ADVERTISEMENT

ദോഹ∙ ആവേശവും കൗതുകവും നിറച്ച് അനോക് പ്രഥമ ലോക ബീച്ച് ഗെയിംസ് മത്സരങ്ങൾ ഇന്ന് തുടങ്ങും.  നാളെയാണ് ഔദ്യോഗിക ഉദ്ഘാടനം. അൽ ഗരാഫ ബീച്ചിൽ ഇന്ന് രാവിലെ 9ന് ബീച്ച് ഹാൻഡ്‌ ബോൾ, ബീച്ച് ഫുട്‌ബോൾ മത്സരങ്ങളോടെയാണ് തുടക്കം. ബീച്ച്, ജല, വ്യക്തിഗത കായിക ഇനങ്ങൾ കോർത്തിണക്കിയാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. 5 കിലോമീറ്റർ നീന്തൽ, ബീച്ച് ടെന്നിസ്, ഫുട്‌ബോൾ, ഹാൻഡ്‌ ബോൾ, വോളിബോൾ, സ്‌കേറ്റ് ബോർഡിങ് തുടങ്ങി  13   ഇനങ്ങളിലാണ് മത്സരം. അൽ ഗരാഫ ബീച്ച് കൂടാതെ കത്താറ, ആസ്പയർ, റിറ്റ്‌സ് കാൾട്ടൻ ബീച്ച് എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്.  ഖത്തർ ഒളിംപിക് കമ്മിറ്റിയാണ് പ്രാദേശിക സംഘാടകർ.

anoc-pressmeet
ഖത്തർ ഒളിംപിക് കമ്മിറ്റിയിൽ നടന്ന വാർത്താസമ്മേളനത്തിൽ അനോക് സെക്രട്ടറി ജനറൽ ഗുനില്ല ലിൻഡ്‌ബെർഗും ഖത്തർ ഒളിംപിക് കമ്മിറ്റി സെക്രട്ടറി ജനറൽ ജാസിം റാഷിദ് അൽ ബുനെയ്‌നും.

 

ബീച്ച് ഗെയിംസ് ഏറ്റവും മികച്ചതായി മാറുമെന്നതിൽ സംശയമില്ലെന്ന് അനോക് സെക്രട്ടറി ജനറൽ ഗുനില്ല ലിൻഡ്‌ബെർഗ് പറഞ്ഞു. മികച്ച ആതിഥേയത്വത്തിന് രാജ്യത്തോടുള്ള നന്ദിയും ഗുനില്ല അറിയിച്ചു. 100 രാജ്യങ്ങളിൽ നിന്നുള്ള 1,300 കായിക താരങ്ങൾ മത്സരത്തിന് എത്തിയതായി ഖത്തർ ഒളിംപിക് കമ്മിറ്റി ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിൽ ഗുനില്ല അറിയിച്ചു. മികച്ച വിനോദ കേന്ദ്രമെന്ന നിലയിൽ ഖത്തർ സഞ്ചാരികൾക്കായി നൽകുന്നത് എന്താണെന്ന് ലോകത്തെ അറിയിക്കാനുള്ള അവസരമാണ് അനോക് ലോക ബീച്ച് ഗെയിമെന്ന് ഖത്തർ ഒളിംപിക് കമ്മിറ്റി സെക്രട്ടറി ജനറൽ ജാസിം റാഷിദ് അൽ ബുനെയ്ൻ പറഞ്ഞു.

വിജയ പ്രതീക്ഷയിൽ ഖത്തർ

ദോഹ ∙ സ്വന്തം മണ്ണിൽ മികച്ച വിജയം നേടാനുള്ള തയാറെടുപ്പിലാണ് ഖത്തർ ദേശീയ നീന്തൽ താരങ്ങൾ. നാളെ ആരംഭിക്കുന്ന അനോക് ലോക ബീച്ച് ഗെയിംസിൽ ഗ്രൂപ്പ് ബിയിൽ ഖത്തർ പങ്കെടുക്കും. പുരുഷ 5 കിലോമീറ്ററിൽ അബ്ദുൽറഹ്മാൻ ഹിഷാം, വനിതാ 5 കിലോമീറ്ററിൽ നാദ മുഹമ്മദ് വഫ അർക്ജി എന്നിവരും മത്സരിക്കും. കത്താറ ബീച്ചിൽ ഞായറാഴ്ചയാണ് ഇരുവരും മത്സരിക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രിലിൽ  കുവൈത്തിൽ നടന്ന ജിസിസി നീന്തൽ ചാംപ്യൻഷിപ്പിൽ പുരുഷ 5 കിലോമീറ്ററിൽ ഹിഷാം വെങ്കലം നേടിയിരുന്നു. 16 വരെയാണ് മത്സരങ്ങൾ. പ്രവേശനം സൗജന്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com