ADVERTISEMENT

ഷാർജ ∙ ഏകാധിപത്യത്തിന് പല മുഖങ്ങൾ ഉണ്ടാവുകയും സ്വാതന്ത്ര്യം മിഥ്യയായി മാറുകയും ചെയ്യുന്ന കാലത്ത് മനുഷ്യ ജീവിതം ദുസ്സഹമായിത്തീരുന്നുവെന്ന് സാഹിത്യകാരൻ സേതു. ഷാർജ ഇന്ത്യൻ അസോസിയേഷൻ, അക്കാഫ് വൊളന്റിയർ ഗ്രൂപ്പ് എന്നിവയുടെ സഹകരണത്തോടെ മലയാള മനോരമയും ഭാഷാപോഷിണിയും സംഘടിപ്പിച്ച മലയാള സാഹിത്യം–സംവാദത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

എന്തൊക്കെ കുറവുകളുണ്ടെങ്കിലും ഞാൻ എന്റെ മാതൃരാജ്യത്തെ ഏറ്റവുമധികം സ്നേഹിക്കുന്നു. കാരണം, നമ്മൾ ഒരുപാട് കഷ്ടപ്പെട്ട് നേടിയ ജനാധിപത്യ രാജ്യമാണത്. ആരൊക്കെ ഏതുവഴിയിൽ തകർക്കാൻ ശ്രമിച്ചാലും അത് ജനാധിപത്യത്തെ സ്നേഹിക്കുന്നവർ സംരക്ഷിക്കും. ജനാധിപത്യത്തെ കശാപ്പു ചെയ്യരുതെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയ ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും മറ്റു 48 പേർക്കും കേസെടുത്തതിനെതിരെ ഞങ്ങൾ നാട്ടിൽ പ്രതികരിക്കുകയുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

വായന കുറഞ്ഞിട്ടില്ലെങ്കിലും അത് ഡിജിറ്റലിലും മറ്റും ആകുംവിധം രീതികൾ മാറിക്കൊണ്ടിരിക്കും. സാഹിത്യത്തെ ഗൗരവപൂർമായി സമീപിക്കുന്നവർ എന്നും ചെറിയൊരു ശതമാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ. മലബാറു ഭാഗങ്ങളിൽ വായന കൂടി വരുമ്പോൾ തെക്കൻ പ്രദേശങ്ങളിൽ കുറഞ്ഞുവരുന്നതായി കാണാം. മലയാളത്തെയും സാഹിത്യത്തെയും സ്നേഹിക്കുന്നത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്. സാഹിത്യത്തെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ വരുമെന്ന് ആരും കരുതേണ്ട. അങ്ങനെയുണ്ടായാൽ അതിന് പിന്നാലെ വിവാദവും തർക്കങ്ങളും വരും. അവാർഡുകൾക്കും നേട്ടങ്ങൾക്കും അപ്പുറമായി 52 വര്‍ഷമായിട്ടും എനിക്ക് സ്വപ്നം കാണാനും സങ്കൽപിക്കാനും വല്ലപ്പോഴും എഴുതാനും കഴിയുന്നു. അത് ജീവിതത്തിലെ വലിയ സാഫല്യമായി കരുതുന്നു. ഞാൻ ജീവിച്ചിരിക്കുന്നു എന്നും പ്രസക്തമാണെന്നും എന്നെത്തന്നെ ബോധ്യപ്പെടുത്താൻ മാത്രമാണ്, അല്ലാതെ സമൂഹത്തെ നന്നാക്കാനല്ല എഴുതുന്നത്. പ്രതിഭയുള്ളവർ സ്വയം അവസരമുണ്ടാക്കി മുന്നോട്ടു വരണമെന്നും സേതു അഭിപ്രായപ്പെട്ടു.

writer-sethu-uae

‘കിളിക്കൂട്’ എന്ന സോഷ്യോ പൊളിറ്റിക്കൽ നോവൽ എഴുതുന്നത് അടുത്ത കാലത്താണ്. വൈവിധ്യം എന്നത് ജീവിതത്തിന്റെയും വായനയുടെയും ഭാഗമാണ്. രചനാ പദ്ധതികള്‍ മാറിക്കൊണ്ടിരിക്കുമ്പോഴും മലയാള സാഹിത്യം ഇന്നത്തെ ചെറുപ്പക്കാരുടെ ഇടയിൽ ഭദ്രമാണെന്ന് കരുതുന്നു. വിശേഷ സാഹിത്യ പതിപ്പുകളിൽ പല വലിയ എഴുത്തുകാരുടെയും കഥകൾ നിലവാരമില്ലാത്തവ ആയിപ്പോകുന്നതിന് കാരണം സമയപരിധിവച്ച് എഴുതുന്നത് കൊണ്ടാണ്. പലപ്പോഴും പത്രാധിപരുടെ സൗഹാർദപരമായ നിർബന്ധത്തിന് വഴങ്ങി എഴുതുമ്പോൾ ചവറും മികച്ചതുമായിപ്പോകാം–സേതു വ്യക്തമാക്കി.

സമൂഹ മാധ്യമങ്ങൾ വഴി മലയാളത്തിൽ ഒടുപാട് ചവറ് സാഹിത്യങ്ങൾ ഉണ്ടാകുന്നതായി സാഹിത്യകാരനും മലയാള മനോരമ സീനിയർ അസോസിയേറ്റ് എഡിറ്ററുമായ ജോസ് പനച്ചിപ്പുറം പറഞ്ഞു. മലയാളം പോലും ശരിക്ക് എഴുതാനറിയാത്തവർ സമൂഹ മാധ്യമങ്ങളിൽ സാഹിത്യം കുറിക്കുന്നു. എന്നാല്‍ ഇതിന് വിപരീതമായി വളരെ അപൂർവമായി മികച്ച സാഹിത്യവും ഉണ്ടാകുന്നുണ്ട്. ഫെയ്സ് ബുക്കിലും മറ്റും കിട്ടുന്ന ലൈക്കിന്റെ അടിസ്ഥാനത്തിൽ ആളുകൾ സാഹിത്യത്തെ വിലയിരുത്തുന്നുവെന്നും ഇത് വിരോധാഭാസമാണെന്നും സംവാദത്തിൽ പങ്കെടുത്ത് അദ്ദേഹം പറഞ്ഞു.

വൈക്കം മുഹമ്മദ് ബഷീർ ഒരു ഭഗവത് ഗീതയും കുറേ മുലകളും എന്ന നോവലും എം.ടി.വാസുദേവൻ നായർ നിർമാല്യം എന്ന സിനിമയും യാഥാർഥ്യമാക്കി നമ്മെ ഞെട്ടിപ്പിച്ചിട്ടുണ്ട്. എന്നാൽ അക്കാലത്ത് അതാരും വലിയ പ്രശ്നമാക്കിയില്ല. ഇന്നായിരുന്നെങ്കിലും അത് പല രീതിയിൽ വ്യാഖ്യാനിക്കപ്പെട്ട് വിവാദങ്ങളുണ്ടാക്കുമായിരുന്നു. സാഹിത്യത്തിന്റെ ആസ്വാദനത്തിലും പ്രതികരണത്തിലും ഒരുപാട് വ്യത്യാസങ്ങളുണ്ടായെന്നും ജോസ് പനച്ചിപ്പുറം പറഞ്ഞു. മലയാള മനോരമ ദുബായ് ബ്യൂറോ ചീഫ് രാജു മാത്യു പ്രസംഗിച്ചു. വായനക്കാർ സേതു, ജോസ് പനച്ചിപ്പുറം എന്നിവരുമായി സംവദിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com