ADVERTISEMENT

അബുദാബി ∙ ഇൻഫ്ലൂവൻസ വൈറസ് മൂലം ഉണ്ടാകുന്ന പനി അബുദാബിയിലെ സ്കൂളുകളില്‍ വിദ്യാർഥികളുടെ ഹാജര്‍ നില കുറച്ചു. ചില ക്ലാസുകളില്‍ പകുതിയോളം കുട്ടികള്‍ മാത്രമാണ് എത്തുന്നത്. ചെറിയ ക്ലാസുകളില്‍ ഹാജര്‍നില വളരെകുറവാണെന്നു വിവിധ സ്കൂള്‍ അധികൃതര്‍ പറഞ്ഞു. കടുത്ത ശരീര വേദനയും ശക്തമായ പനിയുമാണ് കുട്ടികളെ വിഷമത്തിലാക്കുന്നത്. രോഗം ബാധിച്ച് ആശുപത്രിയിലെത്തുന്നവരിലേറെയും കുട്ടികളാണെന്ന് ആശുപത്രി അധികൃതരും സാക്ഷ്യപ്പെടുത്തുന്നു.

അവധി നല്ലതാണ്

പനി ഉൾപ്പെടെയുള്ള രോഗങ്ങളുള്ള കുട്ടികളെ സ്കൂളിൽ അയയ്ക്കരുതെന്നു ഭൂരിഭാഗം സ്കൂളുകളും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വായുവിലൂടെ പകരുന്ന ഫ്ളൂ മറ്റു കുട്ടികളെ ബാധിക്കാതിരിക്കാനാണ് മുന്‍കരുതല്‍. എന്നാല്‍ മാതാപിതാക്കള്‍ ജോലിക്കുപോകുമ്പോള്‍ വീട്ടില്‍ തനിച്ചാകുന്ന മക്കളെ നിര്‍ബന്ധപൂര്‍വം സ്കൂളിലേക്ക് അയക്കുന്നവരും കുറവല്ല.

കുത്തവയ്പ് സൗജന്യം

ഇൻഫ്ലൂവൻസ വൈറസിനെതിരെ സൗജന്യ പ്രതിരോധ കുത്തിവയ്പുണ്ട്. അബുദാബി ആരോഗ്യവിഭാത്തിനു കീഴിലുള്ള ആശുപത്രികളില്‍ ഇതു സൗജന്യമായി ലഭിക്കും. വീട്ടിലെത്തി കുത്തിവയ്പ് എടുക്കണമെങ്കില്‍ അതിനും സംവിധാനം ഒരുക്കിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം മൂലവും മറ്റും ഉണ്ടാകുന്ന വൈറസുകളെ പ്രതിരോധിക്കാനുള്ള കുത്തിവയ്പ് നിർബന്ധമായും എടുക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ ഓര്‍മിപ്പിച്ചു. 6 മാസവും അതിനുമുകളിലും പ്രായമായുള്ള കുട്ടികൾക്ക് കുത്തിവയ്പ് എടുക്കാം.

6 മാസത്തിനു താഴെ പ്രായമുള്ള കുട്ടികളുടെ അമ്മ പ്രതിരോധ കുത്തിവയ്പ് എടുത്താൽ മതിയാകും. ഈ കുഞ്ഞുങ്ങൾക്ക് മുലപ്പാലിൽനിന്നുതന്നെ പ്രതിരോധം ലഭിക്കും. മുതിർന്നവർക്ക് ഒരു ഡോസും 9 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് 4 ആഴ്ചയുടെ ഇടവേളയിൽ ആദ്യ തവണ 2 ഡോസുകളുമായാണ് എടുക്കേണ്ടത്. പനിയുള്ള സമയങ്ങളിൽ വാക്സിൻ എടുക്കാൻ പാടില്ല. കുത്തിവയ്പ് എടുത്തിന്‍റെ പ്രതിരോധ ശേഷി ശരീരത്തില്‍ പ്രാവത്തികമാകാന്‍ 3 മുതല്‍ 7 ദിവസം വരെ എടുക്കും. ഇന്‍ഫ്ലൂവന്‍സ എ, ബി എന്നിവയില്‍ വിവിധ ഉപഘടകങ്ങളുണ്ട്. അപൂര്‍വം ചില സന്ദര്‍ഭങ്ങളില്‍ ഇവയില്‍ ഏതെങ്കിലും വീണ്ടും വന്നേക്കാം.

രോഗ ലക്ഷണം

പനി, ശരീര വേദന, ചുമ, തൊണ്ടവേദന എന്നിവയാണ് ലക്ഷണങ്ങൾ. ഇവ 3 മുതൽ 5 ദിവസം കഴിഞ്ഞിട്ടും നീണ്ടുനിന്നാൽ നിർബന്ധമായും ഡോക്ടറെ കാണിക്കണം. പ്രമേഹം, ആസ്മ, ശ്വാസകോശ രോഗങ്ങൾ, ഹൃദ്രോഗികൾ, ഗർഭിണികൾ, 65നു മുകളിലും 5ന് താഴെയും പ്രായമുള്ളവർ എന്നിവർക്ക് രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണ്.അപൂർവം സന്ദർഭങ്ങളിൽ ഇത്തരക്കാരിൽ രോഗം ഗുരുതരമാകാനും ഇടയാക്കും. അതിനാൽ പ്രതിരോധ കുത്തിവയ്പ് നിർബന്ധമായും എടുത്തിരിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com