ADVERTISEMENT

ദുബായ് ∙ എക്സ്പോയോട് അനുബന്ധിച്ചു ഗതാഗത മേഖലയിൽ നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായി ഊദ് മേത്തയിലും സത് വയിലും നൂതന സംവിധാനങ്ങളോടെ ബസ് സ്റ്റേഷൻ സമുച്ചയങ്ങൾ നിർമിക്കും. റസ്റ്ററന്റുകൾ, കച്ചവടസ്ഥാപനങ്ങൾ, കൂടിക്കാഴ്ചയ്ക്കുള്ള മേഖലകൾ, പാർക്കിങ് എന്നിവ ഇവിടെയുണ്ടാകും. ദുബായിലെ ഏറ്റവും തിരക്കേറിയ മേഖലകളിൽ ഒന്നായ ഊദ് മേത്തയിൽ 9,640 ചതുരശ്രമീറ്റർ വിസ്തീർണത്തിൽ 3 നിലകളുള്ള ബസ് സ്റ്റേഷൻ നിർമിക്കാനാണു പദ്ധതിയെന്ന് ആർടിഎ ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു.

റൂഫ് ടോപ് പാർക്കിങ് ഉണ്ടാകും. മെട്രോ സ്റ്റേഷൻ, ഇന്ത്യൻ സ്കൂൾ ഉൾപ്പെടെയുള്ള വിദ്യാലയങ്ങൾ, ഇന്ത്യ ക്ലബ്, പ്രധാന സർക്കാർ ഓഫിസുകൾ, ആരാധനാലയങ്ങൾ എന്നിവയ്ക്കു സമീപമാകും സ്റ്റേഷൻ. പ്രതിദിനം 10,000 യാത്രക്കാർ ഇവിടെ എത്തുമെന്നു പ്രതീക്ഷിക്കുന്നു. സ്റ്റേഷനോട് അനുബന്ധിച്ച് സ്വകാര്യ വാഹനങ്ങൾ, ടാക്സികൾ, ബസുകൾ എന്നിവ പാർക്ക് ചെയ്യാൻ സൗകര്യമൊരുക്കും. 316 വാഹനങ്ങൾ പാർക്ക് ചെയ്യാനാകും. സർവീസ് നടത്തുന്ന 10 ബസുകൾ ഒരേസമയം നിർത്തിയിടാം. ബൈക്കുകൾക്കും സൈക്കിളുകൾക്കും പ്രത്യേക പാർക്കിങ് സൗകര്യമുണ്ടാകും.

സ്റ്റേഷൻ പൂർത്തിയാകുന്നതോടെ കൂടുതൽ മേഖലകളിലേക്കു ബസ് സർവീസ് തുടങ്ങും. ബസ് സ്റ്റേഷൻ എന്നതിലുപരി ഉല്ലാസമേഖലയിൽ എത്തുന്ന അനുഭവമാകും ഇവിടെയുണ്ടാകുക. കുട്ടികൾക്കുള്ള കളിസ്ഥലങ്ങൾ, തുറസ്സായ മേഖലകൾ, വിശ്രമകേന്ദ്രങ്ങൾ, നോൽ കാർഡ് മെഷീനുകൾ, എടിഎമ്മുകൾ, വിവിധ സേവനങ്ങൾക്കുള്ള കിയോസ്കുകൾ തുടങ്ങിയവയും സ്റ്റേഷനെ വ്യത്യസ്തമാക്കും.11,912 ചതുരശ്ര മീറ്ററിൽ ഇരുനിലകളിലാകും സത് വ സ്റ്റേഷൻ നിർമിക്കുക. റൂഫ് ടോപ് പാർക്കിങ് ഉണ്ടാകും. പ്രതിദിനം 7,800 യാത്രക്കാരെ ഉൾക്കൊള്ളാനാകും. 15,000 യാത്രക്കാരെ ഉൾക്കൊള്ളാനാകും വിധം സമീപ ഭാവിയിൽ വികസിപ്പിക്കും.

15 ബസുകൾ ഒരേ സമയം നിർത്തിയിടാനാകും. പാർക്കിങ് മേഖലയിൽ 227 വാഹനങ്ങൾക്കു സൗകര്യമുണ്ടാകും.
വിവിധ സേവനങ്ങൾക്കുള്ള കിയോസ്കുകൾ, നോൽകാർഡ് മെഷീനുകൾ, എടിഎമ്മുകൾ, ലഘുഭക്ഷണശാലകൾ എന്നിവ ഇവിടെയുമുണ്ടാകും. 17 ബസ് സ്റ്റേഷനുകളുടെ നവീകരണം ആർടിഎ പൂർത്തിയാക്കിവരുകയാണ്. എക്സ്പോയ്ക്കു മുന്നോടിയായി അൽഖൂസ് ബസ് സ്റ്റേഷൻ നൂതന സംവിധാനങ്ങളോടെ നവീകരിക്കും. ഇവിടെ നിന്ന് എക്സ്പോ വേദിയിലേക്കു കൂടുതൽ ബസുകളുണ്ടാകും.

അണിഞ്ഞൊരുങ്ങും ആകാശപ്പൂന്തോട്ടം

'ആകാശപ്പൂന്തോട്ടം' (സ്കൈ ഗാർഡൻ) ഉൾപ്പെടെയുള്ള സുപ്രധാന പദ്ധതികൾക്ക് ഏപ്രിലിൽ ആർടിഎ രൂപം നൽകിയിരുന്നു. ഉല്ലാസ നടത്തത്തിനുള്ള പ്രൊമനേഡുകൾ, സൈക്കിൾ ട്രാക്കുകൾ, സൂര്യാസ്തമയം ആസ്വദിക്കാനുള്ള വിശാല ഹരിത മേഖല, സ്മാർട് ഗതാഗത സംവിധാനങ്ങൾ തുടങ്ങിയവയാണ് മറ്റു പദ്ധതികൾ. താമസമേഖലകളോട് അനുബന്ധിച്ച് ഉപപാതകൾ നിർമിക്കാൻ പഞ്ചവൽസര പദ്ധതിക്കും രൂപം നൽകി.ദുബായ്-അൽഐൻ റോഡ് 17 കിലോമീറ്റർ ദീർഘിപ്പിക്കുകയും ലെയ്നുകൾ 6 ആക്കുകയും ചെയ്യും. ഇന്റർസെക് ഷനുകൾ നവീകരിക്കും.380 മീറ്റർ നീളവും 60 മീറ്റർ ഉയരവുമുള്ള നടപ്പാലത്തിന്റെ മാതൃകയിലാണ് ആകാശപ്പൂന്തോട്ടം. 3,422 ചതുരശ്ര മീറ്ററാണ് വിസ്തീർണം. ദുബായ് ക്രീക്കിന്റെ പ്രധാന മേഖലകളിലൂടെ കടന്നു പോകുന്നതിനാൽ നഗരസൗന്ദര്യം ആസ്വദിക്കാനാകും. പുരാതന-ആധുനിക ദുബായിയുടെ സൗന്ദര്യം ഒരുപോലെ ആസ്വദിക്കാൻ അവസരമൊരുക്കും.

3,500 ഹൈടെക് സൈക്കിളുകൾ

സൈക്കിൾ യാത്രയ്ക്കുള്ള സമാന്തര ഗതാഗത ശൃംഖലയാണ് മറ്റൊരു സുപ്രധാന പദ്ധതി. കരീമുമായി സഹകരിച്ച് 3,500 സൈക്കിളുകൾ പൊതുജനങ്ങൾക്കു വിവിധ കേന്ദ്രങ്ങളിൽ ലഭ്യമാക്കും. ഇതിനായി 350 സ്റ്റേഷനുകളും ഉണ്ടാകും. മേഖലയിൽ ആദ്യമായാണ് ഇത്തരമൊരു സംരംഭം. സ്മാർട് സംവിധാനങ്ങളോടു കൂടിയ സൈക്കിളുകളാകും ഇത്. ഓരോ സൈക്കിളും നിരീക്ഷിക്കാനും തിരക്കേറിയ മേഖലകൾ കണ്ടെത്താനും കഴിയുമെന്നതാണ് ഇതിന്റെ നേട്ടം. സൈക്കിളുകളിൽ ജിപിഎസ് സംവിധാനം ഉണ്ടാകും. യാത്രക്കാർക്ക് ക്രെഡിറ്റ് കാർഡുകളും നോൽ കാർഡുകളും ഉപയോഗിച്ചു സൈക്കിളിൽ യാത്രചെയ്യാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com