ADVERTISEMENT

ദുബായ്∙ രാവും പകലും വാഹനങ്ങളൊഴിയാത്ത ദുബായിയുടെ രാജപാതയിൽ ചരിത്രത്തിൽ ആദ്യമായി ഇന്നലെ വാഹനങ്ങൾ നിലച്ചു. പകരം, സ്മാർട് ശീലങ്ങളിലേക്കു ടോപ് ഗിയറിട്ട് 70,000 പേർ ഒന്നിച്ചോടിയെത്തി. ഫിറ്റ്നസ് ചാലഞ്ചിനോടനുബന്ധിച്ച് ഷെയ്ഖ് സായിദ് റോഡിൽ സംഘടിപ്പിച്ച ദുബായ് റൺ കൂട്ടയോട്ടമാണ് ഫിറ്റ്നസ് ആവേശം തീർത്ത് ചരിത്രം രചിച്ചത്.

dubai-run-1

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നേതൃത്വം നൽകിയ കൂട്ടയോട്ടത്തിൽ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള താമസക്കാരും വിനോദസഞ്ചാരികളുമടക്കം 70,000ൽ ഏറെ പേർ പങ്കെടുത്തു. രാവിലെ 6.30ന് ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നിന്നായിരുന്നു തുടക്കം. പുലർച്ചെ 5നു തന്നെ ഇവിടം നിറഞ്ഞിരുന്നു. 4.30 മുതൽ മെട്രോ സർവീസ് ഉണ്ടായിരുന്നു. വിവിധയിടങ്ങളിൽ നിന്നു ബസുകളും സർവീസ് നടത്തി.

dubai-run-3

5 കിലോ മീറ്റർ ഫൺ റൺ, 10 കിലോ മീറ്റർ മാരത്തൺ എന്നിങ്ങനെ 2 വിഭാഗമായിട്ടായിരുന്നു കൂട്ടയോട്ടം. കുട്ടികളടക്കം എല്ലാ പ്രായക്കാർക്കുമുള്ളതായിരുന്നു ഫൺ റൺ. 18 വയസ്സിനു മുകളിൽ പ്രായമുള്ള പതിവ് ഒാട്ടക്കാരായിരുന്നു മാരത്തണിൽ. 80 മിനിറ്റിനകം ഒാട്ടം പൂർത്തിയാക്കുന്നതായിരുന്നു ചാലഞ്ച്. അൾട്ടിമേറ്റ് മൂവ്സ് ചാലഞ്ച് എന്ന പേരിൽ കായികപരിപാടികളും സംഘടിപ്പിച്ചു.

students
ഫിറ്റ്നസ് ചാലഞ്ചിനായി ഒത്തുകൂടിയ വിദ്യാർഥികൾ. 4,500 വിദ്യാ‍ർഥകളാണ് ഇന്നലെ ഫിറ്റ്നസ് ചാലഞ്ചിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തത്. മോഷൻഗേറ്റ് പാർക്കിൽ വിദ്യാർഥികൾ സന്ദർശനം നടത്തി. മേഖലയിലെ പ്രധാന ആകർഷണ കേന്ദ്രമായ ലിഗോലാൻഡിൽ റൈഡുകളിൽ കയറാനും ബോളിവുഡ് പാർക്കിലെ പരിപാടികൾ ആസ്വദിക്കാനും അവസരമൊരുക്കിയിരുന്നു.

ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയ്ൽ എസ്റ്റാബ്ലിഷ്മെന്റ് (ഡിഎഫ്ആർഇ), നോളഡ്ജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ), വിദ്യാഭ്യാസ മന്ത്രാലയം, ദുബായ് പാർക്സ് ആൻഡ് റിസോർട്ട് എന്നിവ സംയുക്തമായാണ് നടത്തിയത്. കഴി‌ഞ്ഞമാസം 18ന് ആരംഭിച്ച ഫിറ്റ്നസ് ചാല‌ഞ്ച് ഈമാസം 16ന് അവസാനിക്കും. 5,000ൽ ഏറെ ക്ലാസുകളും 40ൽ ഏറെ പരിപാടികളും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. 2017ൽ തുടക്കമിട്ട ചാലഞ്ചിന് ഒാരോ വർഷവും ജനപങ്കാളിത്തം കൂടിവരികയാണ്.

റോഡടച്ച് ഓട്ടം

handan
ദുബായ് റണ്ണിൽ പങ്കെടുക്കാൻ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എത്തിയപ്പോൾ.

ഷെയ്ഖ് സായിദ് റോഡ് (വടക്കു ദിശ), ഫിനാഷ്യൽ സെന്റർ സ്ട്രീറ്റ് ( ഇരു ദിശകളിലും), ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബൊലേവാഡ്, ഹാപ്പിനസ് സ്ട്രീറ്റ് എന്നിവിടങ്ങളിലൂടെയായിരുന്നു ഒാട്ടം. ഷെയ്ഖ് സായിദ് റോഡും ഫിനാൻഷ്യൽ സെന്റർ സ്ട്രീറ്റും രാവിലെ 6 മുതൽ 8 വരെ അടച്ചിട്ടു. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബൊലേവാഡ് 6 മുതൽ 7.45 വരെയും ഹാപ്പിനസ് സ്ട്രീറ്റ് 6 മുതൽ 8.30 വരെയും അടച്ചിട്ടു.

run
ഷെയ്ഖ് സായിദ് റോഡിൽ സംഘടിപ്പിച്ച ദുബായ് റണ്ണിൽനിന്ന്.

താരങ്ങളായി മൊറോക്കൻ ഇത്യോപ്യൻ സ്വദേശികൾ

10 കിലോമീറ്റർ ഒാട്ടത്തിൽ മൊറോക്കൻ സ്വദേശി സാമിർ ജൗഹർ പുരുഷവിഭാഗം ജേതാവായി (27മിനിറ്റ് 44 സെക്കൻഡ്). വനിതാ വിഭാഗത്തിൽ ഇത്യോപ്യൻ വിദ്യാർഥിനി റഫ്രഫ് മുഹമ്മദ് (36 മിനിറ്റ് 45 സെക്കൻ‍ഡ്). 5 കിലോമീറ്റർ വിഭാഗത്തിൽ റഷ്യക്കാരി യുലിയ ബവൻ (33 മിനിറ്റ്) ജേതാവായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com