ADVERTISEMENT

ദോഹ ∙ ഖത്തറില്‍ താമസിക്കുന്ന പ്രവാസികളുടെ മക്കള്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറാതെ തന്നെ രാജ്യത്ത് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യാനുള്ള അനുമതിയും കമ്പനികള്‍ക്ക് താല്‍ക്കാലിക തൊഴില്‍ വീസയും അധികം താമസിയാതെ പ്രാബല്യത്തില്‍ വരും. നിലവില്‍ പ്രവാസികളുടെ പെണ്‍മക്കള്‍ക്ക് മാത്രമാണ് സ്‌പോണ്‍സര്‍ഷിപ്പ് മാറാതെ ജോലി ചെയ്യാന്‍ അനുമതിയുളളത്.

എന്നാല്‍, പുതിയ പ്രഖ്യാപനത്തോടെ 18 വയസിനു മുകളില്‍ പ്രായമുള്ള ആണ്‍ മക്കള്‍ക്കും വീസ മാറാതെ ജോലി ചെയ്യാം. സ്‌പോണ്‍സര്‍ഷിപ്പ് മാറാതെ ജോലി ചെയ്യുന്നതിന് ബന്ധപ്പെട്ട അധികൃതരുടെ അനുമതി തേടുകയും വേണം. പുതിയ പ്രഖ്യാപനത്തോടെ പ്രവാസി കുടുംബത്തിലെ മുഴുവന്‍ അംഗങ്ങള്‍ക്കും വീസ മാറാതെ ജോലി ചെയ്യാം.

സ്വകാര്യ മേഖലയിലെ കമ്പനികള്‍, വാണിജ്യ സ്ഥാപനങ്ങള്‍, അംഗീകൃത ലൈസന്‍സില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് താല്‍ക്കാലിക തൊഴില്‍ വീസയും ഉടന്‍ പ്രാബല്യത്തിലാകും. ഒന്നു മുതല്‍ ആറു മാസം വരെയാണ് താല്‍ക്കാലിക തൊഴില്‍ വീസ അനുവദിക്കുന്നത്. ഒരു മാസത്തേക്ക് 300 റിയാല്‍, രണ്ടു മാസത്തേക്ക് 500 റിയാല്‍, മൂന്നു മുതല്‍ ആറു മാസത്തേക്ക് ഒരു മാസം 200 റിയാല്‍ വീതവുമാണ് ഫീസ് നല്‍കേണ്ടത്.

doha-ministry
ആഭ്യന്തര, തൊഴില്‍ മന്ത്രാലയം അധികൃതര്‍ വാര്‍ത്താസമ്മേളനം നടത്തുന്നു.

തൊഴില്‍ മന്ത്രാലയത്തിന്റെ അനുമതി ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ആഭ്യന്തര മന്ത്രാലയമാണ് വീസ അനുവദിക്കുന്നത്. ഖത്തര്‍ വീസ സെന്ററുകള്‍ വഴിയാണ് ഇവയുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടത്. കൂടാതെ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവനങ്ങളുടെ നിരക്കില്‍ 20 ശതമാനം വരെ കുറവ് വരുത്താനും തീരുമാനമായിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ആഭ്യന്തര മന്ത്രാലയത്തിന്റെ സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയറക്ടറേറ്റിലെ ഓഫീസേഴ്‌സ് ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പാസ്‌പോര്‍ട്ട് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ അതീഖ്, തൊഴില്‍ മന്ത്രാലയം അസി.അണ്ടര്‍സെക്രട്ടറി മുഹമ്മദ് ഹസന്‍ അല്‍ ഒബെയ്ദലി, നിയമ കാര്യ വകുപ്പ് അസി.ഡയറക്ടര്‍ അഹമ്മദ് അബ്ദുല്ല അല്‍ ഹരാമി എന്നിവര്‍ പങ്കെടുത്തു. പുതിയ മാറ്റങ്ങള്‍ രാജ്യത്തെ 20 ലക്ഷത്തിലധികം വരുന്ന പ്രവാസ ലോകത്തിന് മാത്രമല്ല ഖത്തറിന്റെ തൊഴില്‍ വിപണിക്കും ഏറെ ഗുണം ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com