sections
MORE

ആ വിമാനാപകടം സിനിമയ്ക്ക് വിത്തുപാകി; ത്രില്ലും ചിന്തയുമായി പ്രവാസി മലയാളിയുടെ സിനിമ

safe-malayalam-movie
സെയ്ഫ് എന്ന ചിത്രത്തിലെ രംഗം
SHARE

ദുബായ് ∙ കേരളത്തിലെ സമകാലീന സംഭവ വികാസങ്ങൾ മലയാളി ബിസിനസുകാരനെ എത്തിച്ചത് സാമൂഹിക പ്രസക്തിയുള്ള സിനിമയിലേയ്ക്ക്. ദുബായിൽ ബിസിനസുകാരനായ ഷാജി പല്ലാരിമംഗലം രചനയും നിർമാണവും നിർവഹിച്ച് പ്രദീപ് കാളിപുറയത്ത് സംവിധാനം ചെയ്ത ‘സെയ്ഫ്’ എന്ന മലയാള ചിത്രം ഒക്ടോബർ 18ന് റിലീസാകും.

safe-malayalam-movie2
സെയ്ഫ് എന്ന ചിത്രത്തിലെ രംഗം

2016 ഒാഗസ്റ്റിൽ തിരുവനന്തപുരത്ത് നിന്നുള്ള എമിറേറ്റ്സ് വിമാനം ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ തീ പിടിച്ച സംഭവമാണ് സിനിമാലോചനയ്ക്ക് വിത്തുപാകിയത്. ഇൗ വിമാനത്തിലെ യാത്രക്കാരായിരുന്നു മാവേലിക്കര സ്വദേശി ഷാജിയും ഭാര്യയും സ്കൂൾ വിദ്യാർഥികളായ മൂന്നു പെൺമക്കളും. ‌നാട്ടിൽ നിന്നു തിരിച്ചുവരികയായിരുന്ന കുടുംബത്തിനടക്കം യാത്രക്കാരിൽ ആർക്കും പരുക്കോ മറ്റോ സംഭവിച്ചിരുന്നില്ലെങ്കിലും അപകടത്തിന്റെ ഞെട്ടലിൽ നിന്ന് കുടുംബം മോചിതരാകാൻ ഏറെ നാളുകളെടുത്തു.

shaji-sirju
ഡോ.ഷാജി പല്ലാരിമംഗലവും സർജു മാത്യുവും.

ഇതു കൂടാതെ മാധ്യമങ്ങളിൽ നിത്യേന പ്രത്യക്ഷപ്പെടുന്ന, കേരളത്തിൽ നടക്കുന്ന അക്രമ, പീഡന വാർത്തകളും കുട്ടികളെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. തങ്ങളെങ്ങനെ ഇനി കേരളത്തിൽ സുരക്ഷിതരായി താമസിക്കും എന്നായിരുന്നു മക്കളുടെ ആശങ്ക. കേരളം ജീവിത സുരക്ഷയ്ക്ക് അനുയോജ്യമാണ്; പക്ഷേ, അതിന് നിയമപാലകരുടെ സേവനം കൂടാതെ, അവിടെ ജീവിക്കുന്നവരുടെ ജാഗ്രത കൂടി വേണം. ഇൗ ആശയത്തിൽ നിന്നാണ് എപിഫാണി എന്റർടൈൻമെന്റ്സിന്റെ ബാനറിൽ സാമൂഹിക സുരക്ഷയുടെ പ്രാധാന്യം പ്രമേയമാക്കിയ ‘സെയ്ഫ്’ എന്ന ത്രില്ലർ കുടുംബ ചിത്രം പിറക്കുന്നത്.

ദുബായിൽ ബിസിനസുകാരനായ സർജു മാത്യുവുമായി ചേർന്നാണ് ചിത്രം നിർമിച്ചത്. ഷാജി തന്നെ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിർവഹിച്ചു. തമിഴിലെ അറിയപ്പെടുന്ന ഛായാഗ്രഹകനും ആ‍ഡ് ഫിലിം മേയ്ക്കറുമായ പ്രദീപ് കാളിപുറയത്തിന്റെ ആദ്യ സംവിധാന സംരംഭമാണിത്. സിജു വില്‍സൺ, അപർണ ഗോപിനാഥ്, അനുശ്രീ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കൂടാതെ, അജി ജോൺ, ഹരീഷ് പേരാടി, ശിവജി ഗുരുവായൂർ തുടങ്ങിയ അറുപതിലേറെ അഭിനേതാക്കളുമുണ്ട്. ഷാജി പല്ലാരിമംഗലവും സർജു മാത്യുവും അപ്രധാനമല്ലാത്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നീൽ ഒകുഞ്ഞയാണ് ഛായാഗ്രാഹണം. അരുൺ അലാട്ട്, ശ്യാം മുരളീധർ, റോബിൻ കുര്യൻ എന്നിവര്‍ രചിച്ച് രാഹുൽ സുബ്രഹ്മണ്യം സംഗീതം നൽകി വിജയ് യേശുദാസ്, സിതാര, കെ.എസ്.ഹരിശങ്കർ എന്നിവർ ആലപിച്ച പാട്ടുകൾ ഹിറ്റ് ചാർട്ടിൽ ഇടം പിടിക്കുമെന്നുറപ്പാണ്.

safe-malayalam-movie3

അവസാനം വരെയും ത്രില്ലടിപ്പിക്കുന്ന കഥാ തന്തു

ചിത്രം കണ്ടു തീരും വരെയും പ്രേക്ഷകരെ ആകാംക്ഷയുടെ മുനയിൽ നിർത്തി ത്രില്ലടിപ്പിക്കുന്ന ചിത്രമായിരിക്കും സെയ്ഫ് എന്ന് ഷാജിയും സർജുവും ഉറപ്പു നൽകുന്നു. ഭാര്യ മരിച്ച ശ്രീധരൻ മാഷിന്റെയും രണ്ട് പെൺമക്കളുടെയും കഥ പറയുന്നതോടൊപ്പം അവരെ ചുറ്റിപ്പറ്റിയുള്ള സംഭവ വികാസങ്ങളും ചിത്രത്തെ മുന്നോട്ടു നയിക്കുന്നു. മക്കളില്‍ മൂത്തവൾ ശ്വേതയ്ക്ക് ഡോക്ടറാകണമെന്നായിരുന്നു ആഗ്രഹം. ഇളയവൾ ശ്രേയയ്ക്ക് ഐപിഎസ് ഉദ്യോഗസ്ഥയാകാനും. കോളജിൽ കലാതിലകം കൂടിയായ ശ്വേതയെ കോളജ് ഡേയ്ക്കിടെ കാണാതാകുന്നു.

safe-malayalam-movie4
സെയ്ഫ് എന്ന ചിത്രത്തിലെ രംഗം

പത്തു വർഷത്തോളം ശ്രീധരൻ മാഷ് മകൾക്ക് വേണ്ടി അന്വേഷണം നടത്തിയെങ്കിലും യാതൊരു തുമ്പും കിട്ടിയില്ല. ഇതേസമയം, ശ്രേയ ഐപിഎസുകാരിയായിത്തീരുന്നു. ചേച്ചിയുടെ ദുരൂഹമായ അപ്രത്യക്ഷമാകൽ മനസിൽ തീച്ചൂളയായി അലട്ടിയിരുന്ന ശ്രേയ നടത്തുന്ന രഹസ്യ അന്വേഷണം ചിത്രത്തിന് ത്രില്ലർ മൂഡ് സമ്മാനിക്കുന്നു. ചിത്രം തിയറ്ററിലെത്തുന്നതോടെ ഇന്ത്യയൊട്ടാകെ ഉപയോഗിക്കാവുന്ന ‘സെയ്ഫ്’ എന്നൊരു സുരക്ഷാ മൊബൈൽ ആപ്ലിക്കേഷൻ കൂടി പുറത്തിറക്കിക്കൊണ്ട് ചരിത്രം കുറിക്കുകയാണ് അണിയറപ്രവർത്തകർ. 

safe-malayalam-movie1
സെയ്ഫ് എന്ന ചിത്രത്തിലെ രംഗം

ചിത്രം യുഎഇയിലും റിലീസാകും

കേരളത്തോടൊപ്പം ചിത്രം യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലും റിലീസ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചതായി നിർമാതാക്കളിലൊരാളായ സർജു മാത്യു പറഞ്ഞു. നാലു കോടി രൂപ ചെലവിട്ടാണ് ചിത്രം നിർമിച്ചത്. സെയ്ഫ് വിജയിക്കുകയാണെങ്കിലും തുടർന്നും നിർമാണത്തിൽ ഒന്നിച്ച് മുന്നോട്ടുപോകാനാണ് തീരുമാനം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN GULF
SHOW MORE
FROM ONMANORAMA