ADVERTISEMENT

ദോഹ∙ രാജ്യത്തെ പ്രവാസി തൊഴിലാളികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്നതിൽ മേഖലയിൽ ഖത്തർ മുൻനിരയിലെന്ന് ഗവൺമെന്റ് കമ്യൂണിക്കേഷൻ ഓഫിസ് (ജിസിഒ). തൊഴിലാളികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിൽ രാജ്യാന്തര സംഘടനകളും സ്ഥാപനങ്ങളുമായി വർഷങ്ങളായി സഹകരിച്ചാണ് ഖത്തർ പ്രവർത്തിക്കുന്നതെന്ന് ജിസിഒ പ്ലാനിങ് വിഭാഗം അസി.ഡയറക്ടർ ഷെയ്ഖ് ജാസിം ബിൻ മൻസൂർ അൽതാനി പറഞ്ഞു.

ഹ്യൂമൻ റൈറ്റ്‌സ് വാച്ച് പ്രസിദ്ധീകരിച്ച റിപ്പോർട്ടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. റിപ്പോർട്ടിലുള്ള കാര്യങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതും അടിസ്ഥാന രഹിതവുമാണ്. വേനൽക്കാലങ്ങളിൽ പ്രാബല്യത്തിൽ വരുന്ന ഉച്ചവിശ്രമ നിയമം കമ്പനികൾ പാലിക്കുന്നത് ഉറപ്പുവരുത്താൻ തൊഴിൽ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ തൊഴിലിടങ്ങളിൽ കൃത്യമായ പരിശോധന നടത്തുന്നുണ്ട്. ഈ വർഷം ഉച്ചവിശ്രമ നിയമം ലംഘിച്ച 300ലേറെ തൊഴിലിടങ്ങളാണ് അടച്ചുപൂട്ടിയത്.

ക്ഷേമത്തിൽ വിട്ടുവീഴ്ചയില്ല

കടുത്ത വേനലിൽ സൂര്യാഘാതം മൂലമുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് രാജ്യത്തിന് തികഞ്ഞ ബോധ്യമുണ്ട്. ഇന്റർനാഷനൽ ലേബർ ഓർഗനൈസേഷനുമായി (ഐഎൽഒ) ചേർന്നാണ് വേനൽക്കാലത്തെ ആരോഗ്യ പ്രശ്‌നങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും  തൊഴിലാളികളെ സംരക്ഷിക്കുന്നതിന് കമ്പനികൾ പാലിക്കേണ്ട  മുൻകരുതലും മാർഗനിർദേശങ്ങളും തയാറാക്കുന്നത്. സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി, ഐഎൽഒ എന്നിവയുമായി ചേർന്ന് സൂര്യാതപത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് സമഗ്ര പഠനം നടത്തിയിരുന്നു.  പഠനത്തിന്റെ ശുപാർശകൾ ആരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ഉപയോഗിക്കുമെന്നും ഷെയ്ഖ് ജാസിം പറഞ്ഞു. വേനൽക്കാലത്ത് സൂര്യാതപം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങൾ ഒഴിവാക്കാനാണ് രാവിലെ 11 മുതൽ ഉച്ചയ്ക്ക്  3 വരെ ഉച്ചവിശ്രമ നിയമം ഏർപ്പെടുത്തിയത്. എല്ലാ വർഷവും ജൂൺ 15 മുതൽ ഓഗസ്റ്റ് 31 വരെയാണ് ഉച്ചവിശ്രമം.

വേനലിലും കുളിർമ

2022 ലോകകപ്പ് സ്റ്റേഡിയങ്ങളിലും അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലുമായി 40,000  തൊഴിലാളികൾക്ക് ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി ഒട്ടേറെ സംരക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഖത്തർ സർവകലാശാലയുടെ നേതൃത്വത്തിൽ വികസിപ്പിച്ചെടുത്ത ശീതീകരണ ഹെൽമറ്റ് ധരിക്കുന്ന തൊഴിലാളിയുടെ ശരീര ഊഷ്മാവ്  കുറയ്ക്കാൻ കഴിയും. നൂതന സാങ്കേതിക വിദ്യയിലൂടെ തദ്ദേശീയമായി തയാറാക്കിയ ശീതീകരിച്ച ടവ്വൽ കഴുത്ത്, കൈ, പോക്കറ്റ് എന്നിവിടങ്ങളിൽവച്ച് ശരീരം തണുപ്പിച്ചെടുക്കാം. ഒരു തവണ വെള്ളത്തിൽ മുക്കിയാൽ 4 മുതൽ 5 മണിക്കൂർ വരെ ശരീരത്ത് തണുപ്പ് നിലനിർത്താൻ കഴിയും. കടുത്ത വേനലിൽ തൊഴിലാളികളുടെ ശരീര ഊഷ്മാവ് അളക്കാനുള്ള ഉപകരണവുമുണ്ട്. സാധാരണ അന്തരീക്ഷ ഈർപ്പം അനിയന്ത്രിതമാകുമ്പോൾ ജോലി നിർത്താനായി സേഫ്റ്റി ഓഫിസർ കറുത്ത കൊടി ഉയർത്തുകയാണ് പതിവ്. ഇതിന് പകരം ഈ ഉപകരണം വെളിച്ചവും ശബ്ദവും പുറപ്പെടുവിച്ച് മുന്നറിയിപ്പ് നൽകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com