ADVERTISEMENT

അബുദാബി ∙ വലിയൊരു കുടുംബത്തിന്റെ ഭാരം സ്വയം ഏറ്റെടുത്ത് ജീവിതത്തെ ജീവിച്ചു തോൽപിക്കാൻ പ്രവാസ ഭൂമികയിലെത്തി ഒടുവിൽ തളർന്നു വീണ മകളുടെ ദുരിതമോർത്ത് സങ്കടക്കടലിൽ മുങ്ങിത്താഴുകയാണ് മലയാളി യുവതി. തിരുവനന്തപുരം നെടുമങ്ങാട് വിതുര ലളിത ഭവനിൽ ബിന്ദുവും ഓട്ടോ ഇമ്യൂൺ എൻസഫാലിറ്റീസ് എന്ന അപൂർവരോഗം ബാധിച്ച് ആറു മാസമായി അബുദാബി ഷെയ്ഖ് ഖലീഫ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മകൾ നീതു ഷാജി പണിക്കരും ഗൾഫ് പ്രവാസികളുടെ തേങ്ങലായിത്തീർന്നിരിക്കുന്നു. അരയ്ക്കുതാഴെ തളർന്ന അബോധാവസ്ഥയിൽ കഴിയുന്ന നീതുവിന് മനസിൽ കാരുണ്യം വറ്റിയിട്ടില്ലാത്തവരുടെ അകമഴിഞ്ഞ സഹായമുണ്ടെങ്കിലേ സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചുവരാൻ സാധിക്കൂ.

ഭർത്താവ് ഉപേക്ഷിച്ചു; രണ്ടു മക്കളെ സഹോദരിയെ ഏൽപിച്ച് കടൽകടന്നെത്തി
ഭർത്താവ് ഉപേക്ഷിച്ചതോടെ നിത്യജീവിതത്തിന് വകയില്ലാതായതോടെ രണ്ടു മക്കളെയും സഹോദരിയെ ഏൽപിച്ച് അബുദാബിയിൽ ക്ലിനിങ് കമ്പനിയിൽ ജോലിക്കു വന്നതായിരുന്നു നീതുവിന്റെ മാതാവ് ബിന്ദു. കിട്ടുന്ന ചെറിയ തുക കൊണ്ട് മക്കളെ പഠിപ്പിച്ചു. രാപകലില്ലാതെ പണിയെടുത്ത് അഞ്ചു സെന്‍റ് സ്ഥലവും പഴയൊരു വീടും വാങ്ങിച്ചു. അതിനിടെ ഷാർജയിൽ ജോലിക്കാരനായിരുന്ന ജിതിനുമായി ഡിസംബറിൽ മകൾ നീതുവിന്‍റെ വിവാഹം നടത്തി. കല്യാണ ശേഷം സന്ദർശക വീസയിൽ ജനുവരിയിലാണ് 20കാരി അബുദാബിയിലെത്തിയത്. മാർച്ച് 17ന് നീതുവിന് പനിയും ഛർദിയും അപസ്മാരവും അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സിച്ചെങ്കിലും അപസ്മാരം മൂർഛിച്ചതോടെ 27ന് ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റിയിലേക്ക് മാറ്റുകയായിരുന്നു. നിർത്തായുണ്ടാകുന്ന അപസ്മരം മൂലം നാലു മാസത്തോളം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

ഇൗ ലോകത്ത് നടക്കുന്നതൊന്നും തിരിച്ചറിയാതെ..
നട്ടെല്ലിൽനിന്ന് ഫ്ലൂയിഡ് കുത്തിയെടുത്ത് അമേരിക്കയിലെ ബയോലാബിലേക്ക് അയച്ച് പരിശോധിച്ചപ്പോഴാണ് ഓട്ടോ ഇമ്മ്യൂൺ എൻസഫാലിറ്റീസ് എന്ന അപൂർവ രോഗമാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് എറണാകുളം അമൃത ആശുപത്രി, ക്ലീവ് ലാൻഡ് ക്ലിനിക്, മഫ്റഖ് എന്നീ ആശുപത്രികളിലെ ന്യൂറോ വിദഗ്ധ ഡോക്ടർമാരുടെ മാർഗ നിർദേശമനുസരിച്ചാണ് ചികിത്സ തുടരുന്നത്. നേരത്തെ മണിക്കൂറിൽ 45 തവണ അപസ്മാരം സംഭവിച്ചിരുന്നത് ആറു മാസത്തെ ചികിത്സയ്ക്കുശേഷം 15 ആയി കുറഞ്ഞെങ്കിലും ശരീരം അരയ്ക്കുതാഴെ തളർന്നു. ചില സമയത്ത് ആളുകളെ തിരിച്ചറിയും. രണ്ടു മാസമായി ഫിസിയോ വാർഡിലാണിപ്പോൾ.

വിദേശികളെ ചികിത്സിക്കുന്ന പരമാവധി സമയവും ഇതോടകം കഴിഞ്ഞു. ഈ മാസം 26 വരെ മാത്രമേ ഇവിടെ ചികിത്സിക്കാൻ സാധിക്കൂവെന്നാണ് ആശുപത്രി അധികൃതർ ഇവരെ അറിയിച്ചിരിക്കുന്നത്. സാധാരണ യാത്രാ വിമാനത്തിൽ നീതുവിനെ കൊണ്ടുപോകാൻ സാധിക്കില്ല. എയർ ആംബുലൻസിൽ നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള സാമ്പത്തിക ശേഷിയും ഇവർക്കില്ല. ഇവിടെ വർഷങ്ങളോളം പണിയെടുത്ത് വാങ്ങിയ അഞ്ചു സെന്‍റ് പുരയിടവും സുഹൃത്തിന്‍റെ സ്ഥലവും പണയംവച്ചാണ് മകളുടെ വിവാഹം നടത്തിയത്. സന്ദർശക വീസയിലായിരുന്ന നീതിവിന്‍റെ വീസാ കാലാവധി കഴിഞ്ഞിട്ടു മാസങ്ങളായി. നാട്ടിൽ കൊണ്ടുപോകാനോ തുടർ ചികിത്സയ്ക്കോ യാതൊരു വഴിയുമില്ല. ഈ അവസ്ഥയിൽ ഇവരെയും കൂട്ടി എങ്ങോട്ടുപോകുമെന്ന് അറിയില്ലെന്ന് ബിന്ദു പറയുന്നു.

ഒരു കൈ സഹായം അനിവാര്യം
നീതുവിനെ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരണമെങ്കിൽ കരുണയുള്ളവരുടെ കാരുണ്യം കൂടിയേ തീരു. വിവരങ്ങൾക്ക് ബിന്ദു: 00971 56 7766835.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com