ADVERTISEMENT
ദോഹ ∙  രാജ്യത്തെ കായികമേഖലയ്ക്കാകെ ആവേശം പകർന്ന് വരും ദിവസങ്ങളിൽ വൻകിട രാജ്യാന്തര കായിക ടൂർണമെന്റുകൾക്ക് ദോഹ വേദിയാകും. പ്രാദേശിക കായിക ടൂർണമെന്റുകൾ പുരോഗമിക്കുന്നതിനിടെയാണ്  രാജ്യാന്തര ചാംപ്യൻഷിപ്പുകൾ കൂടിയെത്തുന്നത്. 2022 ഫിഫ ലോകകപ്പ് ഫുട്ബോൾ  ടൂർണമെന്റിന്റെ ഔദ്യോഗിക ലോഗോ പുറത്തിറക്കിയതിന് പിന്നാലെയാണ്  2022 ലോകകപ്പ്, 2023 ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങളുടെ രണ്ടാം റൗണ്ട് ഗ്രൂപ്പ് മത്സരങ്ങൾക്ക് ദോഹ വേദിയായത്. ലോകകപ്പ് ആവേശം നിറച്ച ഖത്തർ-അഫ്ഗാൻ- ഇന്ത്യ യോഗ്യത  മത്സരങ്ങൾ കഴിഞ്ഞ ആഴ്ചയിലാണ് സമാപിച്ചത്.

വിനോദസഞ്ചാര, ഹോട്ടൽ മേഖലകൾക്ക് ഉണർവ്

വരും ദിവസങ്ങളിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പതിനായിരത്തിലേറെ കായിക താരങ്ങളും പ്രതിനിധികളുമാണ ദോഹയിൽ എത്തുക. മധ്യപൂർവ ദേശത്ത് ഇതാദ്യമാണ് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ കായിക മത്സരമായ ഐഎഎഫ് ചാംപ്യൻഷിപ് നടക്കുന്നത് 30,000ലേറെ പേരെയാണ് രാജ്യത്തിനു പുറത്തുനിന്ന് പ്രതീക്ഷിക്കുന്നത്. സന്ദർശകരുടെ വരവ് ആഭ്യന്തര, വിനോദ സഞ്ചാര മേഖലയുടെ വളർച്ചയ്ക്ക് കരുത്തേകും. ത്രീ സ്റ്റാർ മുതൽ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ വരെ  തിരക്കേറും ഒട്ടുമിക്ക ഹോട്ടലുകളിലും ബുക്കിങ് നടക്കുകയാണ്. റസ്റ്ററന്റുകൾ, ടാക്‌സി തുടങ്ങിയ മേഖലകൾക്കും കൊയ്ത്തുകാലമാണ്.

ഐഎഎഫ് മുതൽ ഫിഫ ലോകകപ്പ് വരെ

ഐഎഎഫ് ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിന് ഈ മാസം 27ന് ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിൽ തുടക്കമാകും. 213 രാജ്യങ്ങളിൽ നിന്നുള്ള അത്‌ലിറ്റുകളും പരിശീലകരും ഔദ്യോഗിക പ്രതിനിധികളും ഉൾപ്പെടെ 3,500ലേറെ പേർ ദോഹയിലെത്തും.ഒക്‌ടോബർ 6ന് ഐഎഎഫ് മത്സരങ്ങൾ സമാപിക്കും. 12ന് അസോസിയേഷൻ ഓഫ് നാഷനൽ ഒളിമ്പിക് കമ്മിറ്റീസ് (അനോക്) പ്രഥമ ലോക ബീച്ച് ഗെയിമുകൾക്കു കത്താറ, അൽഗരാഫ, ആസ്പയർ ബീച്ചുകളിൽ തുടക്കമാകും. 16 വരെയാണ് ബീച്ച് ഗെയിമുകൾ. 97 രാജ്യങ്ങളിൽ നിന്നായി 1,200ലേറെ കളിക്കാർ ബീച്ച് ഗെയിമുകൾക്ക് എത്തും. നവംബർ 3 മുതൽ 11 വരെയാണ് ഏഷ്യൻ ഷൂട്ടിങ് ചാംപ്യൻഷിപ്. 2019 ഫിന നീന്തൽ ലോകകപ്പിന്റെ അവസാന മത്സരങ്ങളും ദോഹയിൽ നടക്കും. നവംബർ 7 മുതൽ 9 വരെ ഹമദ് അക്വാറ്റിക് സെന്ററിലാണ് മത്സരങ്ങൾ. ഡിസംബർ 11ന് ഫിഫ ലോകകപ്പും ആരംഭിക്കും. 21 വരെയാണ് മത്സരങ്ങൾ. രാജ്യാന്തര ടൂർണമെന്റുകൾക്ക് ആതിഥേയത്വം വഹിക്കുന്നതിലൂടെ ലോകത്തിലെ ഏറ്റവും മികച്ച കായിക കേന്ദ്രമെന്ന ലക്ഷ്യത്തിലേക്കുള്ള കുതിപ്പിലാണ് ഖത്തർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com