ADVERTISEMENT

കുവൈത്ത് സിറ്റി ∙ വീസക്കച്ചവടവുമായി ബന്ധമുള്ള ഇന്ത്യക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ കുവൈത്ത് അധികൃതരുടെ സഹകരണം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി യു.എസ്.സിബി. വീസ ഏജന്റുമാരായി ഇന്ത്യക്കാരും കുവൈത്തിൽ പ്രവർത്തിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണിത്. ഇത്തരക്കാരെ കുറിച്ച് വിവരം കൈമാറിയാൽ ആഭ്യന്തരമന്ത്രാലയം വഴി രണ്ടാഴ്ചക്കകം നടപടി ഉറപ്പാക്കാമെന്നു വിദേശമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

റിക്രൂട്മെന്റ് തട്ടിപ്പ് പരാതികൾ ഏറ്റവും കൂടുതൽ ആന്ധ്രയിൽനിന്നും തെലങ്കാനയിൽനിന്നുമാണ്. തൊട്ട് പിന്നാലെ കേരളവും.ഒരു മാസത്തെ സന്ദർശക വീസയിൽ ആളുകളെ എത്തിച്ച് ചതിക്കുന്നവരുണ്ട്. ഇന്ത്യക്കാരായ ചിലർക്കെതിരെ ഇന്ത്യൻ എംബസി കുവൈത്ത് അധികൃതർക്ക് പരാതി നൽകുന്നുവെന്ന് ചിലർ പ്രചരിപ്പിക്കുന്നുണ്ട്. അത്തരത്തിൽ ഇമെയിൽ സന്ദേശങ്ങളും വ്യാപകമാണ്. ആർക്കെതിരെയും പരാതി നൽകേണ്ട ആവശ്യം എംബസിക്കില്ല. ഒരാളെ കുവൈത്തിൽനിന്ന് തിരിച്ചയക്കണമെന്നുണ്ടെങ്കിൽ ചില നടപടിക്രമങ്ങളുണ്ട്.

ആ വഴി മാത്രമേ എംബസി സ്വീകരിക്കൂ. എംബസിയുടെ പരാതിയിന്മേൽ കുവൈത്ത് അധികൃതർ ഏതെങ്കിലും ഇന്ത്യക്കാരനെ ചോദ്യം ചെയ്തിട്ടുണ്ടെങ്കിൽ അത് സംബന്ധിച്ച വിവരം പരാതിയായി നൽകിയാൽ കുവൈത്ത് ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട് രണ്ടാഴ്ചക്കകം മറുപടി ലഭ്യമാക്കും. മധ്യപൂർവ ദേശത്ത് തൊഴിൽ പരാതികളിൽ കുവൈത്താണ് മുൻ‌പിൽ എന്നത് ശരിയാണ്. കുറ്റകൃത്യങ്ങൾ റജിസ്റ്റർ ചെയ്യപ്പെടുന്നുവെന്നതാണു കാരണം.

ഗാർഹികമേഖലയിൽ തൊഴിലെടുക്കുന്ന 3 ലക്ഷം ആളുകളിൽ നിന്നുള്ള പരാതികളുടെ എണ്ണം ഒരു ശതമാനത്തിൽ താഴെയാണ്. സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷനും അഫിഡവിറ്റിനും വേണ്ടിയല്ലാതെയും ആർക്കും എംബസിയെ സമീപിക്കാം. ജോലി വാഗ്ദാനം ലഭിച്ചാൽ വീസയുടെ വിശ്വാസ്യത അന്വേഷിക്കാനും എംബസിയെ പ്രയോജനപ്പെടുത്താമെന്നും സിബി പറഞ്ഞു.    

ഇന്ത്യക്കാർ കൂടുന്നു, സ്വകാര്യ മേഖലയിൽ

ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്ക് തൊഴിൽ തേടിവരുന്നവരുടെ എണ്ണത്തിൽ ക്രമാനുഗത വർധനയുണ്ട്. കുവൈത്തിലെ ഇന്ത്യക്കാരുടെ എണ്ണത്തിൽ ഒരുവർഷത്തിനിടെ ഒരുലക്ഷം പേരുടെ വർധനയാണ് ഉണ്ടായത്. പൊതുമേഖലയിൽ തൊഴിലെടുക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ 1000 പേരുടെ കുറവുണ്ട്. സ്വന്തം സ്പോൺസർഷിപ്പിലുള്ളവരുടെ എണ്ണവും 74ൽ നിന്ന് 43 ആയി കുറഞ്ഞിട്ടുണ്ട്. ഗാർഹികതൊഴിൽ, ആശ്രിതർ, സ്വകാര്യമേഖല എന്നിവിടങ്ങളിൽ എണ്ണം വർധിക്കുകയാണുണ്ടായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com