ADVERTISEMENT

ദമാം ∙ അല്‍ ഖോബാറിലെ പ്രിന്‍സ് സൗദ് ബിന്‍ ജലവി സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച നടന്ന എഎഫ്സി അണ്ടര്‍ 19 ചാംപ്യന്‍ഷിപ്പ് ഗ്രൂപ്പ് എഫ് യോഗ്യതാ മത്സരത്തില്‍ ആതിഥേയരായ സൗദി അറേബ്യയോട് ഇന്ത്യ 4-0 ന് പരാജയപ്പെട്ടു. ഇതോടെ അണ്ടര്‍ 19 ചാംപ്യന്‍ഷിപ്പ് 2020 ക്വാളിഫെയിങ് മത്സരത്തില്‍ നിന്ന് ഇന്ത്യ പുറത്തായി. കളിയുടെ രണ്ടാം മിനിറ്റില്‍ തന്നെ ഇന്ത്യയുടെ പ്രതിരോധ നിരയിലുണ്ടായ പിഴവ് മൂലം സൗദിയുടെ മുഹമ്മദ് ഖലീല്‍ മാരന്‍ ഗോള്‍ കീപ്പര്‍ പ്രഭുസുഖന്‍ സിംഗ്ഗില്ലിനെ മറികടന്ന് ഗോള്‍ നേടി. പത്താം മിനിറ്റില്‍ മിഡ് ഫീല്‍ഡര്‍ അഹ്മദ് അല്‍ബസാസ് ഇടത് വശത്ത് നിന്ന് ഒരു ക്രോസ് ബോള്‍ ഇന്ത്യന്‍ വലയിലാക്കിയതോടെ ലീഡ് രണ്ടായി ഉയര്‍ന്നു. പതിനട്ടാം മിനിറ്റില്‍ ഒരു ത്രൂ പാസ് ഉപയോഗിച്ച് ഗോള്‍ നേടിയ അല്‍ബസാസ് ഇരുപത്തിയെട്ടാം മിനിറ്റില്‍ മറ്റൊരു ഗോള്‍ കൂടി നേടി ഹാട്രിക്ക് പൂര്‍ത്തിയാക്കി.

AFC-under-19-championship1
സൗദിക്ക് വേണ്ടി ഹാട്രിക്ക് നേടിയ അഹ്മദ് അല്‍ ബസാസ്.

രണ്ടാം പകുതിയില്‍ മികച്ച കളി പുറത്തെടുത്ത ഇന്ത്യക്ക് സൗദി പ്രതിരോധ നിരയെ അതിജീവിക്കാന്‍ സാധിച്ചില്ല. മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ വല ചലിപ്പിക്കാന്‍ ഇന്ത്യക്കായില്ല. അവധി ദിവസമായതിനാല്‍ മലയാളികൾ ഉൾപ്പെടെ ആയിരത്തോളം കാല്‍പന്ത് പ്രേമികളാണ് മത്സരങ്ങള്‍ വീക്ഷിക്കാനെത്തിയത്. ബാന്‍ഡ് മേളയുടെ താളങ്ങളോടെ ഇന്ത്യന്‍ ആരാധകര്‍ ടീമിന് പ്രോത്സാഹനം നല്‍കിയെങ്കിലും നിരാശയായിരുന്നു ഫലം. 

കുടുംബങ്ങള്‍ക്ക് പ്രത്യേക ഇരിപ്പിടം ഒരുക്കിയിരുന്നു. കഴിഞ്ഞ രണ്ടു മത്സരങ്ങളിലെ പരാജയങ്ങള്‍ ഉള്‍ക്കൊള്ളുന്നതായും സാങ്കേതിക പിഴവുകള്‍ മാത്രമാണ് സംഭവിച്ചതെന്നും ഇന്ത്യന്‍ കോച്ച് ഫ്‌ലോയിഡ് പിന്റോ പറഞ്ഞു. ഇന്ത്യന്‍ ടീമിനെ വളരെ ഗൗരവത്തോടെ കാണുന്നുവെന്നും ആദ്യ പകുതിയില്‍ തന്നെ കളിയില്‍ സ്‌കോര്‍ നേടാനുള്ള ശ്രമങ്ങള്‍ വിജയിക്കുകയായിരുന്നുവെന്ന് സൗദി കോച്ച് ബന്ദര്‍ ഖാലിദ് ബസ്രയ് പറഞ്ഞു. മത്സരത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. ഞായറാഴ്ച്ച അഫ്ഗാനിസ്ഥാനുമായി ഇന്ത്യ ഏറ്റുമുട്ടും. തിങ്കളാഴ്ച്ച ഇന്ത്യന്‍ ടീം നാട്ടിലേക്ക് തിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com