ADVERTISEMENT

ദുബായ് ∙ സംഗീത പ്രേമികളുടെ കൂട്ടായ്മയായ സ്റ്റേജ് യുഎഇയുടെ അഞ്ചാം വാർഷികാഘോഷം ഒക്ടോബർ നാലിനും അഞ്ചിനും നടക്കും. ഖിസൈസിലെ ബിൽവാ ഇന്ത്യൻ സ്കൂള്‍ ഒാഡിറ്റോറിയത്തിലും ബർദുബായ് സിന്ധി സെറിമോണിയൽ ഹാളിലുമാണ് പരിപാടിയെന്ന് സ്റ്റേജ് യുഎഇ സ്ഥാപകനും ചെയർമാനുമായ എൻ.മുരളീധര പണിക്കർ പറഞ്ഞു.

നാലിന് വൈകിട്ട് ആറിന് ചലച്ചിത്ര പി‌ന്നണി ഗായകനും കർണാടക സംഗീതജ്ഞനുമായ പി.ഉണ്ണികൃഷ്ണന്റെ സംഗീത കച്ചേരിയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കം. വിട്ടൽ രാമമൂർത്തി (വയലിൻ) നെയ് വേലി വെങ്കടേഷ് (മൃദംഗം), അമൃത് കുമാർ (മുഖർശംഖ്) എന്നിവർ പക്കമേളം അവതരിപ്പിക്കും. രണ്ടായിരത്തോളം പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. പിറ്റേന്ന് രാവിലെ 7.30 മുതൽ രാത്രി 10 വരെ ബർദുബായ് സിന്ധി സെറിമോണിയൽ ഹാളിൽ സംഗീതാർച്ചന നടക്കും. മുൻകൂട്ട് പേര് റജിസ്റ്റർ ചെയ്ത യുഎഇയിലെ എല്ലാ പ്രായത്തിലുമുള്ള 90 സംഗീത വിദ്യാർഥികൾ  പരിപാടി അവതരിപ്പിക്കും. യുഎഇയിലെ സംഗീതാധ്യാപകർ നയിക്കുന്ന പഞ്ചരത്ന കീർത്താലാപനത്തോടെ പരിപാടിക്ക് തിരശ്ശീല വീഴും. രണ്ടിടത്തും പ്രവേശനം സൗജന്യം.

ഒാൾഡ് ഇൗസ് ഗോൾഡ്

സ്റ്റേജ് യുഎഇയുടെ നേതൃത്വത്തിൽ ഒക്ടോബർ 11ന് വൈകിട്ട് 6.30 മുതൽ കരാമയിലെ കരാമ സെന്ററിൽ സിനിമാ ഗാനങ്ങൾ ഉൾപ്പെടുത്തിയ ഒാൾഡ് ഇൗസ് ഗോൾഡ് പരിപാടി നടക്കും. എൻ.മുരളീധര പണിക്കറുടെ ദുബായ് ജാഫിലിയ്യ 22–ാം ന മ്പർ വില്ലയിൽ ശനിയാഴ്ചകളിൽ ഒത്തുകൂടാറുള്ള സംഗീതപ്രേമികൾ ഗാനങ്ങളാലപിക്കും. പ്രവേശനം സൗജന്യം.

സ്റ്റേജ് യുഎഇ

കൊല്ലം സ്വദേശിയായ എൻ.മുരളീധര പണിക്കർ 42 വർഷം മുൻപാണ് യുഎഇയിലെത്തിയത്. തബല വാദനം അഭ്യസിച്ചിട്ടുള്ള അദ്ദേഹം തന്നെ പോലെ സംഗീതം പഠിച്ച് അത് പ്രകടിപ്പിക്കാൻ വഴിയില്ലാത്ത യുഎഇയിലെ പ്രവാസി മലയാളികൾക്കായി തന്റെ വില്ലയിൽ സൗകര്യമൊരുക്കിക്കൊടുക്കുകയായിരുന്നു. 2009ൽ നാലു പേർ ചേർന്നു രൂപീകരിച്ചു സ്റ്റേജ് യുഎഇയിൽ സംഗീത ഉപകരണങ്ങളുടെ അകമ്പടിയോടെ നടക്കുന്ന പരിപാടിയിൽ ഇപ്പോൾ നൂറിലേറെ പേർ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുന്നു. വിവരങ്ങൾക്ക്: 00971 566 815684/ 00971 50 2089123.

വാർത്താ സമ്മേളനത്തിൽ പ്രോഗ്രാം കോ ഒാർഡിനേറ്റർമാരായ എം.ഗോപകുമാർ, മനോജ് മേനോൻ, എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ ബിജി വിജയ്, ഗോവിന്ദ് ഭട്ട്, രാജേഷ് രാമകൃഷ്ണൻ എന്നിവരും സംബന്ധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com