ADVERTISEMENT

അബുദാബി ∙ സൈക്കിൾ യാത്രക്കാരെ ശരിയായ പാതയിലേക്കു നയിച്ച് അബുദാബി പൊലീസ്. റോഡ് ഉപയോക്താക്കളുടെ സുരക്ഷ ലക്ഷ്യമിട്ട് ഉപകരണങ്ങൾ സമ്മാനിച്ചാണു നിയമപാലനത്തിലേക്കു സൈക്കിൾ യാത്രക്കാരുടെ ശ്രദ്ധ ക്ഷണിച്ചത്. അബുദാബി എമിറേറ്റിൽ നടത്തിയ ബോധവൽക്കരണത്തിലൂടെ നൂറുകണക്കിന് സൈക്കിൾ യാത്രക്കാർക്ക് പൊലീസ് സുരക്ഷ ഹെൽമറ്റ്, റിഫ്ലക്ടർ തുടങ്ങിയവ സമ്മാനിച്ചു.

ആദ്യം ഞെട്ടൽ പിന്നെ സന്തോഷം

സുരക്ഷാ ഉപകരണങ്ങൾ ധരിക്കാതെ സൈക്കിൾ ചവിട്ടി പോകുന്നവരെ പിടികൂടിയ പൊലീസ് എല്ലാവരെയും സൈക്കിൾ സഹിതം ഒരിടത്ത് എത്തിച്ചു. "പണി" കിട്ടി എന്ന മട്ടിൽ പേടിച്ചിരുന്ന പലരും പിഴ സംഖ്യയെക്കുറിച്ച് വേവലാതി പിടിച്ചിരിക്കുകയായിരുന്നു.

സുരക്ഷാ ഉപകരണങ്ങൾ ധരിക്കാതെ സൈക്കിൾ ചവിട്ടിപ്പോകുന്നത് ആപത്താണെന്ന് അറിയിച്ച പൊലീസ് ഇതുമൂലമുണ്ടാകുന്ന നഷ്ടങ്ങളും വിശദീകരിച്ചു. 

ഇനി നിയമം ലംഘിക്കരുതെന്ന് ഓർമിപ്പിച്ച പൊലീസ് പിടിച്ചെടുത്ത സൈക്കിൾ തിരിച്ചുനൽകി. ഒപ്പം എല്ലാവർക്കും സൗജന്യമായി സുരക്ഷാ ഉപകരണങ്ങളും സമ്മാനിച്ചതോടെയാണു ജനത്തിനു ശ്വാസം നേരെ വീണത്.

നിയമത്തിൽ വീഴ്ചയരുത്

സൈക്കിൾ സവാരി ആരോഗ്യത്തിന് നല്ലതാണെന്ന് പറഞ്ഞ പൊലീസ് സുരക്ഷാ ഉപകരണങ്ങൾ ഘടിപ്പിക്കുന്നതിൽ വിട്ടുവീഴ്ച ഉണ്ടാകരുതെന്നും മുന്നറിയിപ്പ് നൽകി. ബെൽ, മുൻപിലും പിന്നിലും ലൈറ്റ്, ഹെൽമറ്റ്, റിഫ്ലക്ടർ എന്നിവ ഉണ്ടെന്ന് ഉറപ്പുവരുത്തി സ്വയം സുരക്ഷിതരാകണം.

ചവിട്ടും മുൻപെ ഇത് അറിയുക 

∙ഗതാഗത നിയമ സൂചനാ ബോർഡുകളും സിഗ്നലുകളും പാലിച്ചായിരിക്കണം സവാരി

∙വശങ്ങളിലേക്ക് തിരിയുമ്പോൾ കൈകൊണ്ട് സിഗ്നൽ കാണിക്കുക.

∙ഹെൽമറ്റ്, കൈ, കാൽമുട്ട് പാഡുകൾ ധരിക്കുക

∙മുന്നിൽ സാധാരണ ലൈറ്റും പിന്നൽ ചുവന്ന ലൈറ്റും റിഫ്ലക്ടറും നിർബന്ധം

∙സൈക്കിളിൽ അമിത ഭാരം പാടില്ല

∙സർവീസ് റോഡുകൾ, സൈക്ലിങ് ട്രാക്ക് എന്നിവിടങ്ങളിൽ മാത്രം സൈക്കിൾ ചവിട്ടുക

∙നടപ്പാതകളിൽ കാൽനട യാത്രക്കാരുമായി കൂട്ടിയിടി ഒഴിവാക്കുക

∙പാർക്കുകളിലുള്ള സൈക്ലിങ് ട്രാക്ക് ഉപയോഗിക്കുക

∙തിരക്കേറിയ പാതകളിൽ സൈക്കിൾ ഓടിക്കുന്നത് ഒഴിവാക്കുക.

∙എതിർ ദിശയിൽ സൈക്കിൾ ചവിട്ടാതിരിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com