ADVERTISEMENT

ദോഹ ∙ ഖത്തറിൽ തൊഴിൽ നിയമത്തിന്റെ പരിധിയിൽ വരാത്ത ഗാർഹിക തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് എക്‌സിറ്റ് പെർമിറ്റ് നിർത്തലാക്കി കൊണ്ടുള്ള നിയമം 2020 ജനുവരിയോടെ പ്രാബല്യത്തിലാകുമെന്ന് ഇന്റർനാഷനൽ ലേബർ ഓർഗനൈസേഷൻ (ഐഎൽഒ). നോ ഒബ്ജഷൻ സർട്ടിഫിക്കറ്റ് ഇല്ലാതെ (എൻഒസി) തൊഴിൽ മാറാനുള്ള സ്വാതന്ത്ര്യവും ഗാർഹിക തൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെ എക്‌സിറ്റ് പെർമിറ്റ് നിർത്തലാക്കുന്നതും 2020 ജനുവരിയോടെ പ്രാബല്യത്തിലാകുമെന്ന് ഐഎൽഒ ഡയറക്ടർ ജനറൽ ഗുയെ റൈഡറാണു വെളിപ്പെടുത്തിയത്.

എക്‌സിറ്റ് പെർമിറ്റ് നിർത്തലാക്കുന്നതു സംബന്ധിച്ച കരട് നിയമത്തിനു കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. നിലവിൽ തൊഴിൽ നിയമത്തിന്റെ പരിധിയിൽ വരുന്ന പ്രവാസികൾക്ക് എക്‌സിറ്റ് പെർമിറ്റ് ആവശ്യമില്ല. പുതിയ ഭേദഗതി പ്രകാരം 2018 ലെ 13-ാം നമ്പർ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടാത്ത ഗാർഹിക തൊഴിലാളികൾ, സർക്കാർ, പൊതു സ്ഥാപനങ്ങളിലെ ജീവനക്കാർ, സമുദ്രം, കാർഷിക മേഖലയിലെ ജീവനക്കാർ, കാഷ്വൽ ജീവനക്കാർ എന്നിവർക്കും എക്‌സിറ്റ് പെർമിറ്റ് ഇല്ലാതെ സ്ഥിരമായോ താൽക്കാലികമായോ രാജ്യത്തിനു പുറത്തു പോകാനുള്ള അനുമതിയാണ് നൽകുന്നത്. രാജ്യത്തെ മുഴുവൻ പ്രവാസികൾക്കുമുള്ള മിനിമം വേതനം വർഷാവസാനത്തോടെ പ്രാബല്യത്തിലാകുമെന്നു നേരത്തെ തന്നെ അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇത് സംബന്ധിച്ച് ഐഎൽഒയും തൊഴിൽ മന്ത്രാലയവും സംയുക്തമായി നടത്തിയ പഠനം പൂർത്തിയായിട്ടുണ്ട്. മിനിമം വേതനം സംബന്ധിച്ച കരട് നിയമത്തിന് മന്ത്രിസഭയും അംഗീകാരം നൽകിയിരുന്നു. കരട് നിയമങ്ങൾ നിലവിൽ ശൂറാ കൗൺസിലിന്റെ പരിഗണനയിലാണ്. അതിന് ശേഷം അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഒപ്പുവയ്ക്കുന്നതോടെ നിയമം പ്രാബല്യത്തിലാകും. കുടിയേറ്റ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ സുപ്രധാന ചുവടുവയ്പാണ് ഖത്തർ നടത്തുന്നതെന്നും റൈഡർ അഭിപ്രായപ്പെട്ടു. ഇത്തരം പരിഷ്‌കരണങ്ങൾ കൂടുതൽ കാര്യക്ഷമവും ഉൽപാദനക്ഷമവുമായ സമ്പദ് വ്യവസ്ഥയ്ക്ക് വഴിതെളിക്കും. ഒരുമിച്ചുള്ള ചുവടുവയ്പുകളിലൂടെ രാജ്യത്തെ കഫാല സംവിധാനം അവസാനിപ്പിക്കാൻ കഴിഞ്ഞു.

ഭരണനിർവഹണ തൊഴിൽ വികസന സാമൂഹിക മന്ത്രാലയവും ഐഎൽഒയും തമ്മിൽ 2017ൽ ഒപ്പിട്ട കരാറിന്റെ ഭാഗമാണ് തൊഴിൽ പരിഷ്‌കരണങ്ങൾ. തെളിവുകളുടെ അടിസ്ഥാനത്തിലുള്ള മിനിമം വേതന നിരക്ക് കുടിയേറ്റ തൊഴിലാളികളുടെ അന്തസ് ഉറപ്പാക്കാൻ കഴിയുന്നതാണ്. ഏറ്റവും വേഗത്തിൽ തന്നെ പ്രഖ്യാപനം നടപ്പാക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഇന്റർനാഷനൽ ട്രേഡ് യൂണിയൻ കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി ഷാറൻ ബുറൗവും വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com