ADVERTISEMENT

 ഷാർജ ∙ മുപ്പത്തിയെട്ടാമത് ഷാർജ രാജ്യാന്തര പുസ്തകമേള ഗിന്നസ് റെക്കോർഡിന്റെ കൈയൊപ്പ് ചാർത്തിയതോടെ മറ്റൊരു ആ തലത്തിൽ കൂടി ശ്രദ്ധേയമായിരിക്കുകയാണ്. വ്യാഴാഴ്ച വൈകിട്ട് നടന്ന, ഏറ്റവും അധികം എഴുത്തുകാർ (1530) ഒരുമിച്ച് അവരവരുടെ കൃതികളിൽ ഒപ്പിട്ട റെക്കോർഡ് ഉദ്യമത്തിൽ യുഎഇയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്വദേശി എഴുത്തുകാരും ഇന്ത്യക്കാരടക്കമുള്ള വിദേശിയരും പങ്കെടുത്തു. ഇവരിൽ പരിപാടിക്കിടെ കണ്ടുമുട്ടിയ ഏറ്റവും മുതിർന്ന യുഎഇ എഴുത്തുകാരിലൊരാളെക്കുറിച്ച് പറയുകയാണ് എഴുത്തുകാരനായ താഹ മാടായി:

പുസ്തകമേള  മലയാളീ എഴുത്തുകാരുടെ വലിയൊരു കൂട്ടായ്മയായിട്ടാണ് അനുഭവപ്പെട്ടത്. കേരളത്തിലെ വായനക്കാർക്ക് അത്ര പരിചിതിരാവണമെന്നില്ല ഈ എഴുത്തുകൂട്ടം . തങ്ങളുടെ സർഗാത്മകത ഏതോ തരത്തിൽ പ്രകാശിപ്പിക്കണം എന്ന വലിയ ആഗ്രഹം എല്ലാവരിലും കാണാം. അതുപോലെ ഇവിടെ മാത്രം അറിയപ്പെടുന്ന മലയാളീ എഴുത്തുകൂട്ടായ്മകളിൽ രൂപപ്പെട്ട പല തരം സാംസ്കാരിക ചലനങ്ങൾ, പുസ്തകങ്ങൾ. ശീതീകരിച്ച മുറികളിൽ, മിക്കവാറും മനുഷ്യർ പാർക്കുന്ന ഫ്രീസറുകൾ എന്നു തോന്നിപ്പിക്കുന്ന റൂമുകളിൽ നിന്നും പുറത്തെ ചൂടിലേയ്ക്ക് പുറപ്പെടുന്ന പ്രവാസികൾക്ക് അവരെ സ്വയം പ്രകാശിപ്പിക്കാനുള്ള വേദിയായി ഷാർജ രാജ്യാന്തര പുസ്തകമേളമാറുന്നു. 

maritime

ലോക ഭാഷകളുടെ ഒരു സംഗമ വേദിയായി മാറുമ്പോഴും, അത്, മിക്കവാറും മലയാളികളുടെ ഒരു അക്ഷരോത്സവമാണ്. വലുപ്പച്ചെറുപ്പങ്ങളില്ലാതെ എല്ലാവരും അതിൽ ലയിച്ചു ചേരുന്നു. 'അറിയപ്പെടുന്ന, ആൾക്ക് മാത്രമല്ല, അറിയപ്പെടാത്തവർക്കും അവിടെ ഇടമുണ്ട്. കത്തുപാട്ടുകളിലൂടെ നാട്ടിലേയ്ക്ക് വിരഹ വേദനകൾ അറിയിച്ച പഴയ തലമുറയുടെ പിൻഗാമികൾ , എഴുത്തിൽ പുതു മാനങ്ങൾ തേടുന്നു. ഭാവനയെ വാക്കിൽ കോർത്തു പിടിപ്പിക്കാനുള്ള വിദ്യയിൽ അവർ ചിലപ്പോൾ പരാജയപ്പെടുന്നുണ്ടാവാം. പൂർണ വിജയം എന്നത് സർഗാത്മക വിനിമയങ്ങളിൽ എപ്പോഴും സാധിക്കുന്ന കാര്യവുമല്ല. ജീവിച്ചതിന്റെ ചില അടയാളപെടുത്തലുകൾ എല്ലാവരും ആഗ്രഹിക്കുന്നു. ചിലർ വീടെടുത്ത്, ചിലർ പുസ്തകമിറക്കി. ഈ ഷാർജ ബുക്ക് ഫെയർ ഗിന്നസ് ബുക്ക് റിക്കോർഡിനു വേണ്ടി കൂടുതൽ എഴുത്തുകാർ ഒന്നിച്ച് പുസ്തകങ്ങൾക്ക് ഒപ്പിടുന്ന ആ ചടങ്ങ്, വിരസമായ ക്യൂ ആയിരിന്നിട്ടു പോലും എഴുത്തുകാർ സഹകരിച്ചു. കാരണം , അത് അത്രമേൽ പ്രധാനപെട്ടതായി അവർക്ക് തോന്നിയിരിക്കണം. എത്രയോ ഭാഷയിലെ പുസ്തകങ്ങൾ, എത്രയോ ദേശപ്രതിനിധാനങ്ങൾ. അവർ ഒന്നിച്ച് അവരുടെ ആത്മാവിഷ്കാരങ്ങൾക്ക് ഒപ്പു ചാർത്തുകയാണല്ലൊ.

thaha

ആ ഇരിപ്പിൽ എന്റെ തൊട്ടു മുന്നിൽ ഇരുന്ന വയോധികനായ അറബിയുടെ മുന്നിൽ ഒരു ഇംഗ്ലീഷ് പുസ്തകമുണ്ടായിരുന്നു. UA E MARITIME HERITAGE എന്നാണ് ശീർഷകം. അബ്ദുള്ള മുഹമ്മദ് സുലൈമാൻ ഫുജൈറയിലെ കടലനുഭവങ്ങളാണ് പറയുന്നത്. മത്സ്യത്തൊഴിലാളികൾ പരമ്പരാഗതമായി ഉപയോഗിക്കുന്ന മത്സ്യബന്ധന ഉപകരണങ്ങളുടെ ചിത്രസഹിതമുള്ള ഈ പുസ്തകം എഡിറ്റ് ചെയ്തത് അദ്ദേഹത്തിന്റെ മകളാണ്, മോനാ അലാലി. ചെറുതെങ്കിലും തീർച്ചയായും മൂല്യവത്തായ ഒരു രേഖപ്പെടുത്തലാണ് ഈ പുസ്തകം. ജീവിതമെഴുതുന്ന ആൾ എന്ന നിലയിൽ എനിക്ക് ഇതേറെ പ്രിയപെട്ടതായി തോന്നി. അനുഭവങ്ങളുടെ ഒരു തീരം തൊട്ടുന്നതു പോലെ തോന്നി ആ പുസ്തകം തൊട്ടപ്പോൾ. ആ പുസ്തകത്തിൽ മൊനാ അൽ അലി എഴുതി,to thaha,wish you enjoyable Reading. അതിന് ചുവടെ ഒപ്പിട്ടത്, മൊനായുടെ ഉപ്പയാണ്. ഉപ്പയോടുള്ള കരുതൽ അതിലുണ്ടായിരുന്നു. ഫുജൈറയിൽ നിന്ന് ഷാർജ ബുക്ക് ഫെയറിലേക്ക് തന്റെ വാപ്പയുടെ അനുഭവമുദ്രകളുടെ പുസ്തകവുമായി വന്ന മൊനാ അൽ അലി ഒരു പ്രതീകമാണ്. ഓർഹാൻ പാമൂക്കിന്റെ സാന്നിധ്യത്തേക്കാൾ, തീർച്ചയായും അതേറെ വിലപ്പെട്ടതാണ്,ഈ വാപ്പയും മകളും ഒരു പുസ്തകസ്നേഹി എന്ന നിലയിൽ എന്നെ പ്രചോദിപ്പിച്ചു. ചെറുതുകളിൽ നിന്നാണ് മഹത്തായ പ്രചോദനങ്ങൾ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com