ADVERTISEMENT

ദുബായ് ∙ ഷാർജ രാജ്യാന്തര പുസ്തകമേള ഒാരോ പ്രവാസി മലയാളിയുടെയും സ്വന്തം അക്ഷരോത്സവമാണ്. നാട്ടിലെ ഉത്സവപ്പറമ്പിലേയ്ക്കെന്ന പോലെ ഒന്നു കയറിപ്പോകാതെയിരിക്കുന്നത് മോശമാണെന്ന് എല്ലാവരും ചിന്തിക്കുന്നു. അതുകൊണ്ട് തന്നെ യുഎഇയിൽ ഏറ്റവും കൂടുതലുള്ള മലയാളി സമൂഹം ഒന്നാകെ ഷാർജ അൽ താവൂനിലെ എക്സ്പോസെന്ററിൽ നടക്കുന്ന രാജ്യാന്തര പുസ്തക മേളയിലേയ്ക്കെത്തുന്നു. 

ഇന്ത്യയിൽ നിന്നടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന പ്രമുഖരായ എഴുത്തുകാരും ചിന്തകരും കലാകാരന്മാരെയുമെല്ലാം കാണാനും കേൾക്കാനും ലഭിക്കുന്ന അപൂർവാവസരമാണ് പുസ്തകമേള. കൂടാതെ, ലോകപ്രശസ്ത പുസ്തകങ്ങൾ വാങ്ങിക്കാനും അവസരമുണ്ട്. അതിലുപരി അക്ഷരപ്രേമികളായ ഒാരോ മലയാളിയും തങ്ങളുടെ ഒരു പുസ്തകമെങ്കിലും ഇൗ മേളയിൽ പുറത്തിറങ്ങണമെന്ന് ആഗ്രഹിക്കുന്നു. ഇതിനായി കേരളത്തിൽ നിന്നും ഇതര ഗൾഫ് രാജ്യങ്ങളിൽ നിന്നും എഴുത്തുകാരെത്തുന്നു. 

ഇൗ മാസം 30ന് ആരംഭിക്കുന്ന പുസ്തകമേളയിൽ പ്രകാശനം ചെയ്യുന്ന പുസ്തകങ്ങളെ പരിചയപ്പെടുത്തുന്ന വേദിയാണിത്. പുസ്തകപ്രകാശം. ഇപ്രാവശ്യം പുസ്തക പ്രകാശനത്തിന് തയാറായവർ തങ്ങളുടെ പുസ്തകത്തിന്റെ മുഖചിത്രവും എഴുത്തുകാരന്റെ പടവും പുസ്തക പരിചയക്കുറിപ്പിനോടൊപ്പം  അയക്കുക. ഇ–മെയിൽ: myspecnewsstories@gmail.com

വീണ്ടും 'ഖിസ്സ' പറയുമ്പോൾ

പ്രവാസത്തിലെ സാഹിത്യകൂട്ടായ്‌മയായ മഷി ഈ വർഷം ഷാർജ രാജ്യാന്തര പുസ്തകമേളയിൽ നവംബർ മൂന്നിന് രാത്രി ഒൻപത് മണിക്ക് പുറത്തിറക്കുന്ന പുസ്‌തകമാണ്‌ 'ഖിസ്സ'-രണ്ടാം ഭാഗം. കഴിഞ്ഞ വർഷം ഓർമക്കഥകളുമായി ആദ്യഭാഗം പുറത്തുവന്നപ്പോൾ ലഭിച്ച അക്ഷര സ്നേഹമാണ് രണ്ടാം ഭാഗം പുറത്തിറക്കാൻ പ്രേരിപ്പിച്ചത്. രണ്ടാം ഭാഗത്തിൽ 23 എഴുത്തുകാരുടെ ചെറുകഥകൾ ഉൾപ്പെടുത്തിയിരിക്കുന്നു. തികച്ചും വ്യത്യസ്തമായ കഥകൾ എന്ന് പറയാം. നമ്മൾ അനുഭവിക്കുന്ന പലതരം വികാരങ്ങൾ ഓരോ കഥയിലും പടർന്നു കിടക്കുന്നു. 

'ഖിസ്സ'യുടെ എഡിറ്റിങ് എന്ന കർത്തവ്യമാണ് എനിക്ക് നിർവഹിക്കാൻ ഉണ്ടായിരുന്നത്. എഴുത്തുകാരന്റെ ആശയത്തെ തെല്ലും അലോരസപ്പെടുത്താതെ കഥകൾ ചെത്തിയൊരുക്കി ഭംഗിയാക്കുക എന്നതാണല്ലോ ഒരു എഡിറ്ററുടെ ചുമതല. അതിനാൽ തന്നെ ഓരോ കഥയും തിരിച്ചും മറിച്ചും പരിശോധിക്കേണ്ടി വന്നു. അത് ഒരു പ്രത്യേക അനുഭവമാണ്. അക്ഷരങ്ങളോടും ഭാഷയോടുമുള്ള സ്നേഹം നിറയേണ്ട നിമിഷങ്ങൾ. ഒത്തൊരുമയോടെ നിന്നാൽ എങ്ങനെ വിജയിക്കാം എന്നതിന്റെ ഉദാഹരണമാണ് 'ഖിസ്സ' രണ്ടാം ഭാഗം.

സാപിയൻസ് ലിറ്ററേച്ചർ ആണ് ഖിസ്സയുടെ പ്രസാധകർ. ഓരോ കഥയും തുടങ്ങുന്നത് എഴുത്തുകാരന്റെ കാരിക്കേച്ചറിന് ശേഷമാണ്. അവ വരച്ചത് മുനീബ് ഹംസ. അവതാരിക എഴുതിയിരിക്കുന്നത് 'കൊടകരപുരാണ'ത്തിന്റെ എഴുത്തുകാരൻ വിശാലമനസ്‌കൻ എന്ന സജീവ് എടത്താടനും. വ്യത്യസ്തമായ  വായനാനുഭവും നൽകുവാൻ 'ഖിസ്സ' രണ്ടിന് കഴിയും എന്ന് എനിക്ക് ഉറപ്പുണ്ട്.

ഖിസ്സ അഥവാ പ്രവാസകഥാസാഗരം 

എഡിറ്റർ: ജോയ് ഡാനിയേൽ 

പ്രകാശനം: നവംബർ മൂന്നിന് രാത്രി 9 മണിക്ക്  

വേദി: ഷാർജ രാജ്യാന്തര പുസ്തകമേള

എക്സ്പോ സെന്റർ, അൽതാവൂൻ, ഷാർജ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com