sections
MORE

പാമ്പിനെ പടികടത്താം

snake
representative image
SHARE

ദുബായ് ∙ ദുബായിലെ ചില മേഖലകളിൽ വിഷപ്പാമ്പുകളെ കണ്ടതായി താമസക്കാർ. ജുൈമറ, ന്യൂ ദുബായ് മേഖലകളിലെ കുറ്റിച്ചെടികൾക്കിടയിലാണ് കണ്ടത്. ജബൽ അലി, മുഷ്റിഫ് പാർക്ക്, ഖവാനീജ്, അവീർ, ലെഹ്ബാബ്, ലിസൈലി മേഖലകളിലും കണ്ടതായി റിപ്പോർട്ടുണ്ട്. താമസകേന്ദ്രങ്ങളിൽ വളരെ അപൂർവമായാണ് പാമ്പുകളെ കാണുന്നത്.

അണലി വർഗത്തിൽപ്പെട്ട പാമ്പുകളാണ് പൊതുവെ മരുഭൂമിയിലുള്ളതെന്നു മുനിസിപ്പാലിറ്റി അധികൃതർ പറഞ്ഞു. പ്രധാനമായും നാലിനം വിഷപ്പാമ്പുകളാണുള്ളത്. ഇവയുെട കടിയേറ്റാൽ ഉടൻ ചികിത്സ തേടണം. വിഷമില്ലാത്തയിനങ്ങളും മരുഭൂമിയിലുണ്ട്. കുറ്റിച്ചെടികൾ, ചപ്പുചവറുകൾ, പൂന്തോട്ടം, പാറക്കെട്ടുകൾ, കൂട്ടിയിട്ട കല്ലുകൾ എന്നിവ പാമ്പുകളുടെ സുരക്ഷിത താവളമാണ്. വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കണമെന്നും നിർദേശിച്ചു.

പാമ്പുകളെ കണ്ടാൽ താമസക്കാർ ഉടൻ മുനിസിപ്പാലിറ്റി അധികൃതരെ അറിയിക്കണം. ഫോൺ: 800900. ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, ഫുജൈറ, റാസൽഖൈമ എന്നിവിടങ്ങളിലെ ഉൾപ്രദേശങ്ങളിലും അബുദാബി മദീനത്ത് സായിദിലും പാമ്പുകളെ കാണാറുണ്ടെന്നു താമസക്കാർ പറയുന്നു. റാസൽഖൈമയിലെ ദിഗ്ദാഗാ, അദന്‍, ഒമാന്‍ അതിര്‍ത്തിയോടു ചേര്‍ന്ന ഷാം മേഖലകളിൽ ഇഴജന്തുക്കളുടെ ശല്യം കൂടുതലാണെന്നു താമസക്കാർ പറയുന്നു.

കാർഷികമേഖലകളാണിത്.  പാമ്പുകളെ അകറ്റാൻ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. കതകിലെയും മറ്റും വിടവുകൾ അടയ്ക്കുക, കിടക്കും മുൻപ് കിടക്ക കുടഞ്ഞുവിരിക്കുക, ഷൂസ് നന്നായി പരിശോധിച്ചശേഷം മാത്രം ധരിക്കുക എന്നിവയിലും ശ്രദ്ധ വേണം

കടിയേറ്റാൽ പേടി വേണ്ട

∙ പാമ്പു കടിയേറ്റാൽ സ്വന്തമായി ചികിത്സ നടത്താതെ ഉടൻ ആംബുലൻസ് വിളിക്കണമെന്ന് അധികൃതർ അറിയിച്ചു. ദുബായ് റാഷിദ് ഹോസ്പിറ്റൽ, ഷാർജ അൽ ഖാസിമി ഹോസ്പിറ്റൽ, റാസൽഖൈമ ഇബ്രാഹിം ഉബൈദുല്ല ഹോസ്പിറ്റൽ ഉൾപ്പെടെയുള്ള പ്രധാന സർക്കാർ ആശുപത്രികളിൽ പ്രതിവിഷമുണ്ട്. കുത്തിവയ്പ് സൗജന്യമാണ്.

∙ കടിയേറ്റ ഭാഗത്ത് ശക്തമായ വേദന അനുഭവപ്പെടാം. നീരുവന്നു വീർക്കുകയും ചെയ്യും.

∙ എത്രയും പെട്ടെന്നു വൈദ്യസഹായം ലഭ്യമാക്കണം. വേദന സംഹാരികൾ കഴിക്കരുത്. മുറിവ് കീറുകയോ രക്തം വലിച്ചെടുക്കുകയോ അരുത്.

∙ സാധിക്കുമെങ്കിൽ കടിച്ച പാമ്പിന്റെ ചിത്രമെടുത്ത് ഡോക്ടറെ കാണിച്ചാൽ ഏതിനമാണെന്നു മനസിലാക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN GULF
SHOW MORE
FROM ONMANORAMA