ADVERTISEMENT

കുവൈത്ത് സിറ്റി ∙ പാലക്കാട്ടെ കൃഷി അഭിവൃദ്ധിപ്പെടുത്തിയാൽ കേരളത്തിൽ ആവശ്യമായ അരിയുടെ 60% ഉത്പാദിപ്പിക്കാനാകുമെന്ന് വി.കെ.ശ്രീകണ്ഠൻ എം‌പി. പാലക്കാടിന് കാർഷിക പാക്കേജ് എന്നതാണ് ലോക്സഭയിൽ ആദ്യമായി ഉന്നയിച്ച ആവശ്യം.  ഉൽപാദന ചെലവ് പോലും ലഭിക്കാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന്റെ ഉത്പാദന മേഖല ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണ്. പാലക്കാടിന്റെ വികസനത്തിനു പദ്ധതി തയാറാക്കി സമർപ്പിക്കുമെന്നും ഒഐസിസി പുരസ്കാര സന്ധ്യയിൽ പങ്കെടുക്കാൻ കുവൈത്തിൽ എത്തിയ അദ്ദേഹം പറഞ്ഞു. പാലക്കാടെ പരമ്പരാഗത വ്യവസായങ്ങൾ ഉൾപ്പെടെ നാശത്തിലാണ്. 4 വർഷത്തിനിടെ 12 കമ്പനികൾ അടച്ചുപൂട്ടി. 6000 പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു.

കഞ്ചിക്കോട് വ്യവസായ ഇടനാഴി പദ്ധതിയിലുടെ വ്യവസായ പുനരുദ്ധാരണത്തിനായി ശ്രമിക്കും. സാംസ്കാരിക, പൈതൃക കേന്ദ്രങ്ങളെയെല്ലാം ഉൾപ്പെടുത്തി വിനോദ സഞ്ചാര വികസന പദ്ധതിക്ക് രൂപം നൽകി അധികൃതർക്ക് സമർപ്പിക്കും. റെയിൽ‌വെ വികസന മുരടിച്ച അവസ്ഥയിലാണുള്ളത്. കഞ്ചിക്കോട് കോച്ച് ഫാക്ടറി, ഷൊർണൂരിലെയും പാലക്കാട്ടെയും ജംക്‌ഷൻ നവീകരണം, പുതിയ ട്രെയിനുകൾ, പിറ്റ്‌ലൈൻ തുടങ്ങിയ കാര്യങ്ങൾ നേടിയെടുക്കാൻ പദ്ധതിയുണ്ടാക്കും. അട്ടപ്പാടി വികസന അതോറിറ്റി യാഥാർഥ്യമാക്കുക എന്നതാണ് മറ്റൊരു ലക്ഷ്യം. ഭാരതപ്പുഴ നവീകരണത്തിനായി ഇ.എം.ശ്രീധരൻ വിഭാവനം ചെയ്ത പദ്ധതിക്ക് എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു.

വിജയരഹസ്യം

ജയിക്കില്ലെന്നു കെപിസിസി നേതൃത്വം പോലും കരുതിയ പാലക്കാട്ടെ വിജയത്തിന് കാരണങ്ങൾ പലതുണ്ട്. കഠിനാദ്ധ്വാനമാണ് പ്രധാനം. ബൂത്ത് തലം തൊട്ട് സംഘടനയെ പുനരുജ്ജീവിപ്പിക്കാൻ കഴിഞ്ഞു. ട്രെൻ‌‌ഡ് അനുകൂലമായാലും സംഘടനാ സംവിധാനം ശക്തമല്ലെങ്കിൽ ജയിക്കാൻ കഴിയില്ലെന്ന തിരിച്ചറിവിൽ പാർട്ടിയെ ശക്തിപ്പെടുത്തി.

ആത്മവിശ്വാസത്തോട് കൂടിയ പ്രവർത്തനം, കൃത്യമായ രാഷ്ട്രീയ പ്രചാരണം,ഇടതുമുന്നണിയിലെ ആഭ്യന്തര പ്രശ്നങ്ങൾ പ്രയോജനപ്പെടുത്താനായത് എന്നിവയും വിജയകാരണങ്ങളാണ്. പാലക്കാടിനെ മാതൃകയാക്കിയാൽ കേരളത്തിൽ ഒരു മണ്ഡലവും യു‌‌ഡി‌എഫിന് എഴുതിത്തള്ളേണ്ടി വരില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com