ADVERTISEMENT

അബുദാബി ∙ അപൂർവ രോഗം ബാധിച്ച് ആറര മാസമായി അബുദാബി ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ കഴിഞ്ഞിരുന്ന തിരുവനന്തപുരം നെടുമങ്ങാട് വിതുര ലളിത ഭവനിൽ ബിന്ദുവിന്റെ മകൾ നീതുവിനെ വിദഗ്ധ ചികിത്സയ്ക്കായി ഇന്നു നാട്ടിലേക്കു കൊണ്ടുപോകും. വിമാനത്തിൽ യാത്ര ചെയ്യാനാവും വിധം ആരോഗ്യം വീണ്ടെടുത്തതോടെ യാത്രാനുമതി നൽകുകയായിരുന്നു ആശുപത്രി അധികൃതർ. അരയ്ക്കു താഴെ തളർന്ന് അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന നീതുവിന്റെ ദുരവസ്ഥ മനോരമ റിപ്പോർട്ട് ചെയ്തിരുന്നു.

ഇന്നു രാത്രി ഷാർജ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിക്കുന്ന നീതുവിനെ തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലെത്തിക്കും. സ്ട്രെച്ചറിലുള്ള രോഗിയെ അഹല്യ ആശുപത്രിയിലെ സ്റ്റാഫ് നഴ്സും അമ്മ ബിന്ദുവും അനുഗമിക്കും. പുലർച്ചെ 5.30ന് തിരുവനന്തപുരത്ത് എത്തുന്ന നീതുവിനെ ശ്രീചിത്തിര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശിപ്പിക്കും. ഇതിനാവശ്യമായ സൗകര്യങ്ങൾ നോർക്ക ഏർപ്പാടാക്കിയിരുന്നു. സന്ദർശക വീസയിലുള്ള വിദേശികൾക്ക് നൽകാവുന്ന 6 മാസത്തെ ചികിത്സാ കാലാവധി തീർന്നതോടെ നീതുവിനെ എങ്ങോട്ട് കൊണ്ടുപോകുമെന്ന സങ്കടത്തിലായിരുന്നു ബിന്ദു. അബുദാബി ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ സന്ദർശിച്ച വ്യവസായ മന്ത്രി ഇ.പി ജയരാജനും സ്പീക്കർ ശ്രീരാമകൃഷ്ണനുമാണു നോർക്കയുടെ സഹായം ഉറപ്പു നൽകിയത്.

ഭർത്താവ് ഉപേക്ഷിച്ചതോടെ നിത്യജീവിതത്തിനു വക തേടി 2 മക്കളെയും അമ്മയെ ഏൽപിച്ച് അബുദാബിയിൽ തൂപ്പു ജോലിക്ക് എത്തിയതായിരുന്നു ബിന്ദു. 12 വർഷത്തെ അധ്വാനത്തിനൊടുവിൽ മകൾ നീതുവിനെ വിവാഹം ചെയ്തയച്ചു. പിന്നീടു സന്ദർശക വീസയിൽ അമ്മയെ കാണാനെത്തിയ നീതുവിനു മാർച്ച് 17ന് പനിയും ഛർദിയും അപസ്മാരവും അനുഭവപ്പെടുകയായിരുന്നു. അപസ്മാരം കൂടിയതോടെ 27ന് ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റിയിലേക്ക് മാറ്റി. . 4 മാസത്തോളം തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റി, ക്ലീവ് ലാൻഡ് ക്ലിനിക്, മഫ്റഖ്, എറണാകുളം അമൃത എന്നീ ആശുപത്രികളിലെ ന്യൂറോ വിദഗ്ധ ഡോക്ടർമാരുടെ മാർഗ നിർദേശം അനുസരിച്ചായിരുന്നു ചികിത്സ.

നീതുവിന്റെ സന്ദർശക വീസ കാലാവധി തീർന്നതു മൂലമുണ്ടായിരുന്ന 18,000 ദിർഹം പിഴ ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ വിപുലിന്റെ ഇടപെടലിലൂടെ എമിഗ്രേഷൻ അധികൃതർ എഴുതിത്തള്ളി.നാട്ടിലേക്കു കൊണ്ടുപോകാനുള്ള ആദ്യ ശ്രമം നീതുവിന്റെ ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്ന് വിഫലമായിരുന്നു. ഇതോടെ ഔട്ട്പാസിന്റെ കാലാവധിയും തീർന്നിരുന്നു. ബിജെപി എൻആർഐ സെൽ സംസ്ഥാന കൺവീനർ ഹരികുമാറാണു രണ്ടാമതും ഔട്ട്പാസ് എടുക്കാനും മറ്റും സഹായിച്ചതെന്ന് ബിന്ദു പറഞ്ഞു. നീതുവിനും അനുഗമിക്കുന്നവർക്കുമുള്ള വിമാന ടിക്കറ്റ് ഇന്ത്യൻ എംബസിയും ഏർപ്പാടാക്കി. മനോരമ വാർത്തയെ തുടർന്ന് നൊസ്റ്റാൾജിയ രക്ഷാധികാരി അഹദ് വെട്ടൂർ അടക്കം സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ നേരിട്ട് ബിന്ദുവിനു സഹായം എത്തിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com