ADVERTISEMENT

ദുബായ് ∙ ജല്ലിക്കെട്ട് എന്ന സിനിമയെ ഇന്ന് ഇന്ത്യയിൽ നടക്കുന്ന ആൾക്കൂട്ട കൊലപാതകവുമായി ചേർത്തു വായിക്കാവുന്നതാണെന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു. ദുബായിൽ മാധ്യമപ്രവർത്തകർക്കും ചലച്ചിത്ര പ്രവർത്തകർക്കും ഒരുക്കിയ പ്രിമിയർ ഷോയ്ക്ക് ശേഷം സംവദിക്കുകയായിരുന്നു അദ്ദേഹം. 

സിനിമ എടുക്കുക എന്നതാണ് എന്റെ കടമ. ശേഷം അതു വ്യത്യസ്ത രീതിയിൽ ഉൾക്കൊള്ളുക എന്നത് എന്റെ വിഷമയല്ല. ഒരു സിനിമ കാണാതെയും പുസ്തകം വായിക്കാതെയും നമുക്ക് യാതൊരു സൃഷ്ടിയും ഉണ്ടാക്കാൻ സാധ്യമല്ല. മനുഷ്യനും മൃഗവും തമ്മിലുള്ള വിടവ് ഇല്ലെന്ന് പറയുന്ന സിനിമയാണിതെന്നും അദ്ദേഹം പറഞ്ഞു. പ്രേക്ഷകരിൽ ആകാംക്ഷ ജനിപ്പിക്കുന്ന, വ്യത്യസ്തമായ ചിത്രങ്ങൾ സംവിധാനം ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. അങ്കമാലി ‍ഡയറീസിനും മുൻപ് പ്രവർത്തനം ആരംഭിച്ച ചിത്രമാണിത്. മൃഗത്തെ ഉപയോഗിക്കാനുള്ള മുന്നൊരുക്കം കാരണമാണ് നാലു വർഷത്തോളമുള്ള അധ്വാനം വേണ്ടി വന്നത്. ജല്ലിക്കട്ടിന് അതാവശ്യപ്പെടുന്ന ക്ലൈമാക്സാണ് ഒരുക്കിയത്. ഡമ്മി ഉപയോഗിച്ച് പോത്തിനെ ഉണ്ടാക്കിയപ്പോൾ വളരെ കുറച്ച് വിഎഫ്എക്സ് മാത്രമേ ഉപയോഗിക്കേണ്ടി വന്നുള്ളൂ–ലിജോ പറഞ്ഞു.

പൂർണമായും തന്റെ മാവോയിസ്റ്റ് എന്ന കഥയല്ല ജല്ലിക്കെട്ട് എന്ന് ചിത്രത്തിന് തിരക്കഥ രചിച്ച എഴുത്തുകാരൻ എസ്.ഹരീഷ് പറഞ്ഞു. ഒരു കഥ അതേപടി സിനിമയാക്കാൻ സാധിക്കണമെന്നില്ല. മാവോയിസ്റ്റിന്റെ ആശയം എടുത്ത് ലിജോ ഒരുക്കിയ മികച്ച സിനമയാണിതെന്നും അദ്ദേഹം പറഞ്ഞു. പോത്താണ് ഇൗ ചിത്രത്തിലെ നായകനെന്നും മറ്റുള്ളവരെല്ലാം സഹനടന്മാർ മാത്രമാണെന്നും ചിത്രം ആരംഭിക്കുന്നതിന് മുൻപ് സംവിധായകൻ പറഞ്ഞിരുന്നതായി കാളവർക്കി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചെമ്പൻ വിനോദ് ജോസ് പറഞ്ഞു. അഭിനയതാവ് എന്നത് സംവിധായകന്റെ ഉപകരണമാണെന്നാണ് തന്റെ അഭിപ്രായമെന്ന് ചിത്രത്തിലെ ശക്തമായ കഥാപാത്രമായ കുട്ടിച്ചനെ അവതരിപ്പിച്ച സാബു മോൻ പറഞ്ഞു. അത് എങ്ങനെ ഉപയോഗിക്കുന്നു എന്നതിലാണ് കാര്യം. ലിജോ ജോസ് എന്നെ നന്നായി ഉപയോഗിച്ചു. മറ്റുള്ളവർ എങ്ങനെയായിരിക്കും അത് ചെയ്യുക എന്ന് കണ്ടറിയണം. ഒരു അഭിനേതാവ് തന്റെ ശരീരം സിനിമയ്ക്കായി സമർപ്പിക്കുകയാണെന്നും സാബു പറഞ്ഞു. സംവിധായകന്റെ നിർദേശപ്രകാരം ഒത്തിരി ഒാടിയതായി ക്യാമറാമാൻ ഗിരീഷ് പറഞ്ഞു.

യുഎഇയിലെ മാധ്യമപ്രവർത്തകർക്കും സിനിമാ പ്രവർത്തകർക്കും വിതരണ കമ്പനിയായ ഫാർസ് ഫിലിംസാണ് പ്രിമിയർ ഷോ ഒരുക്കിയത്. യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് സ്വദേശികളടക്കമുള്ള സിനിമാ പ്രവർത്തകർ പങ്കെടുത്തു. അബുദാബിയിലെ സിനിമാ സംവിധായകൻ അഹമദ് അൽ മിയാമി സിനിമ വളരെ ഇഷ്ടപ്പെട്ടതായി പറഞ്ഞു. അസാധാരണ സിനിമകൾ നിർമിക്കുന്ന സംസ്ഥാനമാണ് കേരളമെന്നും ഫഹദ് ഫാസിലിനെ പോലുള്ള മികച്ച നടന്മാർ തന്നെ അമ്പരിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. ജല്ലിക്കെട്ടിന്റെ നിർമാതാവ് ദുബായിൽ വ്യവസായിയായ തോമസ് പെന്റ, നൗഷാദ് എന്നിവരും സംബന്ധിച്ചു. ജല്ലിക്കെട്ട് ഇന്നു മുതൽ ഗൾഫിൽ പ്രദർശനമാരംഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com