ADVERTISEMENT

ദുബായ് ∙ അടിയന്തര റസി‍ഡന്റ് വീസാ സ്റ്റാംപിങ്ങിന് മാത്രമായുള്ള ഓഫീസായി ദുബായിയിലെ ബിൻ സുഖാത്ത്‌ സെന്ററിലെ ജിഡിആർഎഫ്എ ഹാപ്പിനസ് കേന്ദ്രം പ്രവർത്തിക്കും. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സ് തലവൻ മേജർ ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മറിയാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ ഇവിടെ വകുപ്പിന്റെ വിവിധ വീസാ സേവനങ്ങൾ നൽകി വന്നിരുന്നു. എന്നാൽ, അടിയന്തരമായി വീസാ സ്റ്റാംപ് ചെയ്യാനുള്ള ഉപയോക്താക്കളുടെ വർധിച്ച എണ്ണം കണക്കിലെടുത്താണ്‌ ഈ ഓഫീസ് പാസ്പോർട്ടിൽ വീസ പതിക്കാനുള്ളവർക്ക് മാത്രമാക്കിയത്. ഈ ഓഫീസ് സംവിധാനത്തിലൂടെ വേഗത്തിലും സൗകര്യപ്രദമായും സന്തോഷകരമായ സേവനങ്ങൾ പ്രധാനം ചെയ്യാൻ കഴിയുമെന്ന് അധിക്യതർ പറഞ്ഞു. 

അടിയന്തര വിഭാഗത്തിൽ അപേക്ഷിച്ചവർ ഗുണഭോക്താക്കളാകും

വീസാ അപേക്ഷയ്ക്ക് ടൈപ്പ് ചെയ്യുമ്പോൾ അടിയന്തര വിഭാഗത്തിൽ അപേക്ഷിച്ചവർക്കാണ് ഇവിടെ നിന്ന് സേവനം ലഭിക്കുക. മറ്റു ഇതര സേവനങ്ങൾക്കായി ഈ ഓഫീസിനെ ആശ്രയിക്കുന്നവർ വകുപ്പിന്റെ അടുത്തുള്ള സെന്ററിൽ നിന്നോ ജിഡിആർഎഫ്എ ദുബായിയുടെ മൊബൈൽ ആപ്ലിക്കേഷനിൽ നിന്നോ സേവനങ്ങൾ തോടാവുന്നതാണെന്ന് അറിയിച്ചു.

ഒാണ്‍ലൈൻ വീസാ സേവനം

ജിഡിആർഎഫ്എ ദുബായിയുടെ വീസാ സേവനങ്ങളിൽ മിക്കതും ഓഫീസുകൾ സന്ദർശിക്കാതെ തന്നെ ഓൺലൈൻ സംവിധാനത്തിലൂടെ ലഭ്യമാകുന്നവയാണ്. ആമർ സെന്ററിൽ നിന്ന് റസിഡന്റ് വീസയ്ക്ക് ടൈപ്പ്‌ ചെയ്തതിന് ശേഷം സ്റ്റാംപിങ്ങിനായി കൊറിയർ ജീവനക്കാർ ഉപയോക്താക്കളെ സമീപിച്ച് പാസ്പോർട്ട് കൈപ്പറ്റി വീസ അടിച്ചു തിരിച്ചോൽപ്പിക്കുന്ന നടപടിയാണ് ഇത്. നിശ്‌ചിത ദിവസത്തെ ഓഫീസ് പ്രവർത്തന സമയവും ഇതിന് ആവശ്യമുണ്ട്. എന്നാൽ അടിയന്തര ഘട്ടങ്ങളിൽ ഓഫീസിൽ നേരിട്ട് ചെന്ന് പാസ്പോർട്ടിൽ വീസാ അടിക്കാനുള്ള സൗകര്യമാണ് ബിൻ സുഖാത്ത്‌ സെന്റർ പോലെയുള്ള  ജിഡിആർഎഫ്എ ഹാപ്പിനസ് സെന്ററുകൾ  മുഖേന ലഭ്യമാവുന്നത്.

വിവരങ്ങൾ എസ്എംഎസ് വഴി

വീസയ്ക്ക് അപേക്ഷിക്കുമ്പോൾ തുടർ നടപടിയുടെ ഓരോ വിവരവും ഉപയോക്താകളുടെ മൊബൈലിലേയ്ക്ക് എസ്എംഎസ്‌ വഴി അറിയിക്കും. അപേക്ഷയുടെ നടപടിക്രമങ്ങൾ നിലവിൽ ഏത് ഘട്ടത്തിലാണെന്ന് ഉപയോക്താക്കൾക്ക് അറിയാൻ ഇതുവഴി സാധിക്കും. അത്തരം ഘട്ടങ്ങളിൽ തന്നെ ഏതെങ്കിലും രേഖകളു അഭാവവും  അതിന്റെ നടപടി ക്രമവും മൊബൈലേക്ക് സന്ദേശമായി എത്തും.

കാലാവധി കഴിഞ്ഞ് ഒരു മാസം വരെ പിഴയില്ല

റസിഡന്റ് വീസയുടെ കാലാവധി കഴിഞ്ഞ് ഒരു മാസം വരെ പിഴ ഉണ്ടാകില്ല. അതിന് ശേഷം വരുന്ന ഓരോ ദിവസത്തിനും 25 ദിർഹമാണ് പിഴ അടയ്ക്കേണ്ടത്. തുടർന്ന് ആറു മാസം കഴിഞ്ഞാൽ പിഴ സംഖ്യ പാതി മടങ്‌ വർധിക്കും. എല്ലായ്പ്പോഴും താമസക്കാർ അവരുടെ വീസാ കാലാവധിക്ക് കാത്തുനിൽക്കാതെ വീസ സാധൂകരിക്കുന്ന രീതിയിൽ നടപടി ക്രമങ്ങൾ പൂർത്തികരിക്കേണ്ടതാണെന്ന് അധിക്യതർ നിര്‍ദേശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com