ADVERTISEMENT

ദോഹ ∙ 2022 ലോകകപ്പ് പദ്ധതികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന 40,000 തൊഴിലാളികള്‍ക്ക് അടുത്ത 3 വര്‍ഷത്തിനുള്ളില്‍ 10 കോടി റിയാലോളം റിക്രൂട്ട്‌മെന്റ് ഫീസ് തിരികെ നല്‍കുമെന്നു സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി. പ്രാദേശിക കമ്പനികളുടെ പങ്കാളിത്തത്തോടെയാണു തുക മടക്കി നല്‍കുകയെന്ന് സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍ തവാദി പറഞ്ഞു. അനധികൃതമായി റിക്രൂട്മെന്റ് ഏജന്‍സികള്‍ ഈടാക്കിയ തുക തിരികെ നല്‍കുന്നതില്‍ സുപ്രീം കമ്മിറ്റി നടത്തുന്ന ശ്രമങ്ങള്‍ പുരോഗതി കൈവരിക്കുന്നുണ്ട്.

2022 ലോകകപ്പ് പദ്ധതികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ ക്ഷേമവും അവകാശവും ഉറപ്പാക്കുന്നതില്‍ പഠനങ്ങളും വിലയിരുത്തലുകളും നടത്തുന്നത് ഇന്റര്‍നാഷനല്‍ ലേബര്‍ ഓര്‍ഗനൈസേഷനുമായി ചേര്‍ന്നാണ്. ആരോഗ്യ പരിശോധനകള്‍, പോഷകാഹാരം, വിദ്യാഭ്യാസം, ശിതീകരണ വസ്ത്രങ്ങള്‍, ഇലക്ട്രോണിക് മെഡിക്കല്‍ റെക്കോർഡ്, ഐഡി കാര്‍ഡുകള്‍ എന്നിവയെല്ലാം സുപ്രീം കമ്മിറ്റിയുടെ കീഴിലെ തൊഴിലാളികള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും അല്‍ തവാദി പറഞ്ഞു. സെന്റ് റീഗ്‌സ് ദോഹയില്‍ ഇന്നലെ സമാപിച്ച ആഗോള സുരക്ഷാ ഫോറത്തിലാണ് സുപ്രീം കമ്മിറ്റിയുടെ തൊഴിലാളി ക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചത്. ഖത്തറിന്റെ തൊഴില്‍ വിപണി പരിഷ്‌കരിച്ചു വരികയാണ്.

തൊഴില്‍ പരിഷ്‌കരണങ്ങളില്‍ മേഖലയിലെ മുന്‍നിര രാജ്യങ്ങളിലൊന്നാണ് ഖത്തർ. പരിഷ്‌കരണങ്ങള്‍ പ്രാധാന്യത്തോടെയും ഫലപ്രദമായും വേണം നടത്താന്‍. നിയമ, സാമൂഹിക, സാമ്പത്തിക വിവക്ഷകളോടെ തൊഴില്‍ വിപണിയില്‍ സൃഷ്ടിക്കുന്ന മാറ്റങ്ങള്‍ സ്ഥിരമായി നിലനില്‍ക്കണമെങ്കില്‍ കൂടുതല്‍ സമയം വേണ്ടി വരും. ഒറ്റ രാത്രി കൊണ്ട് ഒരു മാറ്റങ്ങവും വരുത്താന്‍ കഴിയില്ല. തൊഴില്‍ പരിഷ്‌കരണങ്ങള്‍ വേഗത്തില്‍ നടക്കുന്നില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയായാണ് അല്‍ തവാദി ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. 2022ല്‍ അപൂര്‍വ ലോകകപ്പാകും ഖത്തര്‍ ലോകത്തിന് സമ്മാനിക്കുകയെന്നും അല്‍ തവാദി പറഞ്ഞു.

ആഗോള തൊഴിലാളികളുടെ അവകാശ പരിഷ്‌കരണത്തിനും ലോകജനതയുടെ ഏകീകരണത്തിനുമുള്ള പ്രേരകശക്തിയായി മാറാനുള്ള പ്രത്യേക അവസരമാണ് 2022ലെ ഖത്തര്‍ ലോകകപ്പ്. സാമൂഹിക, സാമ്പത്തിക പാരമ്പര്യം മധ്യപൂര്‍വ ദേശത്തുടനീളം അവതരിപ്പിക്കാനുള്ള അവസരമാണ് ടൂര്‍ണമെന്റിലൂടെ ലഭിക്കുന്നത്. 2022 ല്‍ ടൂര്‍ണമെന്റ് കഴിഞ്ഞാലും വര്‍ഷങ്ങളോളം ജനമനസില്‍ ടൂര്‍ണമെന്റിന്റെ യഥാര്‍ഥ പാരമ്പര്യം നിലനില്‍ക്കും. ടൂര്‍ണമെന്റ് കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടാലും അതിന്റെ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയുന്നതിലാണ് വിജയത്തിന്റെ യഥാര്‍ഥ അളവെന്നും അല്‍ തവാദി കൂട്ടിച്ചേര്‍ത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com