ADVERTISEMENT

ഷാര്‍ജ ∙ കൈരളിയുടെ കാൽച്ചിലമ്പൊലി മുഴങ്ങിയ ‘കാവ്യസന്ധ്യ’ ഷാർജ രാജ്യാന്തര പുസ്തകമേളയില്‍ സന്ദര്‍ശകരുടെ കാതുകളില്‍ തേന്മഴയായി. മലയാളത്തിന്റെ പ്രിയപ്പെട്ട ഗാനരചയിതാവ് വയലാർ ശരത് ചന്ദ്ര വർമ, കവികളായ അനിതാ തമ്പി, വീരൻകുട്ടി എന്നിവര്‍ തങ്ങളുടെ കവിതകളുമായി സദസ്സിനോട് സംവദിച്ചു. തങ്ങളുടെ മുൻപേ നടന്നവർ എല്ലാം എഴുതിക്കഴിഞ്ഞിരുന്നെന്നും, അവർ എഴുതാതെ വിട്ട പുഴുക്കളേയും മണ്ണിരകളേയും ഒക്കെ കുറിച്ച് കവിതകളെഴുതിയാണ് കഴിഞ്ഞ 25 വര്‍ഷമായി മലയാളത്തിൽ ഉയർന്നുവന്നിട്ടുള്ള കവികൾ തങ്ങളുടെ എഴുത്ത് തുടരുന്നതെന്നും കാവ്യസന്ധ്യയിൽ തന്റെ കവിതകൾ അവതരിപ്പിക്കുന്നതിന് മുന്നോടിയായി വീരാൻകുട്ടി പറഞ്ഞു. 'ആശുപത്രിക്ക് മുന്നിലെ നടപ്പാതയിൽ' എന്ന ഒറ്റവാചകക്കവിതയും സ്വന്തം മാതാവിനെ കുറിച്ചുള്ള 'കുടുക്ക', 'ഉമ്മാരം',  'പൂത്തപടി' എന്നീ കവിതകളും അവതരിപ്പിച്ചു.

കഴിഞ്ഞ പതിറ്റാണ്ടിൽ കേരളം ഏറ്റവും കൂടുതൽ ഉച്ചരിച്ച വാക്ക് 'പ്രവാസി' എന്നതാണെന്ന് അനിതാ തമ്പി പറഞ്ഞു. മലയാളികളുടെ വിയർപ്പ് ഏറ്റവും ഒഴുകിയ മണ്ണ് ഈ പ്രവാസഭൂമിയാണ്. വാക്കുകളെ ഏറ്റവും ജാഗ്രതയോടെ സ്വീകരിക്കുന്ന പ്രവാസ സദസ്സിന്റെ മുന്നിൽ കവിതകൾ അവതരിപ്പിക്കാൻ സന്തോഷമുണ്ട്. 

sibf-kavya-sandhya1-JPG

മറ്റ് ഭാഷകളെ ഉൾക്കൊള്ളാനുള്ള മലയാളത്തിന്റെ കഴിവ് അന്യാദൃശമാണ്. വർഗീയതയും വലതുപക്ഷരാഷ്ട്രീയവും അസഹിഷ്ണുതയും അരങ്ങുതകർക്കുന്ന വേളയിൽ, ഭാഷയുടെ ശരിയായ പ്രയോഗം കൊണ്ടുവേണം അനീതികളെ എതിർക്കാനെന്ന് അഭിപ്രായപ്പെട്ടു. ആശയങ്ങൾക്ക് ഇണങ്ങുന്ന വിധം ഭാഷയെ മാറ്റിത്തീർക്കാതെ രാജ്യത്തെ മാറ്റിത്തീർക്കാൻ കഴിയില്ലെന്നും അനിത തമ്പി പറഞ്ഞു. എഴുത്ത്, മുറ്റമടിക്കുമ്പോൾ, കായ്ച്ചപടി, മുടി മുറിച്ചവൾ, പ്രേതം എന്നീ കവിതള്‍ ചൊല്ലി.

പ്രണയിച്ചുതീരാത്ത കവിയുടെ കാമുകിയാണ് മഴയെന്ന് വയലാർ ശരത്ചന്ദ്രവർമ്മ പറഞ്ഞു. അമ്മയാണ് അച്ഛനെ കാട്ടിത്തരുന്നത്. 450 രൂപയും തന്റെ അമ്മയും മുത്തശ്ശിയും സഹോദരിമാരും അടങ്ങുന്ന കുടുംബത്തേയും കൈയ്യിലേൽപ്പിച്ചാണ് ഒരു തുലാം പത്തിന് പിതാവായ വയലാർ രാമവർമ്മ ജീവിതത്തിൽ നിന്ന് മടങ്ങിപ്പോയതെന്ന് അദ്ദേഹം അനുസ്മരിച്ചു. വയലാറിന്റെ പുത്രൻ എന്ന പരിലാളന തനിക്ക് മലയാളികളിൽ നിന്ന് വേണ്ടുവോളം ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അമ്മയെ കുറിച്ചുള്ള കവിതയാണ് വയലാർ ശരത്ചന്ദ്രവർമ്മ വേദിയിൽ ആദ്യം ചൊല്ലിയത്.

ഷാർജ ബുക്ക് അതോറിറ്റി എക്സ്റ്റേണൽ അഫയേഴ്‌സ് എക്സിക്യൂട്ടീവ് മോഹൻ കുമാർ, രവി ഡിസി എന്നിവർ പരിപാടിയിൽ പങ്കെടുത്തു. റേഡിയോ അവതാരക ഐശ്വര്യാ നായര്‍ കാവ്യസന്ധ്യയിൽ മോഡറേറ്ററായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com