ADVERTISEMENT

കുവൈത്ത് സിറ്റി● സത്യം പറഞ്ഞപ്പോൾ കള്ളിക്ക് തുള്ളൽ എന്ന അവസ്ഥയിലാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മഞ്ചേശ്വരത്തെ എൽഡി‌എഫ് സ്ഥാനാർഥിയുടെ നിലപാട് കപടഹിന്ദുത്വമാണെന്ന ചെന്നിത്തലയുടെ പരാമർശം അൽ‌പത്തരമാണെന്ന പിണറായിയുടെ പ്രസ്താവയ്ക്കെതിരെ വാർത്താസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. ഒഐസിസി പുരസ്കാര സന്ധ്യയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു രമേശ് ചെന്നിത്തല.

നവോത്ഥാന നായകനെന്ന അട്ടിപ്പേറ് കക്ഷത്തുവച്ച് നടക്കാമെന്ന മോഹം തകർന്നതിലെ ജാള്യമാണ് പിണറായിക്കെന്നും ചെന്നിത്തല പറഞ്ഞു. വിശ്വാസികൾക്കൊപ്പമാണെന്ന സിപി‌എം നിലപാട് തന്നെ കാപട്യമാണ്. അതു ചൂണ്ടിക്കാട്ടുകയാണ് താൻ ചെയ്തത്. അതു കൊള്ളേണ്ടിടത്ത് കൊണ്ടുവെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം വ്യക്തമാക്കുന്നത്. 

മഞ്ചേശ്വരത്തെ എൽ‌ഡി‌എഫ് സ്ഥാനാർഥിയെ താൻ ആക്ഷേപിച്ചിട്ടില്ല. ഒരു സ്ഥാനാർഥിയെയും ആക്ഷേപിക്കുന്ന രീതി യു‌ഡി‌എഫിന് ഇല്ല.ശബരിമല വിഷയത്തിൽ വെളിപ്പെടുത്തിയ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുണ്ടോയെന്ന് മഞ്ചേശ്വരത്തെ എൽഡി‌എഫ് സ്ഥാനാർഥി വ്യക്തമാക്കണം. അതല്ല പാർട്ടി നിലപാടിനോട് യോജിപ്പുണ്ടോയെന്നും വെളിപ്പെടുത്തണം.ശബരിമല വിഷയത്തിൽ സത്യം മനസിലായപ്പോൾ സമനില തെറ്റിയ അവസ്ഥയിലാണ് പിണറായിയെന്നും ചെന്നിത്തല പറഞ്ഞു. 

ശബരിമല വിഷയത്തിൽ വിശ്വാസികൾക്കൊപ്പമാണ് യു‌ഡി‌എഫ്. സമയം‌പോലെ നിലപാട് മാറ്റുന്ന രീതി യു‌ഡി‌‌എഫിന് ഇല്ല. വിശ്വാസം സം‌രക്ഷിക്കാൻ യു‌ഡി‌എഫ് എന്നുമുണ്ടാകും.

പ്രവാസികളുടെ കാര്യത്തിൽ മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങൾ തട്ടിപ്പാണ്. പ്രളയകാലത്ത് ഗൾഫിൽനിന്ന് 800 കോടി ലഭിക്കുമെന്ന് പറഞ്ഞു. എത്രകിട്ടിയെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പ്രവാസി വ്യവസായികൾ 10000 കോടിയുടെ പദ്ധതികൾ തുടങ്ങുമെന്നാണ് പുതിയ പ്രഖ്യാപനം. പല വ്യവസായികളും നേരത്തെ പ്രഖ്യാപിച്ചതാണ് പ്രസ്തുത പദ്ധതികൾ. ഉപതിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് അവയൊക്കെ പുതിയ പദ്ധതികളായി അവതരിപ്പിക്കുകയാണ് മുഖ്യമന്ത്രി.

ഗൾഫിൽനിന്ന് തിരിച്ചെത്തുന്നവരുടെ പുരനധിവാസത്തെക്കുറിച്ച് ഒരു പദ്ധതിയും സർക്കാർ തയാറാക്കിയിട്ടില്ല. ലോക കേരള സഭ വെറും ധൂർത്താണെന്ന് വ്യക്തമായതിനാലാണ് രാജിവച്ചത്. ജനുവരിയിൽ നടക്കുന്ന ലോക കേരള സഭയുടെ രണ്ടാം സമ്മേളനവുമായും പ്രതിപക്ഷം സഹകരിക്കില്ല.

ഉപതിരഞ്ഞെടുപ്പിൽ അഞ്ചിടങ്ങളിലും യു‌ഡി‌എഫ് ജയിക്കും. പാലായിലെ പരാജയം മറ്റിടങ്ങളിൽ ആവർത്തിക്കില്ല. കേരള കോൺ‌ഗ്രസിനകത്തെ പ്രശ്നങ്ങളാണ് പാലായിൽ പരാജയപ്പെടാൻ കാരണം. യു‌ഡി‌എഫിലെ പ്രശ്നങ്ങൾ കാരണം മനസ് മടുത്ത പ്രവർത്തകർ യുഡി‌എഫിന് നൽകിയ താക്കീത് മാത്രമാണ് പാലായിലേത്.

യു‌ഡി‌എഫിനെ മുഖ്യശത്രുവായിക്കണ്ട് വോട്ടുകച്ചവടത്തിന് ബിജെപിയും സി‌പി‌എമ്മും ശ്രമിക്കുന്നുണ്ട്. പാലായിലും അത്തരം ഓപ്പറേഷൻ നടന്നിരുന്നു.

അഴിമതിക്കെതിരെ കാര്യക്ഷമമായ പ്രവർത്തിക്കാൻ സർക്കാർ സന്നദ്ധമാകുന്നില്ല. കിഫ്ബിയിലും കിയാലിലും സി‌എ‌ജി ഓഡിറ്റ് വേണ്ടെന്ന് നിർബന്ധം പിടിക്കുന്നത് അതുകൊണ്ടാണ്. കെ‌എസ്‌ഇബിയിലെ അഴിമതിയെക്കുറിച്ചും അന്വേഷിക്കാൻ സർക്കാർ തയാറാകുന്നില്ല.

പി‌എസ്‌സിയുടെ വിശ്വാസ്യത തകർന്നിരിക്കുന്നു. പൊലീസ് സേനയിലേക്കുള്ള പരീക്ഷയിലെ ക്രമക്കേടിന് പിന്നാലെ ആസൂത്രണ ബോർഡിലും പി‌എസ്‌സി പരീക്ഷയിൽ ക്രമക്കേട് പുറത്തുവന്നിരിക്കയാണ്. അവയെക്കുറിച്ചെല്ലാം നിഷ്പക്ഷ അന്വേഷണം വേണം. മാർക്ക് ദാനത്തോട് യോജിക്കാൻ കഴിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എഐസിസി വക്താവ് നഗ്‌മ, വി.കെ.ശ്രീകണ്ഠൻ എം‌പി, ഒഐസിസി പ്രസിഡൻ‌റ് വർഗീസ് പുതുക്കുളങ്ങര എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com