sections
MORE

മെട്രോ വലച്ചു; നൂറുകണക്കിനു യാത്രക്കാർ പെരുവഴിയിലായി

metro
മെട്രോ സർവീസ് മുടങ്ങിയതിനെ തുടർന്ന് ബിസിനസ് ബേ സ്റ്റേഷനു സമീപം ബസ് കാത്തുനിൽക്കുന്ന യാത്രക്കാർ.
SHARE

ദുബായ് ∙ റെഡ് ലൈനിൽ 4 മണിക്കൂറിലേറെ മെട്രോ സർവീസ് ഭാഗികമായി മുടങ്ങിയത് യാത്രക്കാരെ വലച്ചു. ബസും ടാക്സിയും സമയത്തു കിട്ടാതെ നൂറുകണക്കിനു യാത്രക്കാർ പെരുവഴിയിലായി. പലരും ഓഫിസുകളിലെത്താൻ വൈകി. ഉച്ചയ്ക്ക് ഒന്നരയ്ക്കു ശേഷം സർവീസുകൾ പുനരാരംഭിച്ചു. നൂർബാങ്ക്, ഫസ്റ്റ് അബുദാബി ബാങ്ക് (എഫ്എബി), ഷറഫ് ഡിജി, മാൾ ഓഫ് ദി എമിറേറ്റ്സ്, ദുബായ് ഇന്റർനെറ്റ് സിറ്റി സ്റ്റേഷനുകൾക്കിടയിലാണു സർവീസ് മുടങ്ങിയത്. സാങ്കേതിക കാരണങ്ങളാലാണു സർവീസ് മുടങ്ങിയതെന്ന് ആർടിഎ അധികൃതർ അറിയിച്ചു. രാവിലെ 9 മണിയോടെ ഷറഫ് ഡിജി സ്റ്റേഷനിലാണു പ്രശ്നം തുടങ്ങിയത്.

പിന്നീട് മാൾ ഓഫ് ദി എമിറേറ്റ്സ്, ഇന്റർനെറ്റ് സിറ്റി സ്റ്റേഷനുകളിലും സർവീസ് മുടങ്ങി. റാഷിദിയയിൽ നിന്നു യഎഇ എക്സ്ചേഞ്ച് ഭാഗത്തേക്കു രാവിലെ വൻതിരക്കായതിനാൽ ഒട്ടേറെ യാത്രക്കാർ വലഞ്ഞു. നൂർ ബാങ്ക് സ്റ്റേഷനു മുൻപുള്ള ബിസിനസ് ബേ സ്റ്റേഷനിൽ ട്രെയിനുകൾ സർവീസ് അവസാനിപ്പിച്ചു യാത്രക്കാരെ ഇറക്കി. പകരം ബസ് സർവീസ് ഉണ്ടാകുമെന്ന് അറിയിച്ചെങ്കിലും ഇന്റർനെറ്റ് സിറ്റി, നഖീൽ ഭാഗത്തേക്ക് ബസുകൾ കുറവായിരുന്നു. മെട്രോ സ്റ്റേഷനു വെളിയിൽ തിങ്ങിനിറഞ്ഞ യാത്രക്കാർ ടാക്സികൾക്കു പിന്നാലെ കൂട്ടത്തോടെ പാഞ്ഞു. ടാക്സി കിട്ടാനായി പലർക്കും ഏറെദൂരം നടക്കേണ്ടിവന്നു.

സൂക്ഷ്മതയോടെ കേന്ദ്രീകൃത നിയന്ത്രണം

∙ ഡ്രൈവറില്ലാ മെട്രോയുടെ സിരാകേന്ദ്രമാണ് റാഷിദിയയിലെ ഓപ്പറേഷൻസ് കൺട്രോൾ സെന്റർ (ഒസിസി). ഓരോ ട്രെയിനിന്റെയും സ്പന്ദനമറിയുന്ന ഇവിടെ ഗ്രീൻ, റെഡ് ലൈനുകൾക്ക് പ്രത്യേക വിഭാഗമുണ്ട്. ട്രെയിനുകളുടെയും പാളത്തിന്റെയും മറ്റും ചെറിയ തകരാറുകൾ പോലും വേഗം കണ്ടെത്താനും പരിഹരിക്കാനും കഴിയും.

∙ട്രെയിനുകൾ സൂക്ഷ്മമായി നിരീക്ഷിക്കാനുള്ള കൂറ്റൻ സ്‌ക്രീനിനു പുറമേ റെഡ് ലൈനിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് 37,. ഗ്രീൻലൈനിനായി 28 എന്ന ക്രമത്തിൽ സ്‌ക്രീനുകളുണ്ട്. ദിവസവും 24 മണിക്കൂറും ജാഗരൂകരായി ജീവനക്കാരുമുണ്ടാകും. സിസി ടിവി ക്യാമറകൾ, ട്രാക്കുകൾ, സ്‌റ്റേഷനുകളിലെ വിവിധ ഓഫിസുകൾ, വെളിച്ച-അഗ്നിശമന സംവിധാനങ്ങൾ തുടങ്ങിയവ നിരീക്ഷിക്കുന്നു. ഓരോ സ്‌റ്റേഷനിലേയും താപനില പോലും അറിയാനാകും.

∙ ഒസിസിയിലെ കൂറ്റൻ സ്‌ക്രീൻ വിഷ്വൽ കൺട്രോൾ പാനൽ (വിസിപി) എന്നാണറിയപ്പെടുന്നത്. ഒരു ഭിത്തി മുഴുവൻ സ്‌ക്രീനാണ്. ഇതിന്റെ ഒരുഭാഗം റെഡ്‌ലൈനിനും മറ്റേ ഭാഗം ഗ്രീൻലൈനിനും ഉള്ളതാണ്. ഓരോ ട്രെയിനിന്റെയും നമ്പർ ഉൾപ്പെടെയുള്ള എല്ലാ വിവരങ്ങളും ഇതിൽ നിന്നറിയാനാകും.

മെട്രോ സമയം ഓർമിക്കാം

∙ റെഡ് ലൈനിൽ ശനി മുതൽ ബുധൻ വരെ പുലർച്ചെ 5നു സർവീസ് തുടങ്ങി രാത്രി 12ന് അവസാനിക്കും. വ്യാഴാഴ്ചകളിൽ പുലർച്ചെ 5 മുതൽ രാത്രി ഒന്നുവരെയും വെള്ളിയാഴ്ചകളിൽ രാവിലെ 10 മുതൽ രാത്രി ഒന്നുവരെയുമാണ് സർവീസ്.

∙ഗ്രീൻ ലൈനിൽ ശനി മുതൽ ബുധൻ വരെ പുലർച്ചെ 5.30 നു സർവീസ് തുടങ്ങി രാത്രി 12ന് അവസാനിക്കും. വ്യാഴാഴ്ചകളിൽ പുലർച്ചെ 5.30 മുതൽ രാത്രി ഒന്നുവരെയും വെള്ളിയാഴ്ചകളിൽ രാവിലെ 10 മുതൽ രാത്രി ഒന്നുവരെയുമാണു സർവീസ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
FROM ONMANORAMA