ADVERTISEMENT

ദോഹ∙ 16-ാമത് ഫിഫ ക്ലബ് ലോകകപ്പിന്റെ ഔദ്യോഗിക ചിഹ്നം പ്രകാശനം ചെയ്തു. ഡിസംബർ 11 മുതൽ 21 വരെ നടക്കുന്ന ഫിഫ ക്ലബ് ലോകകപ്പിനു ഖത്തർ ആണ് ആതിഥേയത്വം വഹിക്കുന്നത്. ഒറ്റനോട്ടത്തിൽ തന്നെ വിസ്മയവും കൗതുകവും ജനിപ്പിക്കുന്ന ഡിസൈൻ ഒട്ടേറെ അർഥങ്ങൾ ഒളിപ്പിക്കുന്നതാണ്. ഖത്തറിന്റെ സാംസ്‌കാരിക പൈതൃകം പ്രതിഫലിപ്പിക്കുന്നതാണു ലോഗോ. ലോഗോ പ്രകാശനത്തിനു പിന്നാലെ ടിക്കറ്റ് വിൽപനയുടെ കാര്യത്തിലും പുതിയ ശൈലിയാണ് സ്വീകരിച്ചിരിക്കുന്നത്.

ക്ലബ്ബ് ഫുട്‌ബോൾ മത്സരം കാണാനുള്ള ടിക്കറ്റുകൾ ഫിഫയുടെ ഔദ്യോഗിക പേയ്മെന്റ് സേവന പങ്കാളികളായ വീസ വഴി മുൻകൂർ വിൽപനയ്ക്ക് ഈ മാസം 22ന് തുടക്കമാകും. വീസ കാർഡ് ഉടമകൾക്കു കാർഡ് ഉപയോഗിച്ച് ഒക്‌ടോബർ 22 ന് പ്രാദേശിക സമയം 2 മുതൽ 31 ന് ഉച്ചയ്ക്ക് 3 വരെ ടിക്കറ്റുകൾ മികച്ച ഓഫറിൽ ഓൺലൈനിൽ വാങ്ങാനുള്ള അവസരവുമുണ്ട്. പൊതുജനങ്ങൾക്ക് ഫിഫയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും ടിക്കറ്റ് വാങ്ങാം. ടിക്കറ്റ് നിരക്കും മറ്റ് വിൽപന രീതികളും സംബന്ധിച്ചുള്ള വിവരങ്ങൾ പിന്നീട് പ്രഖ്യാപിക്കും. ജാസിം ബിൻ ഹമദ് സ്റ്റേഡിയം, ഖലീഫ രാജ്യാന്തര സ്റ്റേഡിയം, എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിലായാണു ഫിഫ ക്ലബ്ബ് ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്.

2022 ഫിഫ ലോകകപ്പ് വേദികളിലൊന്നായ എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിലാണ് ക്ലബ്ബ് ലോകകപ്പിന്റെ സെമി ഫൈനൽ, തേഡ് പ്ലേസ്-പ്ലേ ഓഫ്, ഫൈനൽ മത്സരങ്ങൾ നടക്കുന്നത്. ഖത്തറിന്റെ ദേശീയ ദിനമായ ഡിസംബർ 18നാണ് ക്ലബ്ബ് ലോകകപ്പിന്റെ സെമി ഫൈനൽ. ഡിസംബർ 21നാണ് ഫൈനൽ മത്സരം. 7 കരുത്തൻ ടീമുകളാണ് മത്സര രംഗത്തുളളത്. നിലവിൽ ഖത്തറിന്റെ അൽ സദ്ദ് എസ് സി, ഇംഗ്ലണ്ടിന്റെ ലിവർപൂൾ എഫ്സി, മെക്സിക്കോയുടെ സിഎഫ് മൊന്റെറി, ഇഎസ് തുണിസ്, കാലിഡോണിയയുടെ ഹയെൻഗെയ്ൻ സ്പോർട് എന്നീ 5 ടീമുകളാണ് മത്സര പങ്കാളിത്തം സ്ഥിരീകരിച്ചിരിക്കുന്നത്. എഎഫ്സി, കോൻമിബോൾ എന്നിവയുടെ പങ്കാളിത്തം നവംബറിൽ സ്ഥിരീകരിക്കും.

മുത്തും തനിമയും നിറഞ്ഞ്...

ഫുട്‌ബോളിനെ പവിഴമായി പുനർനിർമിച്ചു കൊണ്ടുള്ളതാണു ലോഗോയുടെ ഡിസൈൻ . രാജ്യത്തിന്റെ മുത്തുവാരൽ വ്യവസായത്തെ ഓർമിപ്പിക്കുന്നതാണിത്. മധ്യപൂർവ ദേശത്തിലെ വീടുകളുടെ നിർമിതിയിലെ പ്രധാന വാസ്തുശിൽപ സവിശേഷതകളിലൊന്നായ മഷ്രാബിയയിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടു കൊണ്ടാണ് ബഹുവർണങ്ങളിൽ ഫുട്‌ബോളിനെ അലങ്കരിച്ചിരിക്കുന്നത്. മുത്തുവാരൽ പോലെ തന്നെ മധ്യപൂർവ കാലഘട്ടം മുതൽക്കേ പൈതൃകവുമായി ആഴത്തിൽ വേരൂന്നിയതാണ് മഷ്രാബിയ ജാലക ചിത്രപണികൾ.

ഡിസൈനിലെ മനോഹരമായ സ്‌ക്രീനുകൾ ഒരേസമയം മികച്ച അലങ്കാരവും പ്രവർത്തനപരവുമാണ്. വീടുകളിൽ തണുപ്പ് നിറയ്ക്കുകയും അതോടൊപ്പം തന്നെ അകത്തും പുറമേയും അലങ്കാരവുമാണ് മഷ്രാബിയ. ലോഗോയ്ക്ക് നൽകിയിരിക്കുന്ന നിറവും സവിശേഷമാണ്. ദോഹ കടൽത്തീരത്തിന്റെ ഹരിതനീലിമയും ഖത്തറിന്റെ സ്വഭാവ സവിശേഷതകളും ഉൾക്കൊള്ളുന്ന കടും ചുവപ്പും കാപ്പി നിറവും കലർന്ന ബർഗണ്ടി നിറമാണ് ലോഗോയുടേത്.

മരുഭൂമിയിലെ മണൽത്തരികളെ അനുസ്മരിപ്പിക്കുന്നതും അറബിക് അക്ഷരമാലയിലെ അടിസ്ഥാന ഘടകമായ ഡയാക്രിറ്റിക്‌സ് ഉച്ചാരണവുമാണു ഡിസൈനിൽ അവലംബിച്ചിരിക്കുന്നത്. ഏറെ സവിശേഷതകൾ നിറഞ്ഞ 2022 ഫിഫ ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക ലോഗോയും ലോകശ്രദ്ധ നേടിയിരുന്നു. സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയാണു ഫിഫ ക്ലബ്ബ് ലോകകപ്പിന്റെയും 2022 ഫിഫ ലോകകപ്പിന്റെയും സംഘാടകർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com