനവും വലിയ ദിവാൻജി മൂന്നാം സ്ഥാനവും നേടി. മരുഭൂമിയിൽ മലയാളത്തനിമ നിറഞ്ഞുനിന്ന വള്ളംകളി മത്സരം കാണാൻ മലയാളികളടക്കം നൂറുകണക്കിനാളുകൾ എത്തി. ഇതര എമിറേറ്റുകളിൽ നിന്നുള്ളവരും ഉണ്ടായിരുന്നു. കോർണിഷിലെ  ഫ്ലാഗ് പോസ്റ്റ് മുതൽ മറൈൻ ക്ലബ് മേഖല വരെ കാണികൾക്ക് മത്സരം ആസ്വദിക്കാൻ സൗകര്യമൊരുക്കി.

boat-race
മത്സരം കാണാനെത്തിയവർ.

മലയാളി ടീമുകൾക്കും വിദേശ ടീമുകൾക്കും രണ്ടായിട്ടാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. മലയാളികളുടെ വിഭാഗത്തിൽ 8 ടീമുകളും വിദേശ വിഭാഗത്തിൽ 9 ടീമുകളും പങ്കെടുത്തു. റാക് കേരളസമാജത്തിന്റെ നടുഭാഗം, റാക് നന്മയുടെ പായിപ്പാട്, വേൾഡ് മലയാളി കൗൺസിലിന്റെ കരുവാറ്റ, റാക് ചേതനയുടെ ചെറുതന, യുവകലാസാഹിതിയുടെ കാവാലം എന്നീ ചുണ്ടൻമാർ വാശിയേറിയ പ്രകടനം കാഴ്ചവച്ചു. വിദേശ വിഭാഗത്തിൽ ടൈറ്റാൻ വൺ ജേതാവായി. ഫാറൂസ്, പോണക് എന്നിവ രണ്ടാം സ്ഥാനവും ഡ്രാക് ഓൺസ്, ഫാൽക്കൻ 2 എന്നിവ മൂന്നാം സ്ഥാനവും പങ്കിട്ടു.

റാക് ഇന്റർനാഷനൽ മറൈൻ ക്ലബ് ചെയർമാൻ അബ്ദുൽ നാസർ മുറാദ് മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. ക്ലബ് എക്സിക്യൂട്ടീവ് മാനേജർ ആരിഫ്  ഇബ്രാഹിം അൽ ഹറാൻകി, റാസൽഖൈമ എൻഎംസി റോയൽ മെഡിക്കൽ സെന്റർ സീനിയർ ഡോക്ടർ കെ.എം.മാത്യു, റാസൽഖൈമ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് എസ്.എ.സലിം എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. മറൈൻ ക്ലബ് അഡ്വൈസറി ബോർഡ് അംഗവും വള്ളംകളി കോഓർഡിനേറ്ററുമായ റിയാസ് കാട്ടിൽ, സോഹൻ റോയ്, കെ.അസൈനാർ, ബി.ഗോപകുമാർ എന്നിവർ പ്രസംഗിച്ചു. ചെണ്ടമേളവും തിരുവാതിരയും ഉൾപ്പെടെയുള്ള കലാപരിപാടികൾ ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com