ADVERTISEMENT

ദുബായ് ∙ എമിറേറ്റിൽ ഡൈവിങ് ലൈസൻസ് ലഭിക്കാനുള്ള അന്തിമ ടെസ്റ്റിൽ പരാജയം ആവർത്തിക്കുന്നെങ്കിൽ പരിഹാരമുണ്ടെന്ന് അധികൃതർ. ഭയപ്പാടൊഴിവാക്കി ജാഗ്രതയോടെ വളയം പിടിക്കുന്നവർക്ക് ആർടിഎ വിജയം ഉറപ്പ് നൽകുന്നു. ദുബായ് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറ്റിക്ക് കീഴിൽ ഡ്രൈവിങ് ലൈസൻസ് നേടാനുള്ള റോഡ് ടെസ്റ്റിൽ പങ്കെടുക്കുന്നവരിൽ 37 ശതമാനമാണ് വിജയിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയികളുടെ തോതിൽ അഞ്ചു ശതമാനം വർധനയുണ്ട്. ഡ്രൈവിങ് പരിശീലനത്തിന്റയും വാഹനമോടിക്കുന്നതിന്റയും നിലവാരമുയർന്നതിന്റെ സൂചനയാണിതെന്ന്  ആർടിഎ ലൈസൻസ് വകുപ്പ് തലവൻ അബ്ദുല്ല യൂസുഫ് ആലു അലി അറിയിച്ചു. സ്മാർട് സംവധാനത്തിലൂടെയുള്ള വാചിക പരീക്ഷകൾ ഏറെ പല പ്രദമായെന്ന് കഴിഞ്ഞ വർഷങ്ങളിൽ ടെസ്റ്റുകളിൽ വിജയിക്കുന്നവരുടെ തോത് വ്യക്തമാക്കുന്നുണ്ട്.

അവസാന പരീക്ഷയ്ക്ക് ഒരുങ്ങുന്നവർ ഓർക്കേണ്ടത്

ടെസ്റ്റുകളിൽ പരാജയപ്പെടുന്നവരുടെ തോത് 63 ശതമാനമാണ്. ഈ വർഷം ജനുവരി മുതൽ സെപ്റ്റംബർ വരെ നടത്തിയ റോഡ് ടെസ്റ്റുകളിലെ സ്ഥിതിയാണിത്. ആത്മവിശ്വാസമാണ് വിജയത്തിന്റെ താക്കോലെന്ന കാര്യം പരീക്ഷയ്ക്ക് എത്തുന്നവർ മറക്കരുതെന്ന് അബ്ദുല്ല ഓർമിപ്പിച്ചു.

വാഹനമോടിക്കുന്നതിനിടെ ജാഗ്രത കൈമോശം വരുന്നതാണ് പ്രധാന പരാജയ കാരണം. അതേപ്രകാരം അമിത ആവേശം കാണിക്കുന്നതും അപാകതകൾ ഡ്രൈവിങിലേക്ക് കൂട്ടികൊണ്ടുവരും. ശ്രദ്ധ നഷ്ടപ്പെടുന്നതാണ് മറ്റൊരു പരാജയ കാരണമായി അധികൃതർ ചൂണ്ടിക്കാണിക്കുന്നത്. പരീക്ഷയ്ക്ക് ഡ്രൈവിങ് സീറ്റിൽ ഇരിക്കുന്നതിനു മുമ്പ് പരീക്ഷാർഥി വിശ്രമിക്കണം. ഇല്ലെങ്കിൽ വാഹനമോടിക്കാൻ അവിഭാജ്യ ഘടകമായ ശ്രദ്ധ ചിന്നിത്തെറിച്ച് ഡ്രൈവിങ് അവതാളത്തിലാക്കും.

വേഗനിയന്ത്രണം വേണ്ട വിധം

വാഹന വേഗം നിയന്ത്രിക്കാനാകാത്തതാണ് പരാജിതരുടെ എണ്ണം കൂട്ടുന്നത്. നിരത്തുകൾക്ക് അനുസരിച്ച് വേഗം നിയന്ത്രിച്ച് നിരീക്ഷകനു കാണിച്ചു കൊടുക്കണം. ഒച്ചിനെപ്പോലെ പതുക്കെ നീങ്ങുന്നതും ശരവേഗവും നിരത്തിൽ പാടില്ല. റോഡിൽ അപകടങ്ങൾക്കിടവരാത്ത വിധം വാഹനമോടിച്ച് പക്വത പ്രകടിപ്പിക്കുകയാണ് വേണ്ടത്. ബ്രേക്ക് ചവിട്ടുന്നതിലെ പാളിച്ചകളാണ് ടെസ്റ്റിൽ തെറിക്കാൻ മറ്റൊരു ഹേതുവാകുന്നത്. സഡൻ ബ്രേക്കും അശ്രദ്ധയോടെയുള്ള വാഹനം നിറുത്തലും ടെസ്റ്റിലെ പരാജയത്തിൽ മാത്രമല്ല ചിലപ്പോൾ അപകടത്തിലും കലാശിക്കുമെന്നാണ് മുന്നറിയിപ്പ്‌.

RTA-dubai1

നോട്ടം പ്രധാനം

വാഹനമോടിക്കുമ്പോൾ ഡ്രൈവറുടെ നോട്ടത്തിനു വലിയ പ്രാധാന്യമുണ്ട്. വാഹനത്തിലെ വശങ്ങളിലെ കണ്ണാടികളിൽ അവസരോചിതം കണ്ണെത്തണം. വാഹനം നിർത്തുന്നതിനു മുമ്പ് മുന്നിലേക്ക് മാത്രമല്ല, പിറക് വശം കാണാനുള്ള ചെറു കണ്ണാടിയിലും ദൃഷ്ടി പതിയണം.

രണ്ടും കൽപ്പിച്ചാകരുത് കുതിപ്പ്

വശങ്ങളിലെ ലൈനുകളിലേക്ക് വാഹനം മാറ്റുമ്പോൾ അവധാനത അനിവാര്യമാണ്. രണ്ടും കൽപ്പിച്ച് ഓടുന്ന ലൈനിൽ നിന്ന് വാഹനം മാറ്റരുത്. കണ്ണാടികളിൽ നോക്കി സാവകാശമായിരിക്കണം സഞ്ചാരം. കൂടാതെ കണ്ണാടിയിൽ പെടാത്ത വാഹനം കാണാൻ ചുമൽ വഴി തിരിഞ്ഞുനോക്കിയും സുരക്ഷിതത്വം ഉറപ്പാക്കണം.

കയറിയ ഉടൻ വാഹനം സ്റ്റാർട്ട് ചെയ്യരുത്

വാതിലുകൾ ഭദ്രമാണോ, ഇരിപ്പിടം ക്രമപ്പെടുത്തിയോ എന്നെല്ലാം പരിശോധകൻ നിരീക്ഷിക്കും. വാഹനം നീക്കുന്നതിനു മുമ്പ് തന്നെ സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണം. പിന്നിൽ സഹസഞ്ചാരികൾ ഉണ്ടെങ്കിൽ അവരും സീറ്റ് ബെൽറ്റ് ധരിക്കൽ നിർബന്ധമാണ്.

പേടി പാടില്ല

ഭയവും വെപ്രാളവും വളയം പിടിക്കുന്നവർ പടിക്ക് പുറത്താക്കണം. ഈ രണ്ട് കാരണം കൊണ്ട് ടെസ്റ്റിൽ തോറ്റ് നിരാശപ്പെടേണ്ടി വന്നവർ നിരവധിയാണ്. ഇതു മാറാൻ ഒരു പോംവഴിയും അബ്ദുല്ല തിരദേശിച്ചു. ടെസ്റ്റിന് എത്തിയ ഒരാൾ മാനസിക പിരിമുറുക്കം കുറയ്ക്കാൻ നിശ്ചിത മുറിയിൽ മതിയാവോളം വിശ്രമിക്കുക, പരിശോധന ഉദ്യോഗസ്ഥനോടൊപ്പം ആയിരിക്കണമിത്. ടെസ്റ്റിന്റെ രീതി, ശ്രദ്ധയുടെ പ്രാധാന്യം എന്നിവയെല്ലാം പങ്കുവച്ച് ഇരുവരും ആശയ കൈമാറ്റം നടത്തണം. അനാവശ്യ ആധികൾ അകലാനും ശുഭാപ്തി വിശ്വാസം കൈവരിക്കാനും ഇതു സഹായിക്കും. ഈ നിർദേശങ്ങൾ മുഖവിലയ്ക്ക് എടുക്കുന്നവർക്ക് ലൈസൻസും സ്വന്തമാക്കാനാകുമെന്നാണ് അധികൃതർ പറയുന്നത്.

English Summary: Driving license test dubai RTA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com