sections
MORE

യുവതി തല്ലിയ റിങ്കുവിന് വീണ്ടും വിദേശ ജോലിക്ക് ക്ഷണം; പ്രശ്നം തുറന്നു പറഞ്ഞ് യുവാവ്

sohan-roy-rinku
സോഹൻ റോയ്, റിങ്കു
SHARE

ദുബായ് ∙ അകാരണമായി യുവതിയുടെ മര്‍ദനമേറ്റ സുരക്ഷാ ജീവനക്കാരൻ റിങ്കുവിന് പ്രവാസ ലോകത്തേയ്ക്കുള്ള ക്ഷണം തുടരുന്നു. ദുബായിലെ അമേരിക്കൻ കമ്പനിയിലേയ്ക്ക് മലയാളി ഉദ്യോഗസ്ഥൻ ബൈജു ചാലിൽ ക്ഷണിച്ചതിന് പിന്നാലെ പ്രവാസി വ്യവസായിയും ഏരീസ് ഗ്രൂപ്പ് ഒാഫ് കമ്പനീസ് സിഇഒയും ചലച്ചിത്ര സംവിധായകനുമായ സോഹൻ റോയിയും റിങ്കുവിന് ജോലി വാഗ്ദാനം ചെയ്തു മുന്നോട്ടുവന്നു. റിങ്കുവിന് ആവശ്യമുള്ള പരിശീലനം നൽകിയ ശേഷം ജോലിയും ഒരു എൻജിനീയർക്ക് നൽകുന്ന ശമ്പളവും നൽകാൻ തയാറാണെന്ന് അദ്ദേഹം മനോരമ ഒാൺലൈനിനോട് പറഞ്ഞു.

ദുബായിലെ അമേരിക്കൻ കമ്പനിയിലെ ഇലക്ട്രിക്കൽ വിഭാഗത്തിൽ മാനേജിങ് പാർട്ണർ കൂടിയായ കോഴിക്കോട് സ്വദേശി ബൈജു ചാലിൽ റിങ്കുവിന് ജോലി വാഗ്ദാനം ചെയ്ത വാർത്ത മനോരമ ഒാൺലൈൻ റിപോർട്ട് ചെയ്തിരുന്നു. അതിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ബൈജുവിന് അഭിനന്ദനം ലഭിച്ചുകൊണ്ടിരിക്കുന്നു. തന്റെ കമ്പനിയിലേയ്ക്ക് തൊഴിൽ വീസയും 35,000 രൂപ പ്രതിമാസ ശമ്പളവും സൗജന്യ താമസം, ഭക്ഷണം എന്നിവയും ബൈജു വാഗ്ദാനം ചെയ്തിട്ടുണ്ട്. 

തന്നെ സഹായിക്കാൻ എത്തിയവരോട് റിങ്കു നന്ദി രേഖപ്പെടുത്തി. പക്ഷേ, ഇപ്പോൾ അത്യാവശ്യം നാട്ടിൽ തന്നെയുള്ള ജോലിയാണെന്ന് റിങ്കു മനോരമ ഓൺലൈനോട് വ്യക്തമാക്കി. അമ്മയുടെ രോഗാവസ്ഥ കാരണം തത്കാലം വിദേശ ജോലി സ്വീകരിക്കാൻ കഴിയില്ല. ഈ മാസം അവസാനത്തോടെ അമ്മയുടെ ഓപ്പറേഷൻ നടത്തണം. ഓപ്പൺ ഹാർട്ട് സർജറിയാണ് ചെയ്യുന്നത്. അതിനു ശേഷം അമ്മയെ പരിചരിക്കാനും അവരുടെ കാര്യങ്ങൾ നോക്കാനും താൻ നാട്ടിൽ തന്നെ വേണമെന്നും റിങ്കു പറഞ്ഞു. സോഹൻ റോയി ഉൾപ്പെടെയുള്ള മനുഷ്യ സ്നേഹികളുടെ കേരളത്തിലെ ഏതെങ്കിലും സ്ഥാപനത്തിൽ ജോലി സാധ്യതയാണ് ഇനി റിങ്കുവിന്റെ പ്രതീക്ഷ.

മാവേലിക്കരയ്ക്കു സമീപം തഴക്കര പഞ്ചായത്ത് അറുനൂറ്റിമംഗലം കുമ്പംപുഴ വീട്ടിൽ റോസമ്മയുടെ ഏക മകനായ റിങ്കുവിന്റെ പരിതാപകരമായ ജീവിതാവസ്ഥയും കഠിനാധ്വാനവും തിരിച്ചറിഞ്ഞാണ് സോഹൻ റോയ് വാഗ്ദാനവുമായി എത്തിയത്. ആലുവയിൽ ഒരു സ്വകാര്യ കണ്ണാശുപത്രിയിൽ റിങ്കു സുരക്ഷാ ജീവനക്കാരനായിരിക്കെ കൊച്ചി സർവകലാശാല വനിതാ ഹോസ്റ്റലിൽ താൽക്കാലിക മേട്രനായ കൊയിലാണ്ടി കാവിൽദേശം സ്വദേശി ആര്യ എന്ന യുവതിയുടെ ഇരുചക്രവാഹനം ജോലിയുടെ ഭാഗമായി മാറ്റിവച്ചതിനാണ് മർദനമേറ്റത്. എന്നാൽ, ഭവിഷ്യത്തുകൾ ഭയന്ന് റിങ്കു യുവതിക്കെതിരെ യാതൊരു വിധത്തിലും പ്രതികരിച്ചിരുന്നില്ല. ഇതോടെ മലയാളി സമൂഹം ഒന്നടങ്കം റിങ്കുവിന് പിന്തുണയുമായി എത്തുകയായിരുന്നു. 

എന്‍ജിനീയറിങ് പഠനം ഫീസടക്കാൻ ശേഷിയില്ലാത്തതിന്റെ പേരിൽ മുടങ്ങിപ്പോവുകയും അമ്മയുടെ രോഗാവസ്ഥയും ആശുപത്രി ചെലവും താങ്ങാനാകാതെ വിഷമിച്ചിരിക്കുന്നതിനിടെയുണ്ടായ യുവതിയുടെ അടിയുടെ ആഘാതവും കൂടിയായപ്പോൾ ആ ചെറുപ്പക്കാരന്റെ ജീവിതം കൈവിട്ട് പോകുമെന്ന അവസ്ഥയിലാണെന്ന് തോന്നിയതിനാലാണ് തന്റെ കമ്പനിയിൽ ജോലി നൽകാൻ തീരുമാനിച്ചതെന്ന് സോഹൻ റോയ് വ്യക്തമാക്കി. മാരിടൈം, മാധ്യമം, മെഡിക്കൽ, ടൂറിസം, സിനിമ തുടങ്ങിയ മേഖലകളിൽ 14 രാജ്യങ്ങളിലായി 50 കമ്പനികളുള്ള ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ജീവനക്കാരുടെ കുടുംബങ്ങൾ ഉൾപ്പടെയുള്ളവർക്ക് പെൻഷൻ, മെഡിക്കൽ തുടങ്ങിയ സ്കീമുകളും പ്രാബല്യത്തിൽ കൊണ്ട് വന്ന മധ്യപൂർവേഷ്യയിലെ ഏക കമ്പനി കൂടിയാണ്. ജീവനക്കാരെ സംരക്ഷിക്കുന്നതിൽ സോഹൻ റോയിയുടെ കമ്പനി സ്വീകരിക്കുന്ന നടപടികൾ മാതൃകാപരവും പലപ്പോഴും അത് മാധ്യമങ്ങളിൽ ഇടം പിടിച്ചിട്ടുമുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN GULF
SHOW MORE
FROM ONMANORAMA