ADVERTISEMENT

അബുദാബി ∙ ടോളിനു മുന്നോടിയായി അബുദാബിയിൽ പൊതുഗതാഗത സേവനത്തിൽ സമഗ്ര പരിഷ്കാരം. പുതിയ റൂട്ടിൽ ബസ് സർവീസ് ഏർപ്പെടുത്തുകയും നിലവിലുള്ള പരിഷ്കരിക്കുകയും ചെയ്തതോടെ നാളെ മുതൽ എമിറേറ്റിൽ ബസ് ഗതാഗതം കൂടുതൽ എളുപ്പമാകും. ഇതിന്റ ഭാഗമായി 147 അധിക സർവീസാണ് നിരത്തിലിറങ്ങുന്നതെന്ന് സംയോജിത ഗതാഗത കേന്ദ്രം (ഐടിസി) അറിയിച്ചു. ഏകീകൃത ടിക്കറ്റ് നിരക്കിന്റെ ആദ്യഘട്ടവും ഇതോടനുബന്ധിച്ച് പ്രാബല്യത്തിൽ വരും.

മികച്ച ഗതാഗത അനുഭവം ഒരുക്കാനായി യാത്രക്കാരിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് പരിഷ്കാരമെന്ന് ഐടിസിയുടെ പൊതുഗതാഗത വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് ഹമദ് അൽ മുഹൈരി പറഞ്ഞു. ഈ വർഷം ആദ്യ 8 മാസത്തിനിടെ ബസ് യാത്രക്കാരുടെ എണ്ണം 15% വർധിച്ച് 4.82 കോടിയായി. 2018 ഇതേകാലയളവിൽ ഇത് 4.18 കോടിയായിരുന്നു.
ഏകീകൃത നിരക്ക് ഏർപ്പെടുത്തുന്നതോടെ 2 മണിക്കൂറിനകം ബസുകൾ മാറി കയറേണ്ടിവന്നാലും ഒറ്റ നിരക്കേ ഈടാക്കൂ.

അബുദാബി, അൽഐൻ, അൽദഫ്റ മേഖലകളിൽ ബസ് ഫീസിൽ മാറ്റം വരുത്തില്ല. ടോളിനു മുന്നോടിയായി ബസ് ഗതാഗത ശൃംഖല മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പദ്ധതിയെന്ന് ഓപ്പറേഷൻസ് ഡയറക്ടർ അതീഖ് മുഹമ്മദ് അൽ മസ്റൂഇ പറഞ്ഞു. കുറഞ്ഞ ചെലവിൽ വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്താൻ സാധിക്കുമെന്നതിനാൽ സ്വകാര്യ വാഹനങ്ങൾ ഒഴിവാക്കി പൊതുഗതാഗത സേവനം പ്രയോജനപ്പെടുത്തുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

പുതിയ ബസ് റൂട്ടുകൾ

അൽഫല സിറ്റി

∙ അൽഫല സിറ്റിയിലേക്കുള്ള എഫ്01 ബസ് 60 മിനിറ്റ് ഇടവിട്ട് സർവീസ് നടത്തും.

ഖലീഫ സിറ്റി

∙ കെ01 - ഖലീഫ സിറ്റി സൂഖിൽ നിന്ന് അൽഫൊർസാൻ വഴി ഖലീഫ സിറ്റി സൂഖിലേക്ക്

∙ കെ02 - ഖലീഫ സിറ്റി സൂഖിൽ നിന്ന് സായിദ് യൂനിവേഴ്സിറ്റി വഴി ഖലീഫ സിറ്റി സൂഖിലേക്ക്

∙ കെ03 -അൽറയ്യാനിൽനിന്നും ഖലീഫ സിറ്റി വഴി മസ്ദറിലേക്ക്

∙ കെ04 - അൽഫൊർസാനിൽ നിന്ന് മസ്ദർ വഴി അബുദാബി രാജ്യാന്തര വിമാനത്താവളത്തിലേക്ക്

∙ കെ05 - അഡ്നോക് സ്കൂളിൽനിന്ന് ഖലീഫ സിറ്റി സൂഖ് വഴി എത്തിഹാദ് റസിഡൻസിലേക്ക്.

എക്സ്പ്രസ് റൂട്ട്

എക്സ് 2 റൂട്ട് ഇനി മുതൽ 161 ആയാണ് അറിയപ്പെടുക. സേവനം ഖലീഫ സിറ്റി സൂഖ് വരെ നീട്ടി. ഖലീഫ സിറ്റിയിൽ നിന്ന് അബുദാബി ഐലൻഡിലേക്ക് 30 മിനിറ്റ് ഇടവേളയിലാണ് സേവനം.

എ19 - ഖലീഫ സിറ്റിയിലെ ഇത്തിഹാദ് റസിഡൻസ് വഴിയാക്കി.

മുസഫ

∙ എം01 - ഡൽമ മാളിൽ നിന്ന് മുസഫ, മുഹമ്മദ് ബിൻ സായിദ് സിറ്റി എന്നിവിടങ്ങളിലേക്ക്

∙ എം02 - മുസഫയിൽ നിന്ന് മുഹമ്മദ് ബിൻ സായിദ് സിറ്റിയിലേക്ക്

∙ എം04/എം05 - മുസഫയിൽ നിന്ന് മുഹമ്മദ് ബിൻ സായിദ് സിറ്റിയിലൂടെ മസ് യദ് മാളിലേക്ക്

ബനിയാസ്

∙ 443 റൂട്ട് ബി43 ആയും 445 ബി45ആയും 447 ബി47 ആയും മാറ്റി.

∙ ബി47 - ബനിയാസിലെ ഉൾപ്രദേശങ്ങളിലേക്കുള്ള ബസ് 60 മിനിറ്റ് ഇടവേളകളിൽ സർവീസ് നടത്തും.

∙ 101 - മുസഫയിൽ നിന്ന് അബുദാബി വഴി അൽറീഫിലേക്ക്

∙ 102 - മുഹമ്മദ് ബിൻ സായിദ് സിറ്റിയിൽ നിന്ന് അബുദാബി വഴി യാസ് ഐലൻഡിലേക്ക്

∙ 120 - മുഹമ്മദ് ബിൻ സായിദ് സിറ്റിയിൽ നിന്ന് അബുദാബി വഴി സാദിയാത് ഐലൻഡിലേക്ക്

∙ 121 - മുഹമ്മദ് ബിൻ സായിദ് സിറ്റിയിൽ നിന്ന് അബുദാബി വഴി സാദിയാത് ഐലൻഡിലേക്ക്

∙ 170 - അൽറാഹ ബീച്ചിൽനിന്ന് അബുദാബി വഴി സാദിയാത് ഐലൻഡിലേക്ക്

∙ 216 - ഖലീഫ സിറ്റിയിൽ നിന്ന് ഷഹാമ വഴി അൽബാഹിയയിലേക്ക്

∙ 400 - അൽറഹ്ബയിൽ നിന്ന് അബുദാബി വഴി മഫ്റഖിലേക്ക്

∙ 401 - ബനിയാസിൽ നിന്ന് അബുദാബി വഴി അൽ ഷെലെയ്്ല

∙ 200 - ബനിയാസിൽ നിന്ന് അബുദാബി വഴി അൽ സദറിലേക്ക്

പുതിയ ബസ് ഇൗ വഴികളിലൂടെ

210, 26, 222, 410, ബി43, ബി45, ബി47, എ18, എ19 എന്നീ റൂട്ടുകളിൽ നിലവിലുള്ള ബസുകൾ മാറ്റി പുതിയ ബസ് സർവീസ് നടത്തും. 410 - അര മണിക്കൂറും 404 റൂട്ടിൽ 90 മിനിറ്റും 400, 405 എന്നീ റൂട്ടുകളിൽ 60 മിനിറ്റും ഇടവിട്ട് സർവീസുണ്ടാകും. ക്യു03 - നഗരത്തിലെ ബസ് കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ചു റോന്തുചുറ്റുന്ന ബസ് തിരക്കുള്ള സമയങ്ങളിൽ 6 മിനിറ്റ് ഇടവിട്ടും തിരക്കില്ലാത്ത സമയത്ത് 7 മുതൽ 14 മിനിറ്റ് ഇടവിട്ടുമായിരിക്കും സേവനം. 41, 42, 56, 63, 102, 111 റൂട്ടുകളിൽ സാധാരണ ദിവസങ്ങളിൽ 20 മിനിറ്റ് ഇടവിട്ട് സർവീസുണ്ടാകും. വെള്ളിയാഴ്ച വൈകിട്ട് 6.30ന് ശേഷം 30 മിനിറ്റ് ഇടവിട്ടായിരിക്കും സേവനം.

43 പുതിയ സർവീസ്  ഖലീഫ പാലം വഴി

147 അധിക സർവീസിൽ 43 എണ്ണം ഖലീഫ പാലം വഴിയുള്ളതായിരിക്കും. ഷഹാമ, യാസ് ഐലൻഡ് എന്നിവിടങ്ങളിൽനിന്ന് നഗരത്തിലേക്ക് വരുന്നവർക്ക് ഈ ബസുകൾ പ്രയോജനപ്പെടുത്താം. മഖ്ത പാലത്തിൽ നിന്നുള്ള 104 അധിക സേവനത്തിന്റെ പ്രയോജനം മുസഫ, ബനിയാസ്, അൽനഹ്ദ മേഖലകളിൽനിന്നുള്ള യാത്രക്കാർക്ക് ലഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com