ADVERTISEMENT

ദുബായ് ∙ 10 വർഷത്തിനുള്ളിൽ ദുബായിലെ യാത്രകളുടെ 25% ഡ്രൈവർ രഹിത വാഹനങ്ങളിലാക്കുന്നതിന്റെ ഭാഗമായി ലോക സമ്മേളനം നടത്താൻ ആർടിഎ. ദുബായ് വേൾഡ് കോൺഗ്രസ് ഫോർ സെൽഫ് ഡ്രൈവിങ് ഇന്നും നാളെയും ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതോടനുബന്ധിച്ചുള്ള മൽസരങ്ങളിൽ 52 ലക്ഷം ഡോളർ സമ്മാനത്തുകയും പ്രഖ്യാപിച്ചിട്ടുണ്ട്. 

മധ്യപൂർവദേശത്ത് ഇതാദ്യമാണ് ഇത്തരം സമ്മേളനവും പ്രദർശനവും നടത്തുന്നതെന്ന് ആർടിഎ ഡയറക്ടർ ജനറലും ചെയർമാനുമായി മാത്തർ അൽ തായർ വ്യക്തമാക്കി.

പൊതുജനങ്ങളിൽ അവബോധം ഉണ്ടാക്കുകയും നിക്ഷേപ സാധ്യതകൾ വ്യക്തമാക്കുകയുമാണ് സമ്മേളനത്തിന്റെ ഉദ്ദേശ മെന്ന് മാത്തർ അൽ തായർ അറിയിച്ചു.

ഡ്രൈവർ രഹിത വാഹന മേഖലയിലെ സാങ്കേതിക വിദഗ്ധർ, നയരൂപീകരണ രംഗത്തെ പ്രഗ്ത്ഭർ, അക്കാദമിക രംഗത്തുള്ളവർ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും. രാജ്യാന്തര രംഗത്തു പ്രവർത്തിക്കുന്ന 80 പേരും 50 കമ്പനികളും ഉണ്ടാകും. അഞ്ച് പ്രമുഖർ പ്രഭാഷണം നടത്തും. 39 ശിൽപശാലകളും ഇതോടനുബന്ധിച്ച് നടക്കും. 

കരുത്തറിയിക്കാൻ ഡ്രൈവറില്ലാ വാഹനങ്ങൾ

ലോകത്തു തന്നെ ആദ്യമായി ഇതോടനുബന്ധിച്ച് ഡ്രൈവറില്ലാ വാഹനങ്ങളുടെ ദുബായ് ചാലഞ്ച് നടത്തും. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പ്രഖ്യാപിച്ച ചാലഞ്ചാണ് നടക്കുക. രാജ്യാന്തര രംഗത്തുള്ള 65 സ്ഥാപനങ്ങൾ ഇതിൽ പങ്കെടുക്കും. 5 പ്രധാന സ്ഥാപനങ്ങളും ഫൈനലിലേക്ക് പ്രവേശനം നേടിയിട്ടുണ്ട്. നവ്യ, ഈസിമിലെ, ഗോസിൻ, വെസ്റ്റ് ഫീൽഡ്, ടുഗതരെ എന്നീ സ്ഥാപനങ്ങളാണത്. 

ആദ്യ റൗണ്ടിൽ സ്ഥാനം നേടിയവർ ജൂലൈയിൽ ദുബായിലെത്തി ഭുമിശാസ്ത്ര രേഖകൾ കൈപ്പറ്റിയിരുന്നു. ഓഗസ്റ്റിൽ നിർദ്ദിഷ്ട പാതയിലൂടെ വാഹനമോടിച്ച് മൽസരവും നടത്തിയിരുന്നു. ഇനി ഫൈനൽ റൗണ്ടാണ് നടക്കുക.

കമ്പനികൾക്ക് 30 ലക്ഷം ഡോളർ സമ്മാനമായി ലഭിക്കും. സ്റ്റാർട്ടപ്പുകൾക്ക് 15ലക്ഷം ഡോളറും സർവകലാശാലകൾക്ക് ആറ് ലക്ഷം ഡോളറുമാണ് സമ്മാനത്തുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com