ADVERTISEMENT

ദുബായ് ∙ ഇടയ്ക്കിടെയുള്ള മഴയെ തുടർന്നു താപനില താഴ്ന്നു. റാസൽഖൈമ ജബൽ അൽ ജൈസ് മലനിരകളിൽ ഇന്നലെ രാവിലെ 18.4 ഡിഗ്രി സെൽഷ്യസ് ആയിരുന്നു താപനില.  രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇനിയുള്ള ദിവസങ്ങളിലും മഴയ്ക്കു സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. 

ശക്തമായ മഴയെ തുടർന്ന് വടക്കൻ എമിറേറ്റുകളിൽ പലയിടങ്ങളിലും വെള്ളക്കെട്ടുണ്ടായത് താമസക്കാരെ വലച്ചു. റാസൽഖൈമയിൽ ഞായറാഴ്ച പെയ്ത മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. വെള്ളം നീക്കാൻ നൂറിലേറെ ടാങ്കറുകൾ വേണ്ടിവന്നു. വാദികൾ നിറഞ്ഞൊഴുകുകയാണ്. 

ഉമ്മുൽഖുവൈൻ, ഫുജൈറ, ഷാർജ ദൈദ്, മലീഹ, അൽഐൻ, അജ്മാൻ മനാമ എന്നിവിടങ്ങളിലും മഴ ശക്തമായിരുന്നു. ചിലയിടങ്ങളിൽ ആലിപ്പഴ വർഷവുമുണ്ടായി. 

മലനിരകളിൽ നിന്നു വെള്ളം കുത്തിയൊലിച്ച് ഒഴുകുകയാണ്. ഉമ്മുൽഖുവൈൻ ഫലജ് അൽ മുഅല്ലയിൽ റോഡുകളിൽ വെള്ളം കയറിയത് ഗതാഗതത്തെ ബാധിച്ചു. മലയോര മേഖലകളിൽ ശക്തമായ കാറ്റുണ്ട്. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നു പൊലീസ് നിർദേശിച്ചു. വാഹനങ്ങൾ തമ്മിൽ മതിയായ അകലം പാലിക്കണമെന്നും അറിയിച്ചു.

പകർച്ചപ്പനി: ജാഗ്രത വേണം

ദുബായ് ∙ പകർച്ചപ്പനിക്കെതിരെ ആരോഗ്യമന്ത്രാലയം  ബോധവൽക്കരണം തുടങ്ങി. പനി ബാധിച്ചു ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണിത്.  ക്ലാസുകളും ശിൽപശാലകളും സംഘടിപ്പിക്കും.

ഡോക്ടർമാർ, ഇതര ജീവനക്കാർ എന്നിവരെ ഉൾപ്പെടുത്തിയുള്ള പരിപാടികളാണ് നടത്തുന്നതെന്ന് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ.ഹുസൈൻ അബ്ദുൽ റഹ്മാൻ അൽ റാൻദ്, ഡയറക്ടർ നാദ അൽ മർസൂഖി എന്നിവർ പറഞ്ഞു. 

ചികിത്സയ്ക്കായി ആശുപത്രികളിൽ കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും പ്രതിരോധ കുത്തിവയ്പ് ലഭ്യമാണെന്നും പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com