ADVERTISEMENT

വാണിജ്യ ഇടപാടുകളിൽ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് ബാങ്ക് ക്രെഡിറ്റ്.  ബാങ്കും ഗുണഭോക്താവും തമ്മിലുള്ള ഒരു കരാറാണ് ബാങ്ക് ക്രെഡിറ്റ്. ഗുണഭോക്താവും ബാങ്കും പരസ്പരം സമ്മതിക്കുന്ന വ്യവസ്ഥകൾ അനുസരിച്ച് നിശ്ചിത കാലാവധിക്കോ അല്ലാതെയോ നിശ്ചിത തുക ക്രെഡിറ്റായി നൽകും. ക്രെഡിറ്റ് നിശ്ചിത കാലാവധിയിലേക്കാണ് നൽകുന്നതെങ്കിൽ കാലാവധി തീരാതെ ബാങ്ക് അത് റദ്ദാക്കില്ല.

എന്നാൽ ഗുണഭോക്താവ് മരിക്കുകയോ പണം അടയ്ക്കാതിരുന്നാലോ ലഭിച്ച തുക ഉപയോഗിക്കുന്നതിൽ തിരിമറി നടത്തുകയോ, കോടതി പാപ്പരായി പ്രഖ്യാപിക്കുകയോ ചെയ്താൽ അനുവദിച്ച കാലാവധി അവസാനിക്കുന്നതിന് മുൻപുതന്നെ ബാങ്കിന് ക്രെഡിറ്റ് അവസാനിപ്പിക്കാം. നിശ്ചിത കാലാവധി ഇല്ലാതെയാണ് ക്രെഡിറ്റ് നൽകുന്നത് എങ്കിൽ അത് ഏതുസമയവും  ബാങ്കിന്  അവസാനിപ്പിക്കാം. ഇങ്ങനെ അവസാനിപ്പിക്കുമ്പോൾ റദ്ദു ചെയ്യുന്നതിന്റെ 15 ദിവസം മുൻപെങ്കിലും ഗുണഭോക്താവിനെ അറിയിക്കാൻ ബാങ്ക് ബാധ്യസ്ഥരാണ്.

നോട്ടിസ് നൽകാതെ ക്രെഡിറ്റ് അവസാനിപ്പിക്കാൻ ബാങ്കിന് അവകാശം നൽകുന്ന ഒരു ഉടമ്പടിക്കും നിയമസാധുത ലഭിക്കില്ല. ഗുണഭോക്താവിന് ക്രെഡിറ്റ് സൗകര്യം ലഭ്യമാണെന്ന് അറിയിപ്പ് ലഭിച്ച് 6 മാസം പൂർത്തിയായിട്ടും ക്രെഡിറ്റ് ഉപയോഗിച്ചില്ലെങ്കിൽ ക്രെഡിറ്റിന്റെ കാലാവധി അവസാനിച്ചതായി കണക്കാക്കും. ബാങ്കിന്റെ അനുവാദം ഇല്ലാതെ ക്രെഡിറ്റ് മറ്റൊരു വ്യക്തിക്കോ കമ്പനിക്കോ നിയമ പ്രകാരം കൈ മാറാൻ സാധിക്കില്ല.

കമ്പനി സ്വത്തുക്കൾ  കേടാക്കിയാൽ  ശമ്പളം തടയുമോ?

കമ്പനിയുടെ സ്വത്തുക്കൾ നശിപ്പിച്ചാൽ ജീവനക്കാരന്റെ ശമ്പളം തടയാൻ മാനേജ്‌മെന്റിന് കഴിയുമോ? കേടുപാട് വരുത്തിയ ജീവനക്കാരൻ ക്ഷമാപണ കത്ത് നൽകിയിട്ടുണ്ട്. സ്വത്തുക്കളിന്മേൽ ഉണ്ടായ നഷ്ടം എങ്ങനെ നികത്തും?

ഒരു ജീവനക്കാരന്റെ പിഴവ് മൂലം കമ്പനിയിലെ യന്ത്രങ്ങൾ, ഉൽപന്നങ്ങൾ, അല്ലെങ്കിൽ ഉപകരണങ്ങൾ എന്നിവയ്ക്ക് തകരാർ സംഭവിച്ചാൽ തൊഴിൽ നിയമത്തിലെ 71-ാം ആർട്ടിക്കിൾ പ്രകാരം ജീവനക്കാരൻ തൊഴിലുടമയ്ക്ക് നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥനാണ്. നഷ്ടപരിഹാരം ഈടാക്കുന്നതിന് മുൻപ് തൊഴിലുടമയുടെ ഭാഗത്തുനിന്ന് ഇത് സംബന്ധിച്ച് അന്വേഷണം ആവശ്യമാണ്. നഷ്ടപരിഹാര തുക തൊഴിലുടമയ്ക്ക് ജീവനക്കാരന്റെ ശമ്പളത്തിൽ നിന്നും ഈടാക്കാം. ഒരു മാസത്തിലെ 7 ദിവസത്തെ ശമ്പളത്തേക്കാൾ കൂടുതൽ ഈടാക്കാനും പാടില്ല.

വാടക കെട്ടിടത്തിലെ തകരാർ ഉടമയാണോ പരിഹരിക്കേണ്ടത്?

ഈ വർഷം ആദ്യം ഞാൻ വാടകയ്ക്ക് എടുത്ത കെട്ടിടത്തിന്റെ കരാർ ഒപ്പിട്ടിരിക്കുന്നത് 2 വർഷത്തേക്കാണ്.അടുത്തിടെ കെട്ടിടത്തിന്റെ മേൽക്കൂരയിൽ നിന്ന് ചോർച്ച ശ്രദ്ധയിൽപ്പെട്ടു.  കെട്ടിടം വാടകയ്ക്ക് എടുത്തിട്ട് നാല് മാസമായി. ഈ സാഹചര്യത്തിൽ ഇത്തരം കേടുപാടുകൾ പരിഹരിക്കാനുള്ള ഉത്തരവാദിത്തം ആർക്കാണ്. കെട്ടിട ഉടമയാണോ ചെയ്യേണ്ടത്.?  

2004 ലെ 22-ാം നമ്പർ സിവിൽ നിയമത്തിലെ 604-ാം ആർട്ടിക്കിൾ പ്രകാരം ഭൂ ഉടമ അറിഞ്ഞിരുന്നതോ അല്ലെങ്കിൽ ഒരു സാധാരണ പരിശോധന വഴി അറിയേണ്ടിയിരുന്നതോ ആയ തകരാറുകൾ വാടകക്ക് നൽകിയ കെട്ടിടത്തിൽ കണ്ടെത്തിയാൽ വാടകക്കാരന് ഉടമയോട് അത് പരിഹരിക്കാൻ ആവശ്യപ്പെടാം. അല്ലെങ്കിൽ വാടകക്കാരൻ തകരാർ പരിഹരിച്ച് അതിന്റെ ചെലവ് ഉടമയിൽ നിന്നും വാങ്ങിക്കാം.

qatar-law
അഡ്വ. നിസാർ കോച്ചേരി

തൊഴിൽ നിയമം സംബന്ധിച്ച സംശയങ്ങൾക്കു നിയമകാര്യ വിദഗ്ധനായ അഡ്വ. നിസാർ കോച്ചേരി മലയാള മനോരമയിലെ ‘നിയമവും നിങ്ങളും’ എന്ന കോളത്തിലൂടെ മറുപടി നൽകും. ചോദ്യങ്ങൾ manoramadoha@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ അയയ്ക്കണം. തിരഞ്ഞെടുക്കപ്പെട്ട ചോദ്യങ്ങൾക്കാണു മറുപടി നൽകുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com