sections
MORE

നായകവേഷം നൽകില്ലെന്ന് പറഞ്ഞവരോട് പ്രതിനായക വേഷം ചോദിച്ചു: ഗുൽഷൻ ഗ്രോവർ

gulshan-grover
SHARE

ഷാർജ ∙ ഉയരം കുറഞ്ഞ എനിക്ക് നായകവേഷം നൽകില്ലെന്ന് പറഞ്ഞവരോട് താൻ പ്രതിനായക വേഷം ചോദിച്ചു. പ്രതിനായകന് നായകനേക്കാൾ ഉയരം വേണമെന്നും ക്രൂരമുഖം ഉണ്ടായിരിക്കണമെന്നുമായിരുന്നു കിട്ടിയ മറുപടി. എന്റെ ഉയരം പ്രശ്നമാക്കേണ്ടയെന്നും സ്‌ക്രീനിൽ  പ്രകടനം നോക്കി എന്നെ വിലയിരുത്താനും അവരോട് പറഞ്ഞു. പിന്നീടുണ്ടായതെല്ലാം ചരിത്രം– ബോളിവുഡിലെ 'ബാഡ് മാൻ', ഗുൽഷൻ ഗ്രോവറിന്റെതാണ് വാക്കുകൾ. ഷാർജ രാജ്യാന്തര പുസ്തകമേളയിൽ  അതിഥിയായെത്തിയ അദ്ദേഹം സദസിനോട് മനസ്സ് തുറക്കുകയായിരുന്നു. തന്നേക്കാൾ ഉയരമുള്ളവരെയെല്ലാം പിന്നിലാക്കാനായി തനിക്ക് കഴിഞ്ഞത് തന്റെ കഠിനാദ്ധ്വാനം മൂലമാണെന്ന് സൂചിപ്പിച്ചു. സ്വന്തം ജീവിതത്തെയും ചലച്ചിത്രരംഗത്തെ അനുഭവങ്ങളെയും ഭാവിപരിപാടികളെയും കുറിച്ച് വിശദീകരിച്ചു:

grover-book-release

സാമ്പത്തികപരാധീനത നിറഞ്ഞ കുടുംബത്തിൽ ജനിച്ച താൻ കഠിനാദ്ധ്വനവും ആത്‌മവിശ്വാസവും കൊണ്ടാണ് ഹിന്ദിസിനിമാലോകത്ത് സ്വന്തം സ്‌ഥാനം ഉറപ്പിച്ചത്. ബോംബെയിലെ സിനിമാലോകത്തേക്ക് പോകുന്നുവെന്ന് പറഞ്ഞപ്പോൾ തന്റെ നിർധനകുടുംബാംഗങ്ങൾ കരുതിയത് താൻ ജോലിയെടുത്ത് കുടുംബത്തെ സഹായിക്കാനാണ് പുറപ്പെടുന്നതെന്നാണ്. അനിശ്ചിതാവസ്‌ഥ നിറഞ്ഞ സിനിമാലോകത്തേക്ക് നടനാകുക എന്ന ഭാഗ്യപരീക്ഷണത്തിനാണ് താൻ പോകുന്നതെന്ന് മനസ്സിലാക്കാനുള്ള കഴിവ് നിഷ്കളങ്കരായ മാതാപിതാക്കൾക്ക് ഉണ്ടായിരുന്നില്ല. നിത്യവൃത്തിക്ക് പോലും ബുദ്ധിമുട്ടുള്ള വീട്ടിൽ ജനിച്ച സാധാരണക്കാരനായ ഒരു വ്യക്തി, സ്വന്തം കഠിനാദ്ധ്വാനവും ആത്‌മവിശ്വാസവും മൂലം ലക്ഷ്യത്തിലെത്തുന്ന കഥയാണ് 'ബാഡ് മാൻ' എന്ന തന്റെ ആത്മകഥയിൽ ഉള്ളതെന്ന് ഗുൽഷൻ പറഞ്ഞു. 

ആത്മകഥയെഴുതുമ്പോൾ സാമാന്യമായി പാലിക്കേണ്ട മര്യാദകൾ 'ബാഡ് മാൻ' എഴുതുമ്പോൾ പാലിച്ചിട്ടുണ്ട്. കഥകളല്ല, യഥാർത്ഥജീവിതത്തിൽ സംഭവിച്ച കാര്യങ്ങളാണ് ആത്മകഥയിൽ പറയേണ്ടത്. സന്തോഷകരവും ദുഃഖകരവുമായ സംഭവങ്ങളുടെ വിവരണങ്ങൾ ആത്മകഥയിലുണ്ടാകും. ജീവിതത്തിൽ കണ്ടുമുട്ടിയ എല്ലാ സ്ത്രീകളയും ആദരവോടും ബഹുമാനത്തോടും കൂടിയാണ് വർണിച്ചിട്ടുള്ളത്. വിഷമകരമായ അനുഭവങ്ങൾ നമുക്ക് സമ്മാനിച്ച്,  ഒരിക്കൽ നമ്മുടെ മേൽ ആധിപത്യം പുലർത്തിയിരുന്ന വ്യക്തികളെ കുറിച്ച്  ഒരിക്കലും മോശമായി പരാമർശിക്കാൻ പാടില്ലെന്ന് തീരുമാനിച്ചിരുന്നു. നമ്മുടെ പരാമർശങ്ങൾക്ക് മറുപടി തരാനുള്ള വ്യക്തിപ്രഭാവം പലപ്പോഴും അവർക്കുണ്ടാകില്ല. അത്തരക്കാരെ ഒരിക്കലും നമ്മുടെ ആത്മകഥയിലൂടെ നോവിക്കരുത്. ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കാര്യം, നമ്മുടെ ആത്മകഥ മറ്റുള്ളവർക്ക് പ്രചോദനമാകണമെന്നതാണ്. രാമനല്ല, രാവണനാണ്, ഒരു കഥയെന്ന നിലയിൽ രാമായണത്തെ കൂടുതൽ ത്രസിപ്പിക്കുന്നതാക്കിയതെന്നും അദ്ദേഹം പറഞ്ഞു:

രാം ലഖൻ എന്ന സിനിമയിലെ അഭിനയത്തെ തുടർന്ന് പ്രശസ്‌ത സംവിധായകൻ സുഭാഷ് ഘായിയാണ് തനിക്ക് 'ബാഡ് മാൻ' എന്ന പ്രശസ്തമായ വിളിപ്പേര് നൽകിയത്. തന്റെ സമകാലീനരായ നിരവധി നടന്മാരിൽ നിന്ന് താൻ പ്രചോദനമുൾക്കൊണ്ടിട്ടുണ്ട്. മറ്റുള്ളവരിൽ നിന്ന് പ്രചോദനമുൾക്കൊള്ളുമ്പോൾത്തന്നെ, അവരെ ആരെയും അനുകരിക്കാതിരി ക്കാൻ ശ്രമിക്കണമെന്നും അഭിപ്രായപ്പെട്ടു. തന്റെ മൂന്ന് പുതിയ സിനിമകൾ ഉടൻ പുറത്തിറങ്ങുമെന്ന് പറഞ്ഞ ഗുൽഷൻ ഗ്രോവർ സമീപഭാവിയിൽത്തന്നെ തന്ന ഒരു സിനിമ സംവിധാനം ചെയ്യുമെന്നും സൂചിപ്പിച്ചു. ജീവിതത്തെ അതിന്റെ പൂർണ്ണമായ അർത്ഥത്തിൽ പകർത്തുന്ന ചിത്രമായിരിക്കും താൻ സംവിധാനം ചെയ്യുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

39 വർഷത്തിനിടയിൽ നാനൂറിലേറെ സിനിമകളിൽ അഭിനയിച്ച ഗുൽഷൻ ഗ്രോവറിന്റെ 'ബാഡ് മാൻ' എന്ന ആത്മകഥയുടെ പ്രകാശനം  നടന്നു. ഗുൽഷൻ ഗ്രോവർ, സഞ്ജയ് ഗ്രോവർ, രവി ഡിസി എന്നിവർ ചേർന്ന് പുസ്തകം പ്രകാശനം ചെയ്തു. അർപിത് മോഡറേറ്ററായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
FROM ONMANORAMA