ADVERTISEMENT
ദുബായ് ∙ കുറ്റകൃത്യങ്ങളുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചാൽ ശക്തമായ നടപടിയെടുക്കുമെന്ന് യുഎഇ അറ്റോർണി ജനറൽ ഡോ.ഹമദ് സെയിഫ് അൽ ഷംസി മുന്നറിയിപ്പു നൽകി. ചിത്രങ്ങൾ പകർത്താനും പ്രസിദ്ധീകരിക്കാനും അനുമതി വാങ്ങണം. സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കാനും പാടില്ല. ഒരാൾ കുറ്റവാളിയാണെന്നു തെളിയുന്നതിനു മുൻപേ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് അന്വേഷണത്തെ ബാധിച്ചേക്കാമെന്നു ചൂണ്ടിക്കാട്ടി.

വ്യാജന്റെ വഴി

∙ പ്രത്യേക ലക്ഷ്യത്തോടെ വ്യാജ വാർത്ത മെനയുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

∙ അഭിപ്രായ സർവേകൾ, പഠന റിപ്പോർട്ടുകൾ എന്നിവയുടെ അടിസ്ഥാനത്തിലാണെന്നു വരുത്തി വിശ്വാസ്യത വർധിപ്പിക്കുക.

∙ സംഭവവുമായി ബന്ധമില്ലാത്ത ചിത്രങ്ങൾ ആധികാരികതയ്ക്കായി ഒപ്പം വയ്ക്കുക.

ഊഹാപോഹങ്ങൾ പങ്കുവയ്ക്കരുത്

ഊഹാപോഹങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് 10 ലക്ഷം ദിർഹം വരെ പിഴ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ആധികാരികതയില്ലാത്ത വിവരങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കരുത്. സംശയകരമായി എന്തെങ്കിലും ശ്രദ്ധയിൽ പെട്ടാൽ ഉടൻ അധികൃതരെ വിവരമറിയിക്കണം. ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്നു നൽകുന്ന വാർത്തകൾക്കു മാത്രമാണ് ആധികാരികതയെന്നും വ്യക്തമാക്കി. സ്വകാര്യത ലംഘിക്കപ്പെട്ടാൽ പൊലീസിൽ പരാതിപ്പെടാം.

ഓർക്കുക, ക്യാമറ തുറക്കും മുൻപ്

∙ വാഹനാപകട ദൃശ്യങ്ങൾ പകർത്തുന്നതു കുറ്റകരമാണ്. ദുരന്ത ദൃശ്യങ്ങൾ പകർത്താൻ അനുവാദം നൽകിയ ഔദ്യോഗിക കേന്ദ്രങ്ങളുണ്ട്. അവർക്കു മാത്രമാണ് ഇതിനുള്ള അധികാരം. 

∙ അന്യരുടെ ചിത്രങ്ങൾ അവർ അറിയാതെ പകർത്തുന്നതു നിയമലംഘനമാണ്. പ്രകൃതി ദൃശ്യങ്ങളുടെ ചിത്രമെടുത്താലും അതിൽ ഏതെങ്കിലും വ്യക്തി ഉൾപ്പെടാതെ നോക്കണം. നല്ല ഉദ്ദേശ്യത്തോടെയാണെങ്കിലും ഇത്തരം പ്രവൃത്തികൾ നിയമലംഘനമായി കണക്കാക്കുകയും നടപടികൾ സ്വീകരിക്കുകയും ചെയ്യും.

∙ സമൂഹമാധ്യമങ്ങളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന ദൃശ്യങ്ങളുടെ  ഉറവിടം കണ്ടെത്താൻ ദുബായ് പൊലീസിന്  അത്യാധുനിക സംവിധാനങ്ങളുണ്ട്. 

∙ വിവരങ്ങൾ സത്യസന്ധമാണെങ്കിലും അന്യരുടെ വിവരങ്ങൾ സൂക്ഷിക്കുന്നത് ഐടി നിയമപ്രകാരം കേസെടുക്കാവുന്ന കുറ്റമാണ്. വ്യക്തികളുടെ സ്വകാര്യതകൾ പരസ്യപ്പെടുത്തിയ ഒട്ടേറെ ആളുകൾക്കെതിരെ  െപാലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com