sections
MORE

ഭരണകൂടത്തിനനുസരിച്ച് പല മാധ്യമങ്ങളും നിലപാട് മാറ്റി: രവിഷ് കുമാർ

Ravish-Kumar19
രവിഷ് കുമാർ
SHARE

ഷാർജ ∙ രാഷ്ട്രീയതാത്പര്യങ്ങൾക്ക് പകരം മതപരമായ താത്പര്യങ്ങളനുസരിച്ച് പ്രവർത്തിക്കുന്ന ഭരണകൂടത്തിനനുസരിച്ച്, പല മാധ്യമങ്ങളും തങ്ങളുടെ നിലപാട് മാറ്റിയെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ രവിഷ് കുമാർ പറഞ്ഞു. മാധ്യമങ്ങളുടെ ഭാവി എന്ന വിഷയത്തിൽ മാധ്യമപ്രവർത്തക സോണിയ സിങ്ങിനൊപ്പം ഷാർജ രാജ്യാന്തര പുസ്തകമേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ പ്രതിപക്ഷശബ്ദം പ്രതിഫലിപ്പിക്കാൻ ഹിന്ദി മാധ്യമങ്ങൾ തയാറാകുന്നില്ല. ഹിന്ദി മേഖലയിലെ പ്രാദേശികലേഖകരുടെ വിമർശനാത്മകമായ റിപ്പോർട്ടിങ്ങുകളൊന്നും ജില്ലാ എഡിഷനുകൾക്കപ്പുറത്തേയ്ക്ക് കടക്കുന്നില്ല. സംസ്ഥാനതലത്തിൽ അവയെല്ലാം തമസ്കരിക്കപ്പെടുകയാണ്. ചോദ്യങ്ങൾ ചോദിക്കുന്ന സ്വഭാവം പല ഹിന്ദിമാധ്യമങ്ങളും ഉപേക്ഷിച്ചിരിക്കുന്നു–രവിഷ് കുമാർ പറഞ്ഞു.

Ravish-Kumar-Sonia-Singh
രവിഷ് കുമാറും സോണിയ സിങ്ങും ഷാർജ രാജ്യാന്തര പുസ്തകമേളയിൽ.

അയോധ്യ വിഷയത്തിൽ സുപ്രീംകോടതി പുറപ്പെടുവിച്ച അന്തിമവിധി ശുഭകരമാണെന്ന് സോണിയ സിങ് പറഞ്ഞു. ഇന്ത്യയിലെ മാധ്യമങ്ങളുടെ ഭാവിയിൽ തനിക്ക് ഏറെ പ്രതീക്ഷയുണ്ട്. ഇന്ത്യൻ ജനാധിപത്യത്തിന്റെ സൗന്ദര്യമാണ് കോടതിവിധിയും വിധിയോടുള്ള രാജ്യത്തിന്റെ പ്രതികരണവും വെളിവാക്കുന്നതെന്നും അവർ അഭിപ്രായപ്പെട്ടു. എൻഡിടിവിയുടെ സ്ഥാപകനും അതിന്റെ വളർച്ചക്ക് കാരണക്കാരനുമായ പ്രണോയ് റോയിക്ക് രാജ്യത്തിന് പുറത്തേക്ക് സഞ്ചരിക്കാൻ വിലക്കേർപ്പെടുത്തിയിരിക്കുന്നതിൽ ദുഃഖവും അമർഷവുമുണ്ടെന്ന് സോണിയ സിംഗ് പറഞ്ഞു. സുപ്രീംകോടതിയുടെ വിധി വരുന്നതിന്റെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ സോണിയ വിമർശിച്ചു. ഉത്തർപ്രദേശിലും രാജ്യത്തിന്റെ മറ്റു നിരവധി ഭാഗങ്ങളിലും ഇന്റർനെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്. അവിടങ്ങളിലെ ജനങ്ങൾ കോടതിവിധിയെ കുറിച്ച് എങ്ങനെയാണ് അറിയുകയെന്ന് അവർ ചോദിച്ചു.

ദേശീയപ്രാധാന്യമുള്ള സംഭവങ്ങൾ ജനങ്ങളിൽ നിന്ന് മറച്ചുവയ്ക്കുന്നത് ഏത് സർക്കാരിന്റെയും സ്ഥിരം പരിപാടിയാണ്. ഇന്ദിരാ ഗാന്ധിയുടെ മരണം, രാജീവ് ഗാന്ധിയുടെ സ്ഥാനാരോഹണം കഴിയുന്നതുവരെ കേന്ദ്രസർക്കാർ മറച്ചുവച്ചുവെന്ന് സദസ്സിനെ ഓർമ്മിപ്പിച്ചു. ഇന്ത്യയിലെ മാധ്യമങ്ങൾ ഒറ്റക്കെട്ടായി നിൽക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. സർക്കാരിന്റെ ജനവിരുദ്ധനയങ്ങളെ തുറന്നുകാട്ടുന്ന മാധ്യമസ്ഥാപനങ്ങളാണ് യഥാർഥ ‘പബ്ലിക് പോഡ്കാസ്റ്റേഴ്സ്’. പൊതുമേഖലയിലെ ആകാശവാണിയും ദൂരദർശനും സർക്കാരിന്റെ ആജ്ഞാനുവർത്തികളായി മാറിക്കഴിഞ്ഞെന്ന് അഭിപ്രായപ്പെട്ടു. 

Ravish-Kumar-Sonia-Singh2
രവിഷ് കുമാറും സോണിയ സിങ്ങും ഷാർജ രാജ്യാന്തര പുസ്തകമേളയിൽ.

മാധ്യമങ്ങൾ രാജ്യത്തിന്റെ കാവൽ നായ്ക്കളാണ്. പക്ഷേ, ഭയത്തിന്റെയും സാമ്പത്തികഞെരുക്കത്തിന്റെയും അന്തരീക്ഷം സൃഷ്ടിച്ച് മാധ്യമങ്ങളെ വരുതിയിലാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. എൻഫോഴ്സ്മെന്റ് പരിശോധനകൾ നടത്തിയും, സർക്കാർ പരസ്യങ്ങൾ നിഷേധിച്ചും മാധ്യമങ്ങളെ സമ്മർദ്ദത്തിലാക്കാനാണ് സർക്കാർ പദ്ധതി. സംവാദപരിപാടിക്ക് ശേഷം നടത്തിയ മീറ്റ് ദ് പ്രസിൽ, ഇന്ത്യയിൽ സർക്കാരിനെ വിമർശിക്കുന്നവരെ നിശ്ശബ്ദരാക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് സോണിയ പറഞ്ഞു. ലോകത്തിന്റെ പല ഭാഗങ്ങളിലും അഭിപ്രായസ്വാതന്ത്ര്യം ഇല്ലാതിരിക്കുന്ന സാഹചര്യത്തിലും നമ്മുടെ രാജ്യത്ത് വിമർശനസ്വാതന്ത്ര്യം വേണ്ടുവോളമുണ്ടായിരുന്നു. എന്നാൽ, അത്തരം അവസ്ഥ ഇപ്പോൾ രാജ്യത്തില്ലെന്നും അവർ വ്യക്തമാക്കി. 

കഴിഞ്ഞ അഞ്ച് വർഷത്തെ 'ഫോട്ടോഷോപ്പ് വികസനം' പല മേഖലകളേയും പോലെ തന്നെ സ്വതന്ത്ര മാധ്യമപ്രവർത്തനത്തെയും ഇല്ലാതാക്കുന്നുണ്ടെന്ന് രവിഷ് കുമാർ പറഞ്ഞു. ഈ പ്രവണതയെ ചെറുക്കാൻ എളുപ്പവഴിയില്ല. 

Sonia-Singh2019
സോണിയ സിങ്

കേന്ദ്രത്തിലെ ഭരണകക്ഷിക്ക് അത്ര എളുപ്പം തങ്ങളുടെ വിഭജനതന്ത്രങ്ങൾ നടപ്പാക്കാൻ കഴിയില്ല. അത്തരം ശ്രമങ്ങളെ അതിജീവിക്കാൻ തക്കവിധം രാജ്യത്തെ സംവിധാനങ്ങൾ ശക്തമാണ്. അയോധ്യ വിഷയത്തിൽ സുപ്രീംകോടതിയുടെ വിധി വന്ന ദിനം തന്നെ കർത്താർപൂർ ഇടനാഴി ഇന്ത്യക്കാർക്കായി തുറന്നുകിട്ടിയത് ഏറെ പ്രത്യേകത നിറഞ്ഞതാണെന്ന് സോണിയ സിങ് പറഞ്ഞു. അഞ്ചു കിലോമീറ്റർ വരുന്ന കർത്താർപൂർ ഇടനാഴി, ഇന്ത്യയിൽ നിന്നുള്ള തീർഥാടകർക്ക് തുറന്നു കൊടുത്തത്, അയോധ്യ വിഷയത്തിലെ കോടതിവിധിയേക്കാൾ ചരിത്രപ്രാധാന്യമുള്ളതായി താൻ കരുതുന്നുവെന്ന് രവിഷ് കുമാർ പറഞ്ഞു. കർത്താർപൂർ ഇടനാഴിയുടെ മണ്ണിൽ അനേകരുടെ ജീവൻ പൊലിഞ്ഞിട്ടുണ്ട്. അവരുടെ ആത്മാക്കൾക്ക് ശാന്തി ലഭിക്കാൻ പുതിയ നടപടി ഉപകരിക്ക‌ണം. മാധ്യമസ്വാതന്ത്ര്യം നിലനിർത്താൻ രാജ്യത്തെ ജനങ്ങളുടെ കൂടി പിന്തുണയുണ്ടാകണമെന്ന് രവിഷ് കുമാറും സോണിയ സിങ്ങും അഭിപ്രായപ്പെട്ടു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
FROM ONMANORAMA