ADVERTISEMENT

വാണിജ്യ വ്യാപാര നിയമത്തിന്റെ ഭാഗം 2 അധ്യായം 3 ൽ വ്യാപാരവുമായി ബന്ധപ്പെട്ടുള്ള പൊതുവായി കാണുന്ന നിയമവിരുദ്ധ പ്രവർത്തികളെക്കുറിച്ചാണു പറയുന്നത്. ഒരു വാണിജ്യ റജിസ്റ്ററിൽ നിയമ പ്രകാരം ചേർത്തിട്ടുള്ള വ്യാപാര നാമം ഉടമസ്ഥന്റെ അറിവില്ലാതെ മറ്റൊരു വ്യക്തിക്കോ നിയമ വിരുദ്ധമായി ഉടമസ്ഥനോ ഉപയോഗിക്കാൻ പാടുള്ളതല്ല.

ഇത്തരത്തിലുള്ളവ ശ്രദ്ധയിൽപെട്ടാൽ ബന്ധപ്പെട്ടവർക്ക് അത് വിലക്കുന്നതിന് അധികാരികളെ സമീപിക്കുകയും തുടർന്ന് വാണിജ്യ റജിസ്റ്ററിൽ നിന്ന് പേര് നീക്കാൻ അപേക്ഷിക്കാവുന്നതുമാണ്. വ്യാപാര നാമം ദുർവിനിയോഗം ചെയ്യുകയോ ഉടമസ്ഥന്റെ അറിവില്ലാതെ മറ്റൊരാൾ ഉപയോഗിക്കുകയോ ചെയ്താൽ ഒരു വർഷം വരെ തടവോ ഒരു ലക്ഷം റിയാൽ പിഴയോ അല്ലെങ്കിൽ രണ്ടും കൂടി ചേർന്ന ശിക്ഷയോ ലഭിക്കാം. വ്യാപാരത്തിൽ മത്സര ബുദ്ധിയോടു കൂടി വഞ്ചനാപരമായ രീതികൾ അവലംബിക്കുവാൻ പാടുള്ളതല്ല.

മറ്റൊരാൾക്ക് ദോഷം വരുന്ന രീതിയിൽ തെറ്റായ വിവരങ്ങൾ നൽകുക, വിൽക്കുന്ന വസ്തുവിനെക്കുറിച്ചോ അതിന്റെ ഉറവിടത്തെക്കുറിച്ചോ തെറ്റായ വിവരം ധരിപ്പിക്കുക, വിൽക്കുന്ന വസ്തുവിനു യഥാർഥത്തിൽ ഇല്ലാത്ത ഗുണഗണങ്ങൾ ഉണ്ടെന്ന് അവകാശപ്പെടുക എന്നിവ വ്യാപാരത്തിലെ അധാർമിക വ്യാപാര രീതിയായി കണക്കാക്കുന്നു. ഇത് മൂലമുണ്ടാകുന്ന നഷ്ടങ്ങൾക്ക് വ്യാപാരി ഉത്തരവാദിയായിരിക്കും.

മറ്റ് വ്യാപാരിയുടെ വ്യാപാര രഹസ്യം മനസ്സിലാക്കാൻ അവരുടെ തൊഴിലാളികളെ ഉപയോഗിക്കുക, മറ്റ് വ്യാപാരിയുടെ തൊഴിലാളികളെ ഉപയോഗിച്ച് വ്യാപാരികളുടെ ഉപഭോക്താക്കളെ ആകർഷിക്കുക, തൊഴിലാളികളെ ഉപയോഗിച്ച് മറ്റ് ഏതെങ്കിലും തരത്തിൽ വ്യാപാരികൾക്ക് നഷ്ടം വരുത്തുക എന്നിവ എല്ലാം വ്യാപാരവുമായി ബന്ധപ്പെട്ട അന്യായ മത്സരമായി കണക്കാക്കുന്നു. ഇത്തരത്തിലുള്ള പ്രവർത്തികൾ മൂലം നഷ്ടം സംഭവിച്ചാലും അത് പരിഹരിക്കാൻ നഷ്ട്ം വരുത്തിവച്ച വ്യക്തി ബാധ്യസ്ഥനാണ്.

മദ്യവുമായി ബന്ധപ്പെട്ട േകസിൽ ശിക്ഷ എന്താകും

എന്റെ സുഹൃത്തിന് മദ്യം വാങ്ങാനുള്ള പെർമിറ്റ് ഉണ്ട്. എന്നാൽ ഇപ്പോൾ അവൻ അറസ്റ്റിലാണ്. ക്രിമിനൽ നിയമം 273-ാം നമ്പർ പ്രകാരമാണ് കേസ് ചാർജ് ചെയ്തിരിക്കുന്നത് എന്നാണ് പൊലീസ് സ്റ്റേഷനിൽ നിന്ന് ലഭിച്ച കടലാസിലുള്ളത്. അറസ്റ്റ് ചെയ്യുന്ന സമയത്ത് സുഹൃത്ത് മദ്യപിച്ചിട്ടില്ലായിരുന്നു. മറ്റൊരു സുഹൃത്തിന് വേണ്ടി കാറിനുള്ളിൽ കാത്തിരിക്കുന്ന സമയത്താണ് പൊലീസ് അറസ്റ്റ് ചെയ്തത്. കടലാസിൽ പറഞ്ഞിരിക്കുന്നത് പ്രകാരം എന്ത് ശിക്ഷയാണ് ലഭിക്കുക?

ഖത്തറിലെ ക്രിമിനൽ നിയമത്തിലെ ആർട്ടിക്കിൾ 273 പ്രകാരം വ്യാപാരം അല്ലെങ്കിൽ പ്രമോഷനു വേണ്ടി മദ്യമോ മദ്യം ചേർന്ന പാനീയമോ വിൽക്കുകയോ വാങ്ങുകയോ, വിതരണം ചെയ്യുകയോ സ്വീകരിക്കുകയോ ട്രാൻസ്‌പോർട്ട് ചെയ്യുകയോ അല്ലെങ്കിൽ കൈവശം വയ്ക്കുകയോ മദ്യവുമായി ബന്ധപ്പെട്ട ഇടപാടുകൾ നടത്തുകയോ ചെയ്താൽ 3 വർഷം വരെ തടവും 10,000 റിയാൽ വരെ പിഴയും അല്ലെങ്കിൽ ഇവയിൽ ഏതെങ്കിലും ഒന്നോ ലഭിക്കാവുന്ന കുറ്റമാണ്. കൂടാതെ കുറ്റക്കാരനെ നാടുകടത്താൻ കോടതിക്ക് ഉത്തരവിടുകയും ചെയ്യാം.

എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് കിട്ടാൻ എന്തു വേണം

കഴിഞ്ഞ 7 വർഷമായി ഞാൻ ഒരു സ്വകാര്യ കമ്പനിയിലാണു ജോലി ചെയ്യുന്നത്. എന്നാൽ പ്രത്യേകിച്ച് കാരണങ്ങളില്ലാതെ കമ്പനി എന്നെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരിക്കുകയാണ്. എനിക്ക് എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് നൽകാൻ പോലും തൊഴിലുടമ തയാറാകുന്നില്ല. സർട്ടിഫിക്കറ്റ് നൽകാതിരിക്കാനുള്ള അവകാശം കമ്പനിക്കുണ്ടോ?

2004 ലെ 14-ാം നമ്പർ തൊഴിൽ നിയമത്തിലെ 53-ാം ആർട്ടിക്കിൾ പ്രകാരം തൊഴിലാളിയെ പിരിച്ചുവിടുന്ന അവസരത്തിൽ തൊഴിലാളിയുടെ ആവശ്യപ്രകാരം സൗജന്യമായി എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് നൽകാൻ തൊഴിലുടമ ബാധ്യസ്ഥനാണ്. എക്‌സിപീരിയൻസ് സർട്ടിഫിക്കറ്റിൽ ജോലിയുടെ കാലാവധി, സ്വഭാവം, വേതനം എന്നിവയെല്ലാം വ്യക്തമാക്കേണ്ടതുമാണ്.

qatar-law
അഡ്വ. നിസാർ കോച്ചേരി

 

നിയമങ്ങൾ സംബന്ധിച്ച സംശയങ്ങൾക്കു നിയമകാര്യ വിദഗ്ധനായ അഡ്വ. നിസാർ കോച്ചേരി മലയാള മനോരമയിലെ ‘നിയമവും നിങ്ങളും’ എന്ന കോളത്തിലൂടെ മറുപടി നൽകും. ചോദ്യങ്ങൾ manoramadoha@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ അയയ്ക്കണം. തിരഞ്ഞെടുക്കപ്പെട്ട ചോദ്യങ്ങൾക്കാണു മറുപടി നൽകുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com