ADVERTISEMENT

അബുദാബി ∙ 10 വർഷം മുൻപ് അബുദാബിയിൽ കാണാതായ മകൻ ഹക്കീമിനെ കാത്ത് കണ്ണീരോടെ മാതാപിതാക്കൾ. പാലക്കാട് കൂറ്റനാട് സ്വദേശി ഓലപ്പറമ്പിൽ ഹംസയുടെയും മറിയത്തിന്‍റെയും മകൻ ഹക്കീമിനെയാണ് (24) അബുദാബി മുസഫ ഐകാഡ് സിറ്റിയിൽനിന്ന് 2009 മേയ് 21ന് കാണാതായത്. 

മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച ഹക്കീമിനെ നാട്ടിലേക്ക് തിരിച്ചയയ്ക്കാൻ തീരുമാനിച്ച ദിവസം ഉച്ചയ്ക്ക് താമസ സ്ഥലത്തുനിന്ന് കാണാതാകുകയായിരുന്നു. മരം വെട്ടുകാരനായ പിതാവ് ഹംസ, മാതാവ് മറിയ, സഹോദരി ഹസീന, ഇളയ സഹോദരൻ ഫൈസൽ എന്നിവരടങ്ങുന്ന 5 അംഗ കുടുംബത്തിന്‍റെ പ്രതീക്ഷയായിരുന്നു ഹക്കീം.

നാട്ടിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. വീടുവയ്ക്കാനെടുത്ത കടം വീട്ടാനാണ് 2008 നവംബറിൽ പ്രവാസം സ്വീകരിച്ചത്. ദുബായിലെ ഒരു ടെക്നിക്കൽ തെർമൽ സിസ്റ്റം കമ്പനിയിൽ ഹെൽപറായാണ് എത്തിയത്. ഒരു ലക്ഷം രൂപ വീസയ്ക്ക് കൊടുത്ത് എത്തിയ ഹക്കീമിന് ഏജന്‍റ് വാഗ്ദാനം ചെയ്ത ജോലിയും ശമ്പളവും ലഭിക്കാതായതോടെ മാനസിക പ്രയാസത്തിലായതായി ബന്ധുക്കൾ പറയുന്നു. 700 ദിർഹം ശമ്പളം കൊണ്ട് അടുത്തകാലത്തൊന്നും കടം വീട്ടാനാവില്ലെന്നു മനസ്സിലാക്കിയ ഹക്കീം വിഷമത്തിലായിരുന്നുവെന്നു സഹോദരി ഹസീന പറഞ്ഞു.

നാട്ടിൽ ഡ്രൈവറായി ജോലി ചെയ്യുമ്പോൾ തന്നെ സാമാന്യം ഭേദപ്പെട്ട ശമ്പളം കിട്ടിയിരുന്ന ഹക്കീം വേഗം കടം വീട്ടാനാണു ദുബായിലേക്ക് പോയതെന്നും അതുവരെ മാനസിക പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും സഹോദരി പറഞ്ഞു.

മാനസികപ്രശ്നം ചൂണ്ടിക്കാട്ടി ദുബായിലെ കമ്പനി അവരുടെ അബുദാബി ഐകാഡിലുള്ള താമസ കേന്ദ്രത്തിലേക്കു ഹക്കീമിനെ മാറ്റിയിരുന്നു. ഇവിടെ നിന്ന് അമ്മാവൻ അബൂബക്കർ ഹക്കീമിനെ തന്‍റെ താമസ സ്ഥലത്തേക്കു കൂട്ടിക്കൊണ്ടുപോകുകയും സാന്ത്വനിപ്പിക്കുകയും ചെയ്തു. പിറ്റേ ദിവസം മുതൽ ഹക്കീം ജോലിക്കു പോയെങ്കിലും വീണ്ടും മാനസികനില തെറ്റുകയായിരുന്നു. 

തുടർന്ന് നാട്ടിലേക്കു തിരിച്ചയയ്ക്കാനായി കമ്പനി വീസ റദ്ദാക്കി ടിക്കറ്റെടുത്തു. ഇക്കാര്യം ഹക്കീം തന്നെ നാട്ടിലേക്കു വിളിച്ചുപറഞ്ഞിരുന്നു.  എന്നാൽ യാത്ര ചെയ്യേണ്ട ദിവസം ഉച്ചയ്ക്ക് ഹക്കീമിനെ കാണാതായതായി കമ്പനി വിളിച്ച് അറിയിക്കുകയായിരുന്നു. ഇതേസമയം ഹക്കീമിന്‍റെ വസ്ത്രങ്ങളോ രേഖകളോ എടുത്തിരുന്നില്ല. 

ഹക്കീമിനെ കാണാതായതു സംബന്ധിച്ച് കമ്പനി അധികൃതർ പൊലീസിൽ പരാതി നൽകിയിരുന്നു. ബന്ധുവിനെയും കൂട്ടി ആശുപത്രികളിലും അന്വേഷിച്ചിരുന്നതായി കമ്പനിയിലെ ഐടി മാനേജർ കുമാർ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥർക്ക് എല്ലാ രേഖകളും നൽകിയതായും പറഞ്ഞു.

കാണാതായതു സംബന്ധിച്ച് ഇന്ത്യൻ കോൺസുലേറ്റിലും എംബസിയിലും പരാതിപ്പെട്ടെങ്കിലും ഇതുവരെ കണ്ടെത്താനായില്ലെന്നും കുടംബം പരാതിപ്പെട്ടു. ഇതേസമയം യുഎഇ എമിഗ്രേഷൻ റിപ്പോർട്ട് പ്രകാരം ഹക്കീം രാജ്യം വിട്ടുപോയിട്ടില്ലെന്നാണു  വ്യക്തമാകുന്നത്. മകനെ കണ്ടെത്താൻ സഹായിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര, സംസ്ഥാന സർക്കാരിനെയും ഇന്ത്യൻ എംബസിയെയും വീണ്ടും സമീപിച്ചിരിക്കുകയാണ് കുടുംബം.

ഹക്കീമിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഏറ്റവും അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ 0503210229, 050-8166441 (യുഎഇ), 9946771065, 9846646476, 9605053037 എന്നീ നമ്പറുകളിലോ ബന്ധപ്പെടണമെന്ന് ഹസീന അഭ്യർഥിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com